Connect with us

International

മാലെദ്വീപില്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിത ജയം; യസ്മീനെ തോല്‍പ്പിച്ച് മുഹമ്മദ് ഇബ്‌റാഹിം സ്വാലിഹ് പ്രസിഡന്റ് പദത്തിലേക്ക്

Published

|

Last Updated

മാലെ: മാലദ്വീപിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹിന് അപ്രതീക്ഷിത മിന്നും ജയം. മുന്‍ പ്രസിഡന്റ് അബ്ദുല്ല യസ്മീനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരമുറപ്പിച്ചിരിക്കുന്നത്. മൊത്തം രേഖപ്പെടുത്തിയ വോട്ടുകളില്‍ 134,616 വോട്ടുകള്‍ മുഹമ്മദ് സ്വാലിഹ് നേടിയപ്പോള്‍ അബ്ദുല്ല യസ്മീന് 96,132 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. വിമതരെയും പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും അടിച്ചൊതുക്കുന്ന സമീപനം സ്വീകരിച്ച അബ്ദുല്ല യസ്മീന് രാജ്യത്തെ ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
തന്റെ പരാജയം സമ്മതിച്ച മുഹമ്മദ് യസ്മീന്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മാലെ ജനത അവര്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തിരിക്കുന്നു. തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുകയും ചെയ്യുന്നുവെന്നും മുഹമ്മദ് യസ്മീന്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പുതിയ പ്രസിഡന്റിനെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മുഹമ്മദ് യസ്മീന്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ചൈനയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു.

വിജയവാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ഇബ്‌റാഹിം സ്വാലിഹ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം വ്യക്തവും ഉറച്ചതുമാണ്. മാലെദ്വീപിലെ ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ സമാധാനവും സ്വസ്ഥതയും താത്പര്യപ്പെടുന്നു. അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം ലോകത്തിന് നല്‍കുന്ന സന്ദേശമെന്നും തലസ്ഥാനമായ മാലെയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരുവില്‍ അദ്ദേഹത്തിന് അഭിനന്ദനമറിയിച്ച് പതിനായിരക്കണക്കിന് ആളുകള്‍ സന്തോഷപ്രകടനം നടത്തി.

ജനാധിപത്യത്തിലൂന്നി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ മാലെദ്വീപിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ വീണ്ടും മുഹമ്മദ് യസ്മീന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നതെങ്കിലും എല്ലാ സങ്കല്‍പ്പങ്ങളെയും കാറ്റില്‍പ്പറത്തിയാണ് പ്രതിപക്ഷം വിജയം ഉറപ്പിച്ചിരിക്കുന്നത്.

മുഹമ്മദ് ഇബ്‌റാഹിം സ്വാലിഹ്
മാലെയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊന്ന്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം രാജ്യത്ത് ജനാധിപത്യ പരിഷ്‌കരണങ്ങള്‍ക്ക് ആവശ്യപ്പെട്ടുവരികയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് അദ്ദേഹം. മാല്‍ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എം ഡി പി)യുടെ പാര്‍ലിമെന്ററി നേതാവായി അദ്ദേഹം 2011 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Latest