Connect with us

International

ട്രംപിന്റെ സുപ്രീം കോടതി നോമിനിക്കെതിരെ വീണ്ടും ലൈംഗികാരോപണം

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കാവനോഗിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അടുത്തിടെ വരെ സുപ്രീം കോടതി ജഡ്ജി സ്ഥാനം ഉറപ്പിച്ച അദ്ദേഹം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. യേല്‍ യൂനിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ദിബോറ റാമിറേസ് എന്ന സ്ത്രീയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സഹപാഠികളുമൊത്തുള്ള പരിപാടിക്കിടെ ബ്രെറ്റ് കവനോഗു അദ്ദേഹത്തിന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണവും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. 21 അംഗ സെനറ്റ് ജുഡീഷ്യന്‍ കമ്മിറ്റിയുടെ സമ്മതവും ഇതിന് ശേഷം മുഴുവന്‍ സെനറ്റിന്റെയും അനുമതിയും ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയാകാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞയാഴ്ച പ്രൊഫസര്‍ ക്രിസ്റ്റ്യന ബ്ലാസ് ഫോര്‍ഡ് ഇദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. 1980കളില്‍ തന്നെ ബ്രെറ്റ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അവരുടെ ആരോപണം. വരുന്ന വ്യാഴാഴ്ച ഇതുസംബന്ധിച്ച് സെനറ്റിന് മുമ്പാകെ വിശദീകരണം നല്‍കാനും അവര്‍ തയ്യാറായിട്ടുണ്ട്.