Connect with us

Prathivaram

മഞ്ഞക്കിളികള്‍ പറക്കും നീലാകാശത്തിന് കീഴെ വഞ്ചിമനുഷ്യരുണ്ടായിരുന്നു

Published

|

Last Updated

തെരുവിന്റെ ഒത്ത നടുക്കായി, മഴ പെയ്തും ചാലു കീറിയും ടാറിളകി ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരുന്ന, ആ റോഡ് മൂന്നായി പിരിയുന്നിടത്ത്, ഒന്ന് രണ്ട് തെരുവുവിളക്കുകള്‍ വെളിച്ചം പരത്തിക്കൊണ്ടു നിന്നിരുന്നു. പാതക്കിരുവശവും നിരയായി നില്‍ക്കുന്ന കടമുറികള്‍ മിക്കതും അടച്ചു കഴിഞ്ഞിരുന്നു. തെല്ലകലെയായി, ഒരു കടമുറിയില്‍ നിന്നായിരിക്കണം, നേര്‍ത്ത പ്രകാശം പുറത്തേക്ക് വീണുകിടന്നത് കണ്ടപ്പോള്‍ കത്തിക്കാളുന്ന വയറില്‍ അല്‍പ്പം കുളിരു വീണ പോലെ അവനു തോന്നി.

വെളിച്ചം കണ്ടയിടത്തേക്ക് വേച്ചുവേച്ചു നടക്കവെ ഈ നിമിഷം തളര്‍ന്നീ വഴിയില്‍ വീഴുമെന്ന് ഓരോ ചുവടിലും അവന്‍ ഭയന്നു. നനഞ്ഞും പിന്നെ വെയിലേറ്റും നരച്ച് മുഷിഞ്ഞ് പോയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ബോട്ടില്‍ നിന്നിറങ്ങിയ തന്നെ ചേര്‍ത്തുനിര്‍ത്തി എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് ഒരാള്‍ കീശയിലിട്ടുതന്ന കുറച്ചു കാശിനൊപ്പം ഉപ്പുതരികളും അവന്റെ കൈയില്‍ തടഞ്ഞു. വിശപ്പിനെ കുറിച്ച് മാത്രമോര്‍ത്താണ് നടന്നിരുന്നതെങ്കിലും പൊടുന്നനെ പിന്നിട്ട മാസങ്ങള്‍- ആശങ്കയും ഭീതിയും നിറഞ്ഞ ഒരു ചെറുതുരുത്ത് പോലുമില്ലാതെ കടല്‍ മാത്രം കണ്ടുകഴിഞ്ഞ ആ കറുത്ത രാപ്പകലുകള്‍- ഒരു പേടിസ്വപ്‌നം കണക്കെ അവന്റെ മനസ്സിലേക്കോടിയെത്തി.

എന്തൊക്കെയാണ് തന്റെ ജീവിതത്തില്‍ ശാന്തമായ കടല്‍പ്പരപ്പില്‍ ഒരു നിമിഷം കൊണ്ടുയര്‍ന്ന സുനാമിത്തിര പോലെ ഒട്ടും നിനച്ചിരിക്കാതെ സംഭവിച്ചത്?

രാഖിനയിലെ തങ്ങളുടെ ക്യാമ്പില്‍ നിരയായും വരിയായും പരസ്പരം തൊട്ടുകിടക്കുന്ന തമ്പുകളില്‍ വയറു നിറച്ചുണ്ണുന്ന നാളുകള്‍ വിരളമായിരുന്നെങ്കിലും, കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ പരക്കുമ്പോഴും പട്ടാളത്തിന്റെ പരിശോധനകള്‍ നടക്കുമ്പോഴുമൊഴിച്ച്, എന്നും സന്തോഷം കളിയാടിയിരുന്നു. തമ്പുകളുടെ ക്യാന്‍വാസ് കൊണ്ടോ കീറിയ ചാക്കുകള്‍ കൊണ്ടോ (പലപ്പോഴും തുണികള്‍ കൊണ്ടും) നിര്‍മിച്ച ചുവരുകള്‍ ഇരുവശത്തും മതിലു തീര്‍ക്കുന്ന, ഇടുങ്ങിയ വഴികളില്‍ ഞങ്ങള്‍ കുട്ടികള്‍ ആഹ്ലാദത്തോടെ ഓടിക്കളിച്ചിരുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന റാഹേലും ചിലപ്പോള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടി (അവന്‍ സ്വദേശിയായത് കൊണ്ടാണ് സ്‌കൂളില്‍ പോകാന്‍ പറ്റുന്നതെന്ന് ഉപ്പൂപ്പ പറഞ്ഞിരുന്നു. എന്തുകൊണ്ട് എനിക്കും സ്വദേശിയാവാന്‍ പറ്റിയില്ല. അവന്‍ എന്നേക്കാള്‍ ഒരു വയസ്സിനിളയതാണല്ലൊ. ചേരിയില്‍ താമസിക്കുന്നത് കൊണ്ടാവുമോ? അല്ലെങ്കില്‍ അതിന് പണം ചെലവാക്കേണ്ടതുണ്ടോ?). അവന്‍ ഇംഗ്ലീഷിലെ നാല് അക്ഷരങ്ങള്‍ എനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. പിന്നെ ബര്‍മീസില്‍ എന്റെ പേരെഴുതാനും മറ്റും…

വെള്ളിയാഴ്ചകളില്‍, ഞങ്ങളുടെ ക്യാമ്പിന് ഒത്തനടുക്കായുള്ള പള്ളിയില്‍- അതിന്റെ ചുവരുകളില്‍ ക്യാന്‍വാസിന് പുറമെ ഉറുമാലുകള്‍ കൊണ്ടലങ്കരിച്ചിരുന്നു- ജുമുഅ നിസ്‌കാരത്തിന് ഇമാമായി നില്‍ക്കുന്ന ഉപ്പൂപ്പയുടെ പിറകില്‍, ഞങ്ങള്‍ മുഷിഞ്ഞിട്ടില്ലാത്ത ഒരേയൊരു വസ്ത്രം ധരിച്ച് നിസ്‌കരിച്ചു. ഞായറാഴ്ചകളില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് കളിക്കാന്‍ കഴിയാറില്ല. ഹെലികോപ്ടറുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ താഴേക്കിടുന്ന അന്ന് അത് ശേഖരിക്കാനായി മുതിര്‍ന്നവര്‍ക്കൊപ്പം ഞങ്ങളും കൂടും. ആ ഒരൊറ്റയവസരത്തില്‍ മാത്രമാണ് തൊട്ടടുത്ത തമ്പുകാര്‍ പോലും പരസ്പരം ശത്രുക്കളെ പോലെ തുറിച്ചുനോക്കുന്നതും വിരളമായെങ്കിലും വഴക്കിടുന്നതും ഞാന്‍ കണ്ടിട്ടുള്ളത്. എങ്കിലും പലപ്പോഴായി ഒഴിഞ്ഞ പാത്രവുമായി അയല്‍പ്പക്കത്ത് പ്രതീക്ഷയോടെ ചെല്ലുന്ന ഉമ്മാമയുടെ തട്ടത്തുമ്പില്‍ പിടിച്ചനുഗമിക്കുന്ന എനിക്ക് ഉള്ളതില്‍ നിന്നും പകുത്ത് കൊടുക്കുകയും പിന്നെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്യുന്ന സഹവാസികളെ കാണാന്‍ കഴിഞ്ഞു.

പൊടിമീശക്ക് പിറകെ താടിയും മുളച്ചു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ക്കൊപ്പം കളിക്കുന്നത് നിര്‍ത്തി ജ്യേഷ്ഠന്‍ ഉപ്പാക്കൊപ്പം റോഡുപണിക്ക് പോയി തുടങ്ങിയിരുന്നു. കുഞ്ഞനിയത്തി എല്ലായ്‌പ്പോഴും വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു. ആറ് വയസ്സ് കഴിഞ്ഞിട്ടും, നടക്കാനാവാത്ത വിധം വളര്‍ച്ച മുരടിച്ചതായിരുന്നു അവളുടെ ശരീരം. ഒരിക്കല്‍ ഏതോ നാട്ടില്‍ നിന്ന് വന്ന പത്രക്കാര്‍ അവളുടെ ചിത്രമെടുത്തു. ഉപ്പൂപ്പ അന്നവരോട് ബര്‍മീസും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഏറെ നേരം സംസാരിച്ചിരുന്നു. പോഷകാഹാരക്കുറവാണ് അവളുടെ വാരിയെല്ലുകള്‍ എഴുന്നും വയര്‍ വീര്‍ത്തും നില്‍ക്കാന്‍ കാരണമെന്നവര്‍ പറഞ്ഞുവത്രെ! ഞങ്ങളുടെ ചേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ ഹോട്ടലിന് പിന്നിലെ അവശിഷ്ടങ്ങള്‍ തള്ളുന്ന വീപ്പകള്‍ക്കരികില്‍ കടിച്ചാല്‍ പൊട്ടുന്നതെന്തും തേടി കാത്തിരിക്കുന്നവരാണ് ഇവിടുത്തെ കുഞ്ഞുങ്ങള്‍ എന്നതോര്‍ത്തിട്ടാവണം, അന്നേരം ഉപ്പൂപ്പ ഒരുണങ്ങിയ ചിരി മാത്രം നല്‍കി അവരെ വെറുതെ വിട്ടത്!

ഞങ്ങള്‍ ഏറെ സന്തോഷവാന്മാരായിരുന്നു. റമസാനിലും പെരുന്നാള്‍, മീലാദ് ദിനങ്ങളിലും ഞങ്ങളുടെ ക്യാമ്പ് നടക്കാനാവാത്ത വിധം ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് നിറഞ്ഞു. അതെ, ഞങ്ങള്‍ മറ്റേതു നാട്ടിലെയും ചേരിനിവാസികളേക്കാള്‍ ഭാഗ്യവാന്മാരായിരുന്നു. പക്ഷെ എത്ര പെട്ടെന്നാണ് ഞങ്ങളുടെ സൈ്വര്യജീവിതത്തിലേക്ക് ആ കരിനിഴല്‍ വന്നുമൂടിയത്!! ഞങ്ങളുടെ സന്തോഷത്തിന്റെ കെടാതിരി അണച്ചുകളഞ്ഞ ആ കാറ്റ് ആദ്യം വീശിയപ്പോള്‍ ഞങ്ങളതിനെ അവഗണിച്ചു. കാരണം, വര്‍ഷംതോറും ഒന്നോ രണ്ടോ തവണ ആ ഭീഷണി ഉയരുകയും പിന്നെ തണയുകയും ചെയ്യുന്നത് പതിവ് ചര്യയായി മാറിയിരുന്നു.

പക്ഷെ പിന്നീട് കുടിയൊഴിപ്പിക്കലിന്റെ ആ കൊടുങ്കാറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ അടിച്ചുവീശി. ഞങ്ങളുടെതടക്കം നിരവധി അഭയാര്‍ഥി ക്യാമ്പുകളില്‍ സൈന്യം- ചിലപ്പോള്‍ ചുവപ്പണിഞ്ഞ തലമുണ്ഡനം ചെയ്ത ബുദ്ധഭിക്ഷുക്കളും- കയറിയിറങ്ങുമ്പോഴേക്കും നല്ലതായി യാതൊന്നും അവിടങ്ങളില്‍ അവശേഷിച്ചിരുന്നില്ല. ഉറക്കം നഷ്ടപ്പെട്ടതിന് ശേഷം പലരുടെയും ജീവനും നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ചുമടുകളൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ പലായനം തുടങ്ങി. ഉള്‍ക്കൊള്ളാനാവുന്നതിലധികം ആളുകളോട് കൂടിയ വലിയ പരന്ന വഞ്ചികളില്‍ വടക്കുനോക്കി യന്ത്രമോ ഭൂപടമോ, എന്തിന് തുഴകള്‍ പോലുമില്ലാതെയും എന്നെങ്കിലും തല ചായ്ക്കാനൊരിടം ലഭിക്കുന്ന ഒരു കരയില്‍ ചെന്നടിയുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ പ്രയാണം തുടര്‍ന്നു.

എത്രനാള്‍.. എത്ര രാപ്പകലുകളങ്ങനെ ഒഴുകി നടന്നുവെന്നറിയില്ല. ഹെലികോപ്ടറുകള്‍ പഴയപോലെ ഞങ്ങള്‍ക്ക് ഭക്ഷണവുമായെത്തി. പക്ഷെ ആ വരവുകള്‍ക്കിടയില്‍ ദൈര്‍ഘ്യമേറെയുണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍ തുടങ്ങിയ ഞങ്ങളുടെ യാത്രയില്‍ പിന്നെ വിരുന്നെത്തിയ മഴ ആദ്യമാദ്യം ചൂടില്‍ നിന്നൊരാശ്വാസമായെങ്കിലും പതിയെ ഭീകരരൂപം പൂണ്ട് ഞങ്ങളുടെ പുറത്തും അകത്തും സംഹാരതാണ്ഡവമാടി. അങ്ങനെയൊരു ഘോരമഴ പെയ്ത സായാഹ്നത്തിലാണ് പൊടുന്നനെ ഞങ്ങളുടെ വഞ്ചി രണ്ടായി പിളര്‍ന്നത്. കൈയില്‍ തടഞ്ഞ തകര്‍ന്ന വള്ളത്തിന്റെ മരപ്പലകയില്‍ പിടിച്ച് മരണം മുന്നില്‍ കണ്ടൊഴുകി നടന്ന ഒരു രാത്രിക്ക് ശേഷം ഒരു മത്സ്യബന്ധന ബോട്ടിലുള്ളവര്‍ തന്നെ കണ്ടെത്തുമ്പോള്‍ കൈയൊന്നുയര്‍ത്താന്‍ പോലുമാവാത്ത വിധം തളര്‍ന്നിരുന്നു.

ഏറെ നേരത്തെ ഉറക്കത്തിനൊടുവില്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കൂടിനിന്നവര്‍ പറയുന്നതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല. രണ്ട് ദിവസത്തിന് ശേഷം ബോട്ട് തീരത്തണയുമ്പോള്‍ ഏറെ സന്തോഷത്തിലാണെന്നവരുടെ മുഖം വിളിച്ചോതി. പിടക്കുന്ന മീനുകള്‍ക്കിടയില്‍ പൂണ്ടുപോയിരുന്നു എന്റെ കാലുകള്‍…

ആരോ വാങ്ങിത്തന്ന ചായയും കഴിച്ച് നേരെ നടന്നതാണ്, എങ്ങോട്ടെന്നറിയാതെ.. ഇനിയെനിക്കെന്റെ ഉറ്റവരെ കണ്ടുപിടിക്കണം. ഉപ്പാ, ഉമ്മാ.. ഞാനിതാ വരുന്നു. എന്നെപ്പോലെ ഏതൊക്കെയോ തീരത്ത് നിങ്ങള്‍ സുരക്ഷിതമായണഞ്ഞിട്ടുണ്ടാവുമെന്നെനിക്കറിയാം. എത്രയും പെട്ടെന്നെനിക്ക് നിങ്ങള്‍ക്കരികിലെത്തണം. അതിന് മുമ്പ് എന്റെ വിശപ്പടക്കാന്‍ വേണ്ടിയൊരിത്തിരി നേരം ഞാന്‍ നിങ്ങളെ മറന്നോട്ടെ..

കണ്ണുകള്‍ക്ക് മേല്‍ കാഴ്ച മറച്ചു വന്നുമൂടിയ നീര്‍പ്പാടയിലൂടെ തൊട്ടുമുന്നില്‍ ആ വെളിച്ചമവന്‍ കണ്ടു. കണ്ണുകള്‍ തുടച്ചുനോക്കവെ, മുന്നില്‍ കടക്കു പകരം ഒന്നരയാള്‍ പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നൊരു ഫഌക്‌സും അതില്‍ പുഞ്ചിരി പൊഴിച്ച് പന്തുതട്ടുന്ന ഒരാളെയും മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ.. അപ്പോഴേക്കും കണ്ണുകളടഞ്ഞ് ആ കൂറ്റന്‍ ഫഌക്‌സിന് കീഴെ അവന്‍ തളര്‍ന്നുവീണിരുന്നു. രാഖിനെയിലെ അവരുടെ ക്യാമ്പില്‍ വിശാലമായ മൈതാനങ്ങളും അതുകൊണ്ടുതന്നെ കാല്‍പ്പന്തുകളിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാവണം ആ ഫഌക്‌സിന് അവന്റെ വിശപ്പകറ്റാനാവാതിരുന്നത്. റോഹിംഗ്യന്‍ സഹോദരങ്ങളെ.. ഞങ്ങള്‍ക്ക് മാപ്പ് തരൂ..
.

Latest