Connect with us

Articles

ശിയാ രാഷ്ട്രീയം; ചില പുതുവത്സര ചിന്തകള്‍

Published

|

Last Updated

ന്യൂ ഇയര്‍ ആഘോഷിക്കേണ്ടത് ഡിസംബര്‍ 31ന് അര്‍ധരാത്രിയാണെന്ന വേരുറച്ച് പോയ പൊതു ബോധം പിഴുതുമാറ്റാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ചില സുഹൃത്തുക്കള്‍ കാര്യമായി ശ്രമിക്കുന്നത് കണ്ടു. ക്രിസ്തുവര്‍ഷത്തെ പോലെ ലോകത്ത് അനവധിയായ കലണ്ടറുകളുണ്ടെന്നും ഓരോ മത, സാംസ്‌കാരിക സമൂഹത്തിനും അവരവരുടെ കാലഗണനയുണ്ടെന്നും അവയൊക്കെ അവരവര്‍ ആഘോഷിക്കേണ്ടതാണെന്നുമുള്ള ഉയര്‍ന്ന ജനാധിപത്യ ബോധത്തിലേക്ക് അത്തരം ചില ചര്‍ച്ചകള്‍ വികസിക്കുകയുണ്ടായി. ഹിജ്‌റ വര്‍ഷം 1440 പിറന്നതിന്റെ ആഹ്ലാദം പങ്കുവെച്ചു കൊണ്ടാണ് ഈ ചര്‍ച്ച ഇത്തവണ ചൂടുപിടിച്ചത്. മുഹര്‍റം പുതുവത്സരത്തിന്റെ പ്രതീക്ഷകള്‍ കൊണ്ടും പ്രതിജ്ഞകള്‍ കൊണ്ടും മാത്രമല്ല അലംകൃതമായിരിക്കുന്നത്. അതില്‍ കര്‍ബലയുടെ ഒടുങ്ങാത്ത വേദനയുണ്ട്്. കഅ്ബാ ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മകളുമുണ്ട്. ഹിജ്‌റാബ്ദം 15ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ച മുഹര്‍റം ഒന്ന് കഅ്ബാ ഉപരോധത്തിന്റെ ഭീതിയാല്‍ അടയാളപ്പെട്ടതായിരുന്നു. ജുഹയ്മാന്‍ അല്‍ ഉതൈബിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ചയിലേറെയാണ് ഹാജിമാരെ ബന്ദികളാക്കിയത്. അന്ന് സഊദി ഭരണകൂടം അതിശക്തമായ സൈനിക ദൗത്യത്തിലൂടെ ഉപരോധക്കാരെ കീഴടക്കി. അതേവര്‍ഷം (1979) തന്നെയാണ് ഇറാനില്‍ ഖുമൈനിയുടെ നേതൃത്വത്തില്‍, ഇസ്‌ലാമിക വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട ശിയാ രാഷ്ട്രീയ മുന്നേറ്റവും സാധ്യമായത്. അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹത്തെ അതിവൈകാരിക സ്വയം പീഡന പ്രദര്‍ശനമാക്കി മാറ്റിയ ഒരു വിഭാഗം ശിയാക്കള്‍ ഇന്നും മുഹര്‍റത്തെ ചോര കൊണ്ട് പങ്കിലമാക്കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മുഹര്‍റത്തിലെ സംവാദങ്ങള്‍ ശിയാ രാഷ്ട്രീയത്തിന്റെ കാണാവഴികളിലേക്ക് കൂടി കടന്ന് ചെല്ലേണ്ടിയിരിക്കുന്നു.

ആധുനിക ഇറാന്റെ ഇടപെടലുകളും നിലപാടുകളും വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും ശിയാ രാഷ്ട്രീയത്തിന്റെ മുന്‍ഗണനകള്‍ വ്യക്തമാകും. മതത്തിന്റെ കന്തൂറയണിഞ്ഞ രാഷ്ട്രീയ പ്രയോഗമായിരുന്നു സലഫിസം. ഭൗമരാഷ്ട്രീയത്തില്‍ സഊദിയുടെ സ്ഥാനം അതാണ് വിളിച്ചു പറഞ്ഞത്. പുതുതലമുറ ഭരണകര്‍ത്താക്കള്‍ എത്ര തള്ളിപ്പറഞ്ഞാലും ആ സത്യം മറയ്ക്കപ്പെടില്ല. അതുപോലെ, ശിയാ ആശയധാരയില്‍ വിശ്വാസത്തെക്കാളും മതപരമായ ആവിഷ്‌കാരങ്ങളെക്കാളും രാഷ്ട്രീയം മുന്നിട്ടു നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് 1979ന് ശേഷമുള്ള ഇറാന്റെ ചരിത്രം തെളിയിക്കുന്നത്. അധികാരം പിടിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള ത്വര ശിഈസത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. അതിനായി ആരുമായും കൂട്ടുകൂടാനും എവിടെ വേണമെങ്കിലും ശൈഥില്യം വിതക്കാനും തിരശ്ശീലക്ക് പിന്നില്‍ നിന്ന് കരുക്കള്‍ നീക്കാനും ശിയാ നേതൃത്വത്തിന് മടിയില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ വായനയില്‍ അഭിരമിച്ച് മതരാഷ്ട്രവാദം ഉത്പാദിപ്പിക്കുന്ന മൗദൂദികളും ഇഖ്‌വാനികളുമെല്ലാം ശിയാക്കളോട് മൃദു സമീപനം പുലര്‍ത്തുന്നത് ശിയാ രാഷ്ട്രീയവുമായി അവരുടെ പ്രത്യയശാസ്ത്രത്തിനുള്ള സമാനത കൊണ്ടാണ്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലത്ത് അലി (റ)വിന് ദിവ്യത്വം കല്‍പ്പിച്ച് രംഗത്ത് വരികയും ഖലീഫാ പദവി അലിയില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് വാദിക്കുകയും ചെയ്തവര്‍ അധികാരനഷ്ടത്തെ കുറിച്ചാണല്ലോ സംസാരിച്ചത്. അലി (റ)യെ മുന്‍നിര്‍ത്തി വൈകാരികതകള്‍ പടച്ചുവിടുക വഴി അധികാര കേന്ദ്രങ്ങളിലേക്ക് പാത വെട്ടാനാകുമോ എന്നാണ് ശീഇസം ആരാഞ്ഞത്. ആത്മീയ വായന എന്തുതന്നെയായാലും അതിന്റെ ഭൗതിക ആവിഷ്‌കാരം അധികാരത്തിന്റെതായിരുന്നു. ആയത്തുല്ലകള്‍ക്ക് നല്‍കുന്ന അപ്രമാദിത്വം അടക്കമുള്ള എല്ലാ അത്യാരാധനകളും അധികാര ഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ശിഈസം ലോകത്താകെ പടര്‍ത്താനുള്ള രാഷ്ട്രീയ ദൗത്യത്തിലാണ് ആധുനിക ഇറാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇറാഖിലേക്ക് തന്നെയാണ് ആദ്യം നോക്കേണ്ടത്. സദ്ദാമിനെ അമേരിക്ക തൂക്കിലേറ്റിയപ്പോള്‍ ഇറാഖ് ഭരിച്ചത് നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള പാവ സര്‍ക്കാറായിരുന്നു. സദ്ദാമിന്റെ മരണം ഏറ്റവും ക്രൂരമായ നിലയില്‍ ആഘോഷിക്കുകയായിരുന്നു അന്ന് ഇറാനും ഇറാഖിലെ ഭരണകൂടവും. ദുജൈല്‍ കൂട്ടക്കൊലയടക്കം ശിയാ സമൂഹത്തിനെതിരെ സദ്ദാം ഹുസൈന്‍ നടത്തിയ ക്രൂരതകളുടെ ഓര്‍മയില്‍ നിന്നാണ് എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളും മറന്ന് വെറും വംശീയഭ്രാന്തന്‍മാരായി നൂരി അല്‍മാലികിയും കൂട്ടരും അധഃപതിച്ചത് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഇറാന്റെ കൈകളില്‍ സദ്ദാമിനെക്കാളേറെ ചോര പുരണ്ടിരിക്കുന്നു. മുസ്‌ലിം ഐക്യത്തിനായി എത്ര അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തിയാലും ആ ചോരക്കറ മായ്ക്കാനാകില്ല. സാമ്രാജ്യത്വത്തിന്റെ കളിപ്പാവയായിരുന്നു സദ്ദാം ഒരു കാലത്ത്. ശിയാ- സുന്നി വംശീയ സ്പര്‍ധ ആളിക്കത്തിക്കാന്‍ അമേരിക്കയൊരുക്കിയ കുതന്ത്രങ്ങളില്‍ മൂക്കു കുത്തി വീണ കാലത്താണ് സദ്ദാം ശിയാ ഉന്‍മൂലനത്തിന്റെ ക്രൗര്യം പുറത്തെടുത്തത്. ഈ സ്പര്‍ധയില്‍ ഇറാന്റെ പങ്കെന്തായിരുന്നു? ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ ഇറാഖ് അതിന്റെ ഗതകാല പ്രതാപത്തിലേക്ക് വരുന്നത് ഇറാന് സഹിക്കുമായിരുന്നില്ല. 65 ശതമാനം ശിയാക്കളുള്ള ഇറാഖ് ഭരിക്കേണ്ടത് ഇറാന്റെ നിയന്ത്രണത്തിലുള്ള നേതാക്കളായിരിക്കണമെന്ന ശാഠ്യമാണ് ആ രാജ്യത്തെ ഇങ്ങനെ ശിഥിലമാക്കിയത്. 1979ല്‍ ഇറാനില്‍ നടന്നത് ഇസ്‌ലാമിക വിപ്ലവമായിരുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് സദ്ദാം എന്ന നേതാവിന്റെ കീഴില്‍ ഇറാഖ് ശക്തിയാര്‍ജിക്കുന്നതിനെയും സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നതിനെയും പിന്തുണക്കുകയായിരുന്നു.

പക്ഷേ അത്തരമൊരു വിശാലതയിലേക്ക് ഉണരാന്‍ മാത്രം വിപ്ലവകരമായിരുന്നില്ല ഇറാനിലെ വിപ്ലവം. അത് ശിയാ വിപ്ലവം മാത്രമായി അധഃപതിച്ചതിന്റെയും സ്വാധീനമുറപ്പിക്കാനായി ഇറാന്‍ ഭരണാധികാരികള്‍ നിരന്തരം കുത്തിത്തിരിപ്പുകള്‍ സൃഷ്ടിച്ചതിന്റെയും ഉത്പന്നമാണ് ഇന്ന് മേഖലയിലാകെ കാണുന്ന സംഘര്‍ഷങ്ങള്‍. ആയത്തുല്ലാ ഖുമൈനി ഇറാനെ ആധുനികവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. സുപ്രീം കൗണ്‍സില്‍ എന്ന ജനാധിപത്യവിരുദ്ധമായ സംവിധാനമുണ്ടെങ്കിലും അവിടെ ജനായത്തത്തിന്റെ അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പാശ്ചാത്യവത്കരണത്തിന്റെ അപകടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് തദ്ദേശീയ പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കാനും വിപ്ലവം വഴിയൊരുക്കി. ഇതുവഴി നേടിയെടുത്ത കരുത്ത് പില്‍ക്കാലത്ത് വ്യയം ചെയ്തത് എന്തിന് വേണ്ടി എന്നതാണ് ചോദ്യം. ഇറാഖില്‍ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാന്‍ ആ കരുത്ത് വിനിയോഗിച്ചു. സിറിയയില്‍ ബശര്‍ അല്‍ അസദിനെ നിലനിര്‍ത്താന്‍ ആളും അര്‍ഥവും ഇറക്കി. യമനില്‍ ഹൂതികള്‍ക്കാണ് പിന്തുണ. ബഹ്‌റൈനില്‍ കലാപം വിതച്ചു. സഊദിക്കെതിരെ പലയിടങ്ങളില്‍ നിഴല്‍യുദ്ധം. ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളോടൊപ്പമാണ്. പാക്കിസ്ഥാനില്‍ മുഖ്യധാരയില്‍ ലയിക്കാനാകാത്ത ന്യൂനപക്ഷമാണ് ശിയാക്കള്‍.

ആരാണ് ഇസില്‍ സംഘത്തെ സൃഷ്ടിച്ചത്? സയണിസവും സാമ്രാജ്യത്വവും എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഇത്തരം ഏത് സംഘത്തിന്റെയും സൃഷ്ടിപ്പിന് ചില സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ പിന്‍ബലം വേണം. ഇസിലിന് ഈ പശ്ചാത്തലമൊരുക്കിയത് ഇറാഖില്‍ സദ്ദാമിനെ കൊന്നശേഷം അമേരിക്ക വാഴിച്ച നൂരി അല്‍മാലികിയാണ്. ഭരണകൂടത്തിന്റെ ശിയാവത്കരണത്തിന് മാത്രമാണ് അദ്ദേഹം ശ്രദ്ധവെച്ചത്. സുന്നിവിഭാഗത്തെ ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഇത് മൂസ്വിലിലെയും ഫലൂജയിലെയും ശിയേതര സമൂഹത്തെ അതൃപ്തരാക്കി. ഈ പഴുതിലൂടെയാണ് ഇസില്‍ തീവ്രവാദികള്‍ ശക്തി സംഭരിച്ചത്.

ഇറാഖില്‍ ഭൂരിപക്ഷ യുക്തി പറയുന്ന ഇറാന്‍ സിറിയയില്‍ അത്തരത്തില്‍ മിണ്ടില്ല. അവിടെ അലവി ശിയാ വിഭാഗക്കാരായ അസദ് കുടുംബം അധികാരം കൈയാളുന്നു. ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് ഈ വിഭാഗം. എന്നിട്ടും നേരത്തേ ഹാഫിസ് അല്‍അസദിനെയും ഇപ്പോള്‍ ബശര്‍ അല്‍അസദിനെയും താങ്ങി നിര്‍ത്താന്‍ പലതരം നീക്കുപോക്കുകള്‍ക്ക് ഇറാന്‍ തയ്യാറാകുന്നു. ലബനാനിലെ ഹിസ്ബുല്ലയെ അവിടെ സംരക്ഷണത്തിനിറക്കുന്നു. അമേരിക്കന്‍ വിരുദ്ധതയെന്ന പ്രതിച്ഛായയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചൈനയിലും റഷ്യയിലും ഇറാന്‍ നേടിയെടുത്ത സ്വാധീനശക്തി ഉപയോഗിച്ചാണ് അസദിനെ നിലനിര്‍ത്തുന്നത്. ആത്യന്തികമായി സിറിയയും അസ്തമിക്കുകയാണ്.

സഊദിയുമായി ഇറാന്‍ എക്കാലത്തും പരോക്ഷയുദ്ധത്തിലായിരുന്നു. 1979ലെ വിപ്ലവത്തിനും ഭരണ മാറ്റത്തിനും ശേഷം ഈ നിഴല്‍ യുദ്ധം രൂക്ഷമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍സഊദ് ഭരണകൂടത്തിനെതിരെ നടന്ന കലാപം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശത്രുതാപരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ചരിത്രത്തില്‍ വേരുകളുള്ള മതപരമായ ഭിന്നതകളോ ആദര്‍ശപരമായ പ്രശ്‌നങ്ങളോ ആയിരുന്നില്ല സഊദിയെ ഇറാന്റെ ശത്രുവാക്കിയത്. അത് അധികാര സംരക്ഷണത്തിന്റെ മാത്രം ഭാഗമായിരുന്നു. തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കലാപത്തെ സഊദി രാജാധികാരം ക്രൂരമായി അടിച്ചമര്‍ത്തി. എന്നാല്‍ ഇറാന്‍ നേതൃത്വം ഇതിനെ ആദര്‍ശ സംഘട്ടനമായി ചിത്രീകരിക്കുകയാണ് ചെയ്തത്. അതാണ് ശിയാ രാഷ്ട്രീയത്തിന്റെ പ്രൊപ്പഗാണ്ട മിടുക്ക്. “ഇര ഭാവം” എടുത്തണിയാന്‍ ഈ പ്രചാരണത്തിലൂടെ സാധിച്ചു. ഇറാനിലെ വിപ്ലവത്തിന് അത് ശക്തി പകര്‍ന്നു. 1987ല്‍ ഹജ്ജിനിടെ പ്രകടനം നടത്തി ശിയാക്കള്‍ ഒരിക്കല്‍ കൂടി സഊദി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. വെടിയുണ്ടകള്‍ക്ക് മുന്നില്‍ ഒടുങ്ങാനായിരുന്നു വിധി.

സഊദിയിലെ ശിയാസമൂഹത്തെ മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും സാന്നിധ്യമറിയിക്കാനും ഇറാന്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറ് അടക്കം 47 പേരെ വധശിക്ഷക്ക് വിധേയമാക്കിയ സഊദി 2016ല്‍ കനത്ത പ്രഹരം നല്‍കി ഇറാന്. ഒരിക്കല്‍ കൂടി ബന്ധവിച്ഛേദനം. യമനില്‍ ഹൂതികളെ ഇളക്കിവിട്ടാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. സഊദി യമന്‍ അതിര്‍ത്തി ഇപ്പോള്‍ അശാന്തമാണ്. പൊതുവേ ദരിദ്രമായ യമന്‍ അസ്ഥിരതയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ജി സി സി- ഖത്വര്‍ പ്രതിസന്ധിയിലും ഇറാന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഉപരോധം മറികടക്കാന്‍ ഇറാന്റെ മണ്ണ് ഉപയോഗപ്പെടുത്തുക വഴി ഖത്വര്‍- ഇറാന്‍ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നു.

സഊദിയുടെ പ്രതികരണങ്ങള്‍ നീതിയുക്തമാണെന്നോ പരിപക്വമാണെന്നോ അവകാശപ്പെടുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് പാക്കിസ്ഥാനില്‍ ശിയാ സുന്നി സംഘര്‍ഷമെടുക്കാം. ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശിയാക്കളുള്ള പാക്കിസ്ഥാനില്‍ 1975ന് ശേഷമാണ് മറ്റ് സമുദായങ്ങളുമായി ശിയാ വിഭാഗം സംഘര്‍ഷാത്മകമായ ബന്ധം തുടങ്ങിയത്. സിയാഉല്‍ ഹഖിന്റെ ശിയാവിരുദ്ധ സമീപനം ഇതില്‍ ഒരു ഘടകമായിട്ടുണ്ട്. എന്നാല്‍ ഇറാന്‍ വിപ്ലവത്തോടെ പാക്കിസ്ഥാനിലെ ശിയാക്കള്‍ക്കിടയില്‍ തീവ്രവാദ പ്രവണത ശക്തമായതാണ് യഥാര്‍ഥ കാരണം. സിപാഹി സബാഹ പോലുള്ള സംഘടനകള്‍ അക്കാലത്തിന്റെ സൃഷ്ടിയാണ്. പക്ഷേ ക്രൂരമായ പ്രതികരണങ്ങളാണ് വഹാബി അധിഷ്ഠിത തീവ്രവാദികളില്‍ നിന്ന് ശിയാ ഗ്രൂപ്പുകള്‍ നേരിടേണ്ടി വന്നത്. ഈ വഹാബി ഗ്രൂപ്പുകള്‍ക്ക് സഊദി സഹായമുണ്ടെന്നത് വസ്തുതയാണ്. ആ അര്‍ഥത്തില്‍ പാക്കിസ്ഥാനിലെ ശിയാ ന്യൂനപക്ഷം അരക്ഷിതരാണ്. വിപ്ലവാനന്തര ഇറാന്റെ സ്വാധീനമുറപ്പിക്കല്‍ നീക്കങ്ങളില്‍ നിന്ന് ഉണ്ടായതാണ് ഈ അന്യവത്കരണവും അരക്ഷിതാവസ്ഥയും. അഫ്ഗാന്‍ അധിനിവേശത്തില്‍ അമേരിക്കക്കൊപ്പമായിരുന്നു ഇറാന്‍.

ഇന്ത്യയില്‍ വിചിത്രമായ രാഷ്ട്രീയ സമീപനമാണ് ശിയാ വിഭാഗം കൈകൊള്ളുന്നത്. രാജ്യത്താകെ ഹിന്ദുത്വ ഫാസിസം സര്‍വസംഹാരിയായി നില്‍ക്കുമ്പോഴും ശിയാ ഗ്രൂപ്പുകള്‍ക്ക് ബി ജെ പിയെ പിന്തുണക്കാന്‍ സാധിക്കുന്നുവെന്നതാണ് വൈചിത്ര്യം. ഈ ബാന്ധവം ഏറ്റവും ദൃശ്യമായിട്ടുള്ളത് യു പിയിലാണ്. അവിടെ ബി ജെ പി നേടിയ മഹാഭൂരിപക്ഷത്തില്‍ ശിയാ സമൂഹത്തിന്റെ കൂടി വോട്ടുകളുണ്ട്. മുഖ്താര്‍ അബ്ബാസ് നഖ്‌വി ശിയാ ആണ്. ലക്‌നോയില്‍ അരങ്ങേറിയ വംശീയ സംഘര്‍ഷങ്ങളില്‍ ബി ജെ പി ശിയാ പക്ഷം ചേര്‍ന്നിരുന്നു. ലക്‌നോയില്‍ നിന്ന് മത്സരിച്ച രാജ്‌നാഥ് സിംഗിന്റെ പ്രചാരണ സംഘത്തില്‍ സജീവസാന്നിധ്യമായിരുന്നു ശിയാ നേതാവായ മൗലാനാ ജവാദ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത ബാബരി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു. പൊളിച്ചിടത്ത് പള്ളി പണിയേണ്ടതില്ലെന്നും മറ്റെവിടെയെങ്കിലും പുനര്‍ നിര്‍മിച്ചാല്‍ മതിയെന്നും ശിയാ വഖ്ഫ് ബോര്‍ഡ് നിര്‍ദേശിച്ചു. ബാബരി മസ്ജിദിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നും ശിയാ ബോര്‍ഡ് വാദിക്കുന്നു. ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിടുന്ന ഫാസിസ്റ്റ് യുക്തി തന്നെ ശിയാ നേതൃത്വം എടുത്തണിയുന്നതാണ് ഈ വിഷയത്തില്‍ കാണുന്നത്.

ഈ വൈരുധ്യം ശിയാ രാഷ്ട്രീയത്തിന്റെ എല്ലാ തിരിവുകളിലും കാണാനാകും. അതിലൊന്നാണ് ഇസ്‌റാഈലിനോടുള്ള സമീപനം. ഇസ്‌റഈല്‍ രൂപവത്കൃതമായപ്പോള്‍ തുര്‍ക്കിക്ക് പിറകേ തിടുക്കപ്പെട്ട് ഔദ്യോഗിക അംഗീകാരം നല്‍കിയ രാജ്യമാണ് ഇറാന്‍. അത് പഴയ ഇറാനല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി ഇസ്‌റാഈല്‍ പത്രമായ യദിയോത്ത് അഹ്‌റനോത് പറയും. ഇറാനിയന്‍ സര്‍ക്കാര്‍ ഇസ്‌റാഈല്‍ കമ്പനികളില്‍ വന്‍ മുതല്‍ മുടക്ക് നടത്തുന്നുവെന്നാണ് യദിയോത്ത് പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയില്‍ പറയുന്നത്. ഇസ്‌റാഈല്‍ നേവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഷിപ്പ്ബില്‍ഡിംഗ് കമ്പനിയില്‍ ഇറാന്‍ പൊതു മേഖലാ കമ്പനിക്ക് 4.5 ശതമാനം ഓഹരിയുണ്ട്. 200 ഇസ്‌റാഈല്‍ കമ്പനികള്‍ ഇറാനില്‍ വന്‍ മുതല്‍മുടക്ക് നടത്തിയിട്ടുണ്ടെന്ന് 2011ല്‍ ഹാരത്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയെല്ലാം ഈര്‍ജ മേഖലയിലാണ്. ഓഫര്‍ ബ്രദേഴ്‌സ് ഗ്രൂപ്പ് ഇതില്‍ പ്രധാനമാണ്. ഇറാനില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുതല്‍ മുടക്ക് നടത്തുന്നതില്‍ നിന്ന് ഇസ്‌റാഈല്‍ കമ്പനികളെ വിലക്കുന്ന നിയമം 2008ല്‍ നെസ്സറ്റ് പാസ്സാക്കിയിട്ടുണ്ട്. സമാനമായ നിയമം ഇറാന്‍ മജ്‌ലിസും പാസ്സാക്കി വെച്ചിട്ടുണ്ട്. ഇതൊക്കെ ശത്രുതാപ്രഖ്യാപനത്തിന്റെ എഴുതപ്പെട്ട തെളിവായി കടലാസില്‍ കിടക്കും. തുരങ്ക സൗഹൃദം പൊടിപൊടിക്കും. ടെഹ്‌റാനിലും ഇസ്ഫാഹാനിലുമെല്ലാം നിരവധി ജൂത ആരാധനാലയങ്ങള്‍ ഉണ്ട്. ടെഹ്‌റാനില്‍ മാത്രമുണ്ട് 200ലധികം സിനഗോഗുകള്‍. എന്നാല്‍ പ്രധാന നഗരങ്ങളില്‍ ഒരൊറ്റ സുന്നി പള്ളിപോലുമില്ല. ഗ്രാമങ്ങളിലുള്ള ആരാധനാലയങ്ങള്‍ ഒന്നൊന്നായി പൊളിച്ചു നീക്കുകയാണ്. സലഫിസം വ്യാപിക്കുന്നുവെന്നാരോപിച്ചാണ് നടപടി.

ഇനി അമേരിക്കന്‍ വിരുദ്ധതയുടെ കാര്യമോ? യു എസ് നേതാക്കളെല്ലാം ശിയാക്കളെ കണ്ടത് മതപരിഷ്‌കരണ വാദികളും വിപ്ലവകാരികളുമായാണ്. ഇറാന്‍ ഒരിക്കല്‍ പോലും അമേരിക്കയെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ സഊദി പൗരന്‍മാരായ സുന്നികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കാളികളാകുക വഴി അവരുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. സഊദിയെക്കാള്‍ വഴക്കസ്വഭാവവും ഉള്‍ക്കൊള്ളല്‍ ശേഷിയും പ്രകടിപ്പിക്കുന്നത് ഇറാനാണെന്ന ധാരണയും അമേരിക്കന്‍ ബുദ്ധിജീവികള്‍ക്കുണ്ട്. ഇറാനിയന്‍ നഗരങ്ങളിലെ ചര്‍ച്ചുകളും സിനഗോഗുകളും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാവിയില്‍ ഇറാനാണ് കൈകൊടുക്കേണ്ടതെന്ന് അമേരിക്ക കരുതുന്നു. ഇറാന്‍ ആണവ രാഷ്ട്രമാകുന്നതിലേ അമേരിക്കക്ക് ചൊരുക്കുള്ളൂ. അത് ഇസ്‌റാഈലിനോടുള്ള വാത്സല്യം കൊണ്ട് മാത്രമാണ്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ യു എസിന് എന്നും ഇറാനെ വേണം. മതത്തില്‍ ശിഥിലീകരണ പ്രവണത കൊണ്ടുവന്ന എല്ലാ ആശയധാരകള്‍ക്കും പാശ്ചാത്യ ശക്തികള്‍ പുരോഗമന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest