Connect with us

International

ഇറാനില്‍ സൈനിക പരേഡിന് നേരെ ആക്രമണം; 29 മരണം

Published

|

Last Updated

തെഹ്‌റാന്‍: ഇറാനില്‍ സൈനിക പരേഡിനിടെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്‌വാസിലാണ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ റവല്യൂഷനറി ഗാര്‍ഡിലെ അംഗങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ കുട്ടികളും സ്ത്രീകളും മരിച്ചവില്‍ ഉള്‍പ്പെടുന്നു. സൈനിക പരേഡ് കാണാനെത്തിയതായിരുന്നു ഇവര്‍. ആക്രമണം നടത്തിയ രണ്ട് പേരെ സുരക്ഷാ സൈന്യം വകവരുത്തിയതായും രണ്ട് പേരെ ജീവനോടെ പിടികൂടിയതായും ഖുസേസ്താന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അലി ഹുസൈന്‍ അറിയിച്ചു. പരേഡിന് പിന്നില്‍ നില്‍ക്കുന്ന ചിലരാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരേഡ് നടത്തുന്ന സൈനികര്‍, കാഴ്ചക്കാരായി എത്തിയവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വിദേശ ആക്രമണമാണെന്നാണ് ഇറാന്‍ അധികൃതര്‍ നല്‍കുന്ന സൂചന. വിദേശികളായ ചിലരുടെ പങ്ക് ആക്രമണത്തിന് പിന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ ഏത് രാജ്യക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അഹവാസിയിലെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്ക് ഇന്ധനം പകരുന്നത് ഒരു വിദേശരാജ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആക്രമണത്തില്‍ നടുക്കവും വേദനയും രേഖപ്പെടുത്തി. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറാനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇറാഖ്- ഇറാന്‍ യുദ്ധത്തിന്റെ ആരംഭത്തെ സ്മരിച്ചായിരുന്നു സൈനിക പരേഡ്.

Latest