Connect with us

International

താന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം ഇരുന്നൂറായി; ബോട്ടിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍

Published

|

Last Updated

ദാറുസ്സലാം: താന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം ഇരുനൂറിനോടടുക്കുന്നു. ബോട്ടിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് ജോണ്‍ മാഗുഫുലി പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തു. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം 126 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. താങ്ങാവുന്നതിലും കൂടുതലാളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ബുഗോറോറയില്‍ നിന്ന് ഉകാറ ദ്വീപിലേക്കുള്ള എം വി നിയേറെറെ എന്ന കടത്തുബോട്ടാണ് തീരത്തേക്ക് എത്തുന്നതിന് മുമ്പ് അപകടത്തില്‍പ്പെട്ടിരുന്നത്. നൂറ് പേരെ മാത്രം താങ്ങാനാവുന്ന കടത്തുബോട്ടില്‍ 400 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് സൂചന. സുരക്ഷാ ക്രമീകരണങ്ങളൊന്നും കടത്തുബോട്ടിലുണ്ടായിരുന്നില്ല. കാണാതായവരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട യാത്രക്കാരില്‍ പലരും നീന്തി രക്ഷപ്പെട്ടിരുന്നു.
അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ബോട്ടപകടമാണിത്.
അതിനിടെ, മറിഞ്ഞ ബോട്ടിനുള്ളില്‍ നിന്ന് അപകടം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാളെ രക്ഷപ്പെടുത്തി. ബോട്ടിന്റെ എയര്‍ പോക്കറ്റില്‍ കഴിയുകയായിരുന്നു ഇയാളെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Latest