Connect with us

National

പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; ബിജെപി- അകാലിദള്‍ സഖ്യം ഞെട്ടലില്‍

Published

|

Last Updated

ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍- ബിജെപി മുന്നണിയെ ഞെട്ടിച്ചുകൊണ്ട് പഞ്ചാബിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ഇതില്‍ മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പട്യാലയില്‍ 43 പഞ്ചായത്ത് സമിതി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. അകാലിദള്‍ രണ്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ഭാട്ടിന്‍ഡ കോര്‍പറേഷനിലെ പത്ത് സീറ്റുകളില്‍ ഏഴ് എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. അകാലിദളിന് രണ്ടും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. അമൃത്സറില്‍ 12 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇവിടെ അകാലിദള്‍ നാല് സീറ്റില്‍ ഒരുങ്ങി. ലുധിയാന, ജലന്ധര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

പത്ത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച ജയം നേടുന്നത്. വോട്ടില്‍ തിരിമറി നടത്തിയാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന വാദവുമായി അകാലിദള്‍ രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ്- അകാലിദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തുകളിലെ 33 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 369 സീറ്റുകളിലേക്കും പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 58 ശതമാനമായിരുന്നു പോളിംഗ്.