Connect with us

Gulf

കണ്ണൂര്‍ ചിറക് വിടര്‍ത്തുമ്പോള്‍

Published

|

Last Updated

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാണെന്ന് തെളിയിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവിടെ റണ്‍വേയില്‍ പറന്നിറങ്ങിയപ്പോള്‍, ഇങ്ങ് ഗള്‍ഫിലെ മലബാര്‍ പ്രദേശത്തുള്ളവരുടെ മനസ് അഭിമാനവും പ്രതീക്ഷയും കൊണ്ട് ആകാശത്തോളം നിറഞ്ഞു. എത്ര വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് പരസ്പരം ആഹ്ലാദിച്ചു. ദക്ഷിണേന്ത്യയിലെ വലിയ വിമാനത്താവളത്തില്‍ ഇറങ്ങി, ഏറെ ദൂരെയല്ലാത്ത വീട്ടിലേക്ക് പോകുന്നതിലെ ആവേശം പലര്‍ക്കും, വിശേഷിച്ച് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലക്കാര്‍ക്ക് അടക്കാനാകുന്നില്ല.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയും കര്‍ണാടകയിലാണെങ്കിലും മലയാളിയായ സി എം ഇബ്രാഹീം കേന്ദ്രമന്ത്രിയുമായിരുന്ന കാലത്ത്, കണ്ണൂരിലെ വാണിജ്യ വ്യവസായ രംഗത്തുള്ളവരും ഗള്‍ഫിലെ മലബാറുകാരും ഉയര്‍ത്തിക്കൊണ്ടുവന്ന ആശയമാണ് യാഥാര്‍ഥ്യമാകുന്നത്. അന്ന്, ജനതാദളിന്റെ എച്ച് ഡി ദേവഗൗഡയായിരുന്നു പ്രധാനമന്ത്രി. ദേവഗൗഡയെ കാണാന്‍ ഇ കെ നായനാരും സി എം ഇബ്രാഹീമും ഒന്നിച്ചാണ് പോയത്. കേരളത്തില്‍ മൂന്ന് വിമാനത്താവളമുണ്ട്. ഇത്ര ചെറിയ ഒരു സംസ്ഥാനത്ത് നാല് വിമാനത്താവളം വേണമോയെന്ന് ദേവഗൗഡയും പിന്നാലെ ഐ കെ ഗുജ്‌റാലും ചോദിച്ചത് സി എം ഇബ്രാഹീമും ഓര്‍ക്കുന്നു. വിട്ടുകൊടുക്കാന്‍ സി എം ഇബ്രാഹീമും നായനാരും തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കേന്ദ്ര ഭരണം. സി പി ഐ എം ജനറല്‍ സെക്രട്ടറിയായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവും നായനാരുടെ സഹായത്തിനെത്തി. 45 ദിവസം കൊണ്ടാണ് പഠനറിപ്പോര്‍ട്ട് തയാറായത്. ഏത് വികസന പ്രവര്‍ത്തനവും ചുകപ്പുനാടയില്‍ കുടുങ്ങാറുള്ള അന്നത്തെ കാലത്ത്, അത് അത്ഭുതമായി. 2013 ജനുവരിയില്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. 1278 ഏക്കര്‍ ഇതിനായി ഏറ്റെടുത്തിരുന്നു. നിര്‍മാണച്ചെലവ് 1,130 കോടി രൂപയാകുമെന്ന് കണക്കാക്കി. ആഗസ്റ്റില്‍ നിര്‍മാണം തുടങ്ങി.

മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ ഏക്കര്‍ കണക്കിന് കുന്നിന്‍പുറം വേഗം ഒരുക്കിയെടുക്കാന്‍ അന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥലം എം എല്‍ എയായിരുന്ന കെ കെ ശൈലജ ടീച്ചറും മുന്നില്‍നിന്നു. നാട്ടുകാരും വേണ്ടവിധം സഹകരിച്ചു. യു എ ഇയില്‍, കണ്ണൂര്‍ ജില്ലക്കാരുടെ സംഘടനയായ വെയ്ക്ക്, കണ്ണൂരിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരെല്ലാം സാമ്പത്തിക പിന്തുണക്ക് തയാറായി.

കൊച്ചിയിലെന്നപോലെ കണ്ണൂരിലും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മാണം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാന്‍. യു എ ഇയില്‍ നിന്ന് എം എ യൂസുഫലി, ഡോ. ഷംഷീര്‍ വയലില്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത് ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. അനേകം പേര്‍ കിയാലില്‍ ഓഹരിയെടുത്തിട്ടുണ്ട്. ലാഭം നോക്കിയല്ല, മിക്കവരും ഓഹരി കൈക്കലാക്കിയത്. ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ ഗുണംചെയ്യുന്ന ഒരു വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതിലെ ആത്മനിര്‍വൃതി മാത്രമേ നോക്കിയുള്ളു. രണ്ടായിരം യാത്രക്കാരെ ഉള്‍കൊള്ളുന്ന 7,500 ചതുരശ്ര മീറ്റര്‍ ടെര്‍മിനലും 3050 മീറ്റര്‍ റണ്‍വേയും തയാറായിട്ടുണ്ട്. പൂര്‍ണ സജ്ജമാകുമ്പോള്‍ റണ്‍വേ നീളം 4,000 മീറ്ററാകും. ടെര്‍മിനലില്‍ 48 കൗണ്ടറുകളുണ്ടാകും. ഇതില്‍ 32 എമിഗ്രേഷന്‍ കൗണ്ടറുകള്‍.

ദക്ഷിണകര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കും വിമാനത്താവളം ഉപയോഗപ്പെടും. മത്സ്യവും കാപ്പിയും കശുവണ്ടിയും കൈത്തറിയും വേഗം ലോകത്തെ വിവിധ കമ്പോളങ്ങളിലെത്തും. തെക്കന്‍ കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ ഇനി കണ്ണൂരിനെയാണ് ആശ്രയിക്കുക. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ എല്ലാം സര്‍വീസിനായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മലപ്പുറം കഴിഞ്ഞാല്‍ ഗള്‍ഫ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കാസര്‍കോടിനാണ്. അതുകൊണ്ട്, ധാരാളം യാത്രക്കാരെ ലഭിക്കും. മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക വിമാനക്കമ്പനികള്‍ കണ്ണൂരില്‍ സര്‍വീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഒരുക്കമാണ്.

വിമാനത്താവളത്തെ ഉള്‍പ്രദേശങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് മതിയായ റോഡുകളില്ലെന്നതുമാത്രമാണ് ആശങ്കപ്പെടുത്തുന്നത്. നിലവില്‍, ദേശീയപാതയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് തിരിഞ്ഞുപോകുന്ന മൂന്നു കിലോമീറ്റര്‍ മാത്രമാണ് വീതികൂട്ടിയത്. കുറ്റിയാടി, മാനന്തവാടി, തലശ്ശേരി, തളിപ്പറമ്പ് റോഡുകളൊക്കെ ഇടുങ്ങിയതാണ്. കണ്ണൂര്‍ സൗത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ നിര്‍ദേശമുണ്ട്. 22 കിലോമീറ്ററാണ് ദൂരം. അഴീക്കല്‍ തുറമുഖത്തേക്ക്കൂടി റെയില്‍പാത നീട്ടിയാല്‍ വ്യോമ, ജല, റെയില്‍പാതകളുടെ ഏകോപനമായി. വികസനത്തില്‍ കുതിച്ചുചാട്ടവും. വിമാനത്താവള പരിസരത്ത് മികച്ച ഹോട്ടലുകള്‍ ഇല്ലാത്തത്, വിനോദ സഞ്ചാരികളുടെ തൃപ്തിക്കുറവിന് ഇടയാക്കിയേക്കാം.

കണ്ണൂര്‍ വിമാനത്താവളത്തിന് സി എന്‍ എന്‍ എന്ന കോഡ് ലഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുമ്പോള്‍ സി എന്‍ എന്‍-ഡി എക്‌സ് ബി എന്ന കോഡ് എഴുതാന്‍ കാത്തിരിക്കുകയാണ് ദുബൈയിലെ മലയാളികള്‍. നവംബര്‍ ഒന്നിന് യാത്രാവിമാനങ്ങള്‍ ഇടതടവില്ലാതെ കണ്ണൂരിന്റെ ആകാശത്തെത്തുമെന്ന് പ്രതീക്ഷിക്കുക.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest