Connect with us

Gulf

അബുദാബി സുരക്ഷിത നഗരം; ചാരിതാര്‍ഥ്യമെന്ന് ശൈഖ് ഹസ്സ ബിന്‍ സായിദ്

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടതില്‍ ചാരിതാര്‍ഥ്യവും നന്ദിയുമുണ്ടെന്ന് അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബുദാബിയെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്യുന്നതായും ശൈഖ് ഹസ്സ വ്യക്തമാക്കി. ടോക്യോ, ജപ്പാന്‍, ബാസില്‍, മ്യൂണിച്ച്, വിയന്ന ഉള്‍പെടെ ആഗോള തലത്തിലുള്ള 338 നഗരങ്ങളില്‍ നിന്നാണ് നംബിയോ വെബ്‌സൈറ്റ് അബുദാബിയെ തിരഞ്ഞെടുത്തത്. സുരക്ഷിത നഗര സൂചികയില്‍ ഈ വര്‍ഷം അബുദാബി നില മെച്ചപ്പെടുത്തി 88.26 പോയിന്റിലേക്ക് ഉയര്‍ന്നു.

മുന്‍ വര്‍ഷം ഇത് 86.46 പോയിന്റായിരുന്നു. സുരക്ഷ, സാമ്പത്തിക, സാംസ്‌കാരിക, പുരോഗമന നേട്ടങ്ങള്‍ എന്നിവയുടെ ചരിത്രപരമായ ചരിത്രപങ്കാളി എന്ന നിലക്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന അംഗീകാരമാണിത്. ഏറ്റവും സുരക്ഷിതമായ നഗരം എന്ന നിലയില്‍ പ്രിയപ്പെട്ട തലസ്ഥാനത്തെ തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍, ശൈഖ് ഹസ പറഞ്ഞു. ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി അബുദാബിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം അണ്ടര്‍ സെക്രട്ടറി സഈദ് ഗൊബാഷ് പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തലസ്ഥാനനഗരിക്ക് ഈ നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ട്. സഞ്ചാരികളുടെയും രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest