Connect with us

Gulf

ഗിന്നസില്‍ ഇടംപിടിക്കാന്‍ സഊദിയുടെ ദേശീയ ദിനാഘോഷം

Published

|

Last Updated

സഊദി ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി യു എ ഇയിലെ ബുര്‍ജ് ഖലീഫ സഊദിയുടെ ദേശീയ പതാകയാല്‍ വിവര്‍ണമായപ്പോള്‍

ജിദ്ദ: 88ാം വയസ്സിലേക്ക് പ്രവേശിക്കുന്ന സഊദി അറേബ്യയില്‍ നാളെ രാജ്യവ്യാപക ആഘോഷ പരിപാടികള്‍. സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രധാന റോഡുകളിലും റൗണ്ട് എബൗട്ടിലും ദേശീയ പതാക ഉയര്‍ത്തിക്കെട്ടുകയും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളോട് കൂടി ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 88-ാം ദേശീയദിനം രാജ്യം ആഘോഷിക്കുന്നത് ഗിന്നസില്‍ രണ്ട് പുതിയ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്ത് കൊണ്ടായിരിക്കും.

ഒമ്പത് ലക്ഷം കരിമരുന്നുകളുടെ പ്രയോഗമാണ് ഒന്നാമത്തേത്. രാജ്യത്തെ 13 പ്രവിശ്യകളിലായി 58 ഇടങ്ങളില്‍ നടക്കുന്ന വെടിക്കെട്ടില്‍ ഒമ്പത് ലക്ഷം കരിമരുന്നുകളായിരിക്കും പ്രയോഗിക്കുക. ഇത് ലോക റെക്കോര്‍ഡാണ്. ഈ ഹരിത പശ്ചാതലത്തില്‍ 300 ഡ്രോണുകള്‍ ലേസര്‍ രശ്മികള്‍ കൊണ്ട് ദേശീയ പതാകയിലെ ശഹാദത്ത് കലിമയും അതിന് ചുവടെ രാജ്യമുദ്രയായ വാളും വരക്കും. ഇതാണ് രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ്.
ആകാശത്ത് തെളിയുന്ന ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ദേശീയ പതാകയായിരിക്കും ഇത്. വൈജ്ഞാനിക മത്സര, വിനോദ പരിപാടികളും പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. അബഹയിലെ പ്രധാന റോഡുകളില്‍ 5000 പതാകകള്‍ കെട്ടിയതായി മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഘോഷ മുഹൂര്‍ത്തത്തില്‍ ഇക്കൊല്ലവും സന്തോഷത്തോടെ പങ്കുചേരാന്‍ തന്നെയാണ് മലയാളികളടക്കുള്ള പ്രവാസികളും തീരുമാനിച്ചത്.

വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. അന്നം തന്ന നാടിനോടുള്ള കടപ്പാട് തീര്‍ക്കാന് തന്നെയാണ് പ്രവാസി സമൂഹം തയ്യാറെടുക്കുന്നത്.