Connect with us

Ongoing News

ആ പോസിറ്റീവ് എനര്‍ജി ഇപ്പോഴും തനിക്കൊപ്പമുണ്ട്; മോദിയെ പുകഴ്ത്തി മോഹന്‍ ലാല്‍

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ബ്ലോഗുമായി നടന്‍ മോഹന്‍ ലാല്‍. എഴുത്തിലുടനീളം മോദിയെ വന്‍ തോതില്‍ പുകഴ്ത്തുന്നുണ്ട്. ആ ദിവസം വ്യക്തിപരമായി തനിക്ക് ഏറെ വിലപ്പെട്ട ദിവസമാണെന്ന് വിശേഷിപ്പിച്ചാണ് മോഹന്‍ലാല്‍ ബ്ലോഗ് തുടങ്ങുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നാഴ്ച ആയിട്ടും ആ പോസിറ്റീവ് എനര്‍ജി തന്നില്‍ നിന്നും പോയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഏത് വലിയ വ്യക്തികളുടെ അടുത്ത് നില്‍ക്കുമ്പോഴും അവരോട് വിട പറയുമ്പോഴും അതി സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റീവ് എനര്‍ജി നമ്മളില്‍ ഉണ്ടാവും. എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോദിയെ കണ്ട് തിരിച്ച് വരുമ്പോഴും എനിക്കത് അനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടിക്ക് മതഭേദമോ ഒന്നും ഇല്ലല്ലോ. അത് മനുഷ്യന്റെ ആത്മാര്‍ത്ഥതയില്‍ നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്ത് നിന്നാല്‍ ആര്‍ക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞിട്ടും എന്നില്‍ ആ തരംഗങ്ങള്‍ ഉണ്ട്.

താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമാശീലമുള്ള കേള്‍വിക്കാരന്‍ എന്നാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. നേരത്തെ, അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അദ്ദേഹം നേരിട്ട് വന്ന് തന്നെ സ്വീകരിക്കുകയായിരുന്നു. മോഹന്‍ ലാല്‍ ജീ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടി. കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി ാെരു വാക്കു പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തി.

അച്ഛന്‍ വിശ്വനാഥന്‍ നായരുടേയും അമ്മ ശാന്തകുമാരിയുടേയും പേരില്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി കൂടുതലായും സംസാരിച്ചത്. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സ്ഥലത്തുണ്ടെങ്കില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കി.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനെതുടര്‍ന്ന് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും മറുപടി പറയുന്നില്ല.
താന്‍ ചെയ്ത കര്‍ണഭാരം എന്ന സംസ്‌കൃതത്തെ നാടകത്തെ കുറിച്ച് മോദി സംസാരിച്ചെന്നും. ടെറിട്ടോറിയല്‍ ആര്‍മിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരാഞ്ഞെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.

കേരളത്തിലെ പ്രളയത്തെക്കുറിച്ചും ഡാമുകളെക്കുറിച്ചും ഇനി എടുക്കേണ്ട കരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയഭേദമില്ലാതെ കേരളത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ സേവന സന്നദ്ധനായ ഒരു പൗരനെ പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.