Connect with us

National

പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം; പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ച ഇന്ത്യ റദ്ദാക്കി. അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയാണ് ഇന്ത്യ റദ്ദാക്കിയത്. ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതെന്നും അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇംറാന്‍ ഖാന്റെ തനിസ്വരൂപം പുറത്തുവെന്നെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഇന്ത്യ നേരത്തെ, ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ശാഹ് മഹ്മൂദ് ഖുറൈശിയും ചര്‍ച്ച നടത്തുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കത്തയച്ചിരുന്നു. യു എന്‍ പൊതുസമ്മേളനത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്ന നിര്‍ദേശം കത്തില്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യമുന്നയിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്തത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ഇംറാന്‍ ഖാന്‍ കത്തയച്ചത്.
ഇരുരാഷ്ട്രങ്ങള്‍ക്കും നേട്ടങ്ങളുണ്ടാകുന്ന കാര്യങ്ങള്‍ നേടാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. പഠാന്‍കോട്ട് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ- പാക് ചര്‍ച്ചകള്‍ നിലച്ചത്.

Latest