Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ലൈംഗിക പീഡനക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇതാദ്യമായാണ്. വൈദ്യ പരിശോധന തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടക്കും. പിന്നീട് ഇയാളെ പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യങ്ങളാണ് അറസ്റ്റില്‍ കലാശിച്ചത്.

ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് അനിവാര്യമാണെന്ന് അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. എന്നാല്‍, ഫാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ കോട്ടയം എസ്പി എസ് ഹരിശങ്കര്‍ നിഷേധിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐജി വിജയ് സാക്കറെയെ കാണാന്‍ വോകവേ മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫീസിലെ ഹൈടെക്ക് സെല്ലില്‍ മൂന്ന് ദിവസമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. എന്നാല്‍, ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുന്ന നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പലപ്പോഴും ഉത്തരം മുട്ടി. മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസ് അക്കമിട്ട് നിരത്തിയതോടെ ബിഷപ്പ് പൂര്‍ണമായും സമ്മര്‍ദത്തിലായി.
സംഭവം നടന്നതായി കന്യാസ്ത്രീ ആരോപിച്ച 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിന് മുന്നില്‍വെച്ചു. കന്യാസ്ത്രീയെ പരിചയമില്ലെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നുമുള്ള ബിഷപ്പിന്റെ വാദം തെളിവുകള്‍ നിരത്തി പോലീസ് പൊളിച്ചു.

സ്വകാര്യ ചടങ്ങില്‍ കന്യാസ്ത്രീ ബിഷപ്പിനോട് അടുത്തിടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിഷപ്പ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.

അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാന്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം.

---- facebook comment plugin here -----

Latest