Connect with us

Kerala

എയര്‍ ഇന്ത്യക്ക് പിന്നാലെ ഇന്‍ഡിഗോ വിമാനവും പറന്നിറങ്ങി; കുതിപ്പിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അനുമതി നേടുന്നതിന്റെ ഭാഗമായി യാത്രാ വിമാനം ഇറക്കിയുള്ള പരിശോധന തുടരുന്നു. ഇന്ന് ഇന്‍ഡിഗോ വിമാനവും പറന്നിറങ്ങി. കൊച്ചിയില്‍നിന്നും പുറപ്പെട്ട ഇന്‍ഡിഗോ എടിആര്‍ 72 വിമാനം ഇന്ന് ഉച്ചയോടൊണ് റണ്‍വേയിലിറങ്ങിയത്. 74 സീറ്റുകളുള്ള ഇന്‍ഡിഗോ വിമാനമാണ് കണ്ണൂരിലെത്തിയത്. പരിശോധനയുടെ ഭാഗമായി ആറ് തവണ വിമാനം റണ്‍വേയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ, 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.50 ഓടെ പുറപ്പെട്ട വിമാനം ആറ് തവണ വിമാനത്താവള പദ്ധതി പ്രദേശം ചുറ്റി 11.36 ഓടെയാണ് ലാന്‍ഡ് ചെയ്തത്. വാട്ടര്‍ സല്യൂട്ട് നല്‍കിയ ശേഷം ഒന്നാം നമ്പര്‍ എയര്‍ ബ്രിഡ്ജ് ബ്ലോക്ക് ചെയ്ത് വിഷ്വല്‍ ഗൈഡ് സിസ്റ്റം (എ വി ഡി ജി എസ്) പരിശോധിച്ചു. ഒരു മണിയോടെ വിമാനം തിരികെ പോയി. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും ഒരു ക്യാബിന്‍ ക്രുവും ഉള്‍പ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്.

പരിശോധനാ റിപ്പോര്‍ട്ട് വ്യോമയാന വകുപ്പിന് സമര്‍പ്പിക്കും. വിദേശ സര്‍വീസും ആഭ്യന്തര സര്‍വീസും നടത്തുന്നതിന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവക്ക് അനുമതി നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം 29ന് നടക്കുന്ന കിയാല്‍ ജനറല്‍ബോഡി യോഗത്തില്‍ വിമാനത്താവള ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും. എയര്‍ ഇന്ത്യ ഇതിനകം കണ്ണുരില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കര്‍ണാടകയിലെ കുടക് ജില്ലകളില്‍ നിന്നായി പ്രതിവര്‍ഷം ഇരുപത് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

Latest