Connect with us

Articles

യെദ്യൂരപ്പക്ക് ധൃതിയായി

Published

|

Last Updated

ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഒടുവില്‍ വിശ്വാസവോട്ടെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ വിധാന്‍സൗധ വിട്ട് പുറത്തുപോകുകയും ചെയ്ത ബി എസ് യെദ്യൂരപ്പ ഒരു ഇടവേളക്ക് ശേഷം ഭരണം പിടിക്കാന്‍ വീണ്ടും നാണംകെട്ട കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞുപരിശ്രമിക്കുമ്പോള്‍ വീഴ്ത്താനുള്ള തന്ത്രങ്ങളിലാണ് ബി ജെ പി. കോണ്‍ഗ്രസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തെ സജീവമാക്കിയിരിക്കുന്നത്. ഭരണസിരാകേന്ദ്രത്തെ ചുറ്റിപ്പറ്റി ഏതാനും ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഭരണത്തിലേറാന്‍ ബി ജെ പി നടത്തുന്ന ഹീനമായ നീക്കങ്ങള്‍ സംബന്ധിച്ചാണ്. സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചതില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് അതൃപ്തിയുണ്ടെന്ന പ്രചാരണമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രചാരണത്തെ തള്ളിക്കളയുകയാണ് സിദ്ധരാമയ്യ. ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചതെന്നും ഈ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിലെ 12 എം എല്‍ എമാരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ബി ജെ പി കോടികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ കുതിരക്കച്ചവട നീക്കം ലക്ഷ്യം കാണാതെ പോയപ്പോഴാണ് യെദ്യൂരപ്പക്ക് മുഖ്യമന്ത്രിക്കസേര ഉപേക്ഷിക്കേണ്ടിവന്നത്. നിയമസഭയില്‍ ആകെ 222 എം എല്‍ എമാരുടെ അംഗബലമാണുള്ളത്. ഇതില്‍ 16 കോണ്‍ഗ്രസ് എം എല്‍ എമാരെ കൂറുമാറ്റത്തിലൂടെ ബി ജെ പിയില്‍ എത്തിച്ചാല്‍ ഈ അംഗബലം 206 ആയി കുറക്കാമെന്നും ഇതോടെ കേവല ഭൂരിപക്ഷം 104ല്‍ എത്തിക്കാമെന്നുമുള്ള കണക്കുകൂട്ടലോടെയാണ് പണമെറിഞ്ഞ് അധികാരം പിടിക്കാന്‍ ബി ജെ പി നോക്കുന്നത്. അടുത്തിടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യം ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന ആശങ്ക ബി ജെ പി നേതൃത്വത്തിനുണ്ട്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും – ജെ ഡി എസും ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ ബി ജെ പിയുടെ അടിവേര് ഇളകുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന ഭയവും അവരെ അലട്ടുന്നു. ഇതാണ് വീണ്ടും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചിരിക്കുന്നത്. അധികാരം പിടിച്ചെടുക്കാന്‍ 2008 ല്‍ പയറ്റിതെളിഞ്ഞ ഓപ്പറേഷന്‍ താമര ബി ജെ പി വീണ്ടും നടപ്പാക്കാനും കോപ്പൊരുക്കുന്നുണ്ട്.

പണവും സ്വാധീനവും സീറ്റുകളും വാഗ്ദാനം ചെയ്ത് അധികാരം പിടിച്ചെടുക്കുകയാണ് ബി ജെ പി ഓപ്പറേഷന്‍ താമരയിലൂടെ ലക്ഷ്യമിടുന്നത്. അന്ന് ബി ജെ പി നേതാവ് യെദ്യൂരപ്പ തന്നെയായിരുന്നു ഈ ഓപ്പറേഷന്‍ അവതരിപ്പിച്ചത്. എതിര്‍പക്ഷത്തെ എം എല്‍ എമാരെ രാജിവെപ്പിച്ച് വീണ്ടും ജനവിധി തേടുകയാണ് രീതി. 2008 ല്‍ ഓപ്പറേഷന്‍ താമരയിലൂടെ ഏഴ് എം എല്‍ എമാരെയായിരുന്നു ബി ജെ പി സ്വന്തം പക്ഷത്ത് എത്തിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് വാഗ്ദാനം ചെയ്ത സീറ്റ് നല്‍കി. ഇതോടെ അന്നത്തെ 224 അംഗ നിയമസഭയില്‍ ബി ജെ പി 115 സീറ്റുമായി ഭൂരിപക്ഷം നേടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏത് വിധേനയെങ്കിലും സംസ്ഥാന ഭരണം കൈപ്പിടിയിലൊതുക്കിയില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പോലെ ഭൂരിഭാഗം സീറ്റുകളും കൈവിട്ടുപോകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കോണ്‍. – ജെ ഡി എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കി ഭരണം പിടിക്കേണ്ടെന്ന് അമിത് ഷാ പലതവണ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടും ഇത് അവഗണിച്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളില്‍ ബി ജെ പിയിലെ ഒരുവിഭാഗം അസംതൃപ്തരാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

എം എല്‍ എമാരെ പിടിക്കാന്‍ ബി ജെ പി നടത്തുന്ന തന്ത്രങ്ങള്‍ കോണ്‍ഗ്രസിന് തുടക്കത്തില്‍ ചെറിയ രീതിയിലുള്ള വെല്ലുവിളി സൃഷ്ടിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് സംബന്ധിച്ച ആശങ്ക വിട്ടുമാറിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ സര്‍ക്കാറിന് ഭീഷണിയുയര്‍ന്നിരുന്നു. എന്നാല്‍, മഞ്ഞുരുകിയ അന്തരീക്ഷമാണ് ഇപ്പോള്‍. ബെല്‍ഗാവിയിലെ സതീഷ് ജാര്‍ക്കിഹോളിയും സഹോദരനും മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളിയുമാണ് നേരത്തെ സഖ്യസര്‍ക്കാറിന് ഭീഷണിയുയര്‍ത്തി നിലപാട് കടുപ്പിച്ചത്. ജാര്‍ക്കിഹോളി സഹോദരങ്ങളെ നോട്ടമിട്ടാണ് ബി ജെ പി ഇപ്പോഴും അടവുകള്‍ പയറ്റുന്നത്. രമേശും സതീഷും ബി ജെ പിയിലേക്ക് വന്നാല്‍ ഇവരെ പിന്തുണക്കുന്ന 15ല്‍ അധികം എം എല്‍ എമാര്‍ കൂറുമാറി ബി ജെ പിയില്‍ ചേരുമെന്ന മനപ്പായസമുണ്ണുകയാണ് യെദ്യൂരപ്പയും കൂട്ടരും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വരുന്ന എം എല്‍ എമാര്‍ക്ക് പണത്തോടൊപ്പം മന്ത്രിപദവിയും ബി ജെ പി വാഗ്ദാനം ചെയ്തിരിക്കുകയാണ്. എന്നാല്‍, സതീഷ് ജാര്‍ക്കിഹോളിയുമായി സിദ്ധരാമയ്യചര്‍ച്ച നടത്തുകയും അനുരഞ്ജനത്തിന്റെ അന്തരീക്ഷം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇവരെ ചാക്കിട്ടുപിടിക്കാന്‍ തന്നെയാണ് ബി ജെ പി നീക്കം നടത്തുന്നത്. ബി ജെ പി തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും കണ്ണും കാതും കൂര്‍പ്പിച്ച് രംഗത്തുണ്ട്. ബി ജെ പി വാഗ്ദാനം ചെയ്ത കോടികളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആദായ നികുതി വകുപ്പിന് പരാതി നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പണം ലഭിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൂതാട്ട- ലോട്ടറി മാഫിയക്കാരുടെയും പണമിടപാടുകാരുടെയും സഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം. ബി ജെ പിയുടെ നീക്കം എല്ലാവര്‍ക്കും അറിയാമെന്നും അട്ടിമറി ശ്രമത്തിന് വ്യക്തമായ തെളിവുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബി ജെ പി ഭരണത്തിലെത്തുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തിയ ചടുല നീക്കങ്ങളാണ് ഭരണം സഖ്യസര്‍ക്കാര്‍ കൈയാളുന്നതിലേക്ക് കലാശിച്ചത്. മൂന്ന് മാസം പ്രായമായ സര്‍ക്കാറിനെ മറിച്ചിടാന്‍ ബി ജെ പി അടവുകള്‍ ഓരോന്നായി പയറ്റുമ്പോള്‍, നീക്കങ്ങള്‍ മണത്തറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഭരണം യാതൊരുതരത്തിലും വഴുതിപ്പോകാതിരിക്കാനുള്ള നിതാന്ത ജാഗ്രതയിലാണ് ജനതാദള്‍- എസും. കര്‍ണാടകയില്‍ സഖ്യം തകരാതെ നോക്കേണ്ടതും ഹൈക്കമാന്‍ഡിന്റെ ബാധ്യതയാണ്. ദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന ജനാധിപത്യ- മതേതര ചേരികളുടെ വിശാല സഖ്യം ആദ്യമായി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് കര്‍ണാടകയിലാണ്. സഖ്യം തകര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനവും വിവിധ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാരുടെ നിയമനവും ഇനിയും നടന്നിട്ടില്ല. സെപ്തംബര്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ട മന്ത്രിസഭാ വികസനം നടക്കുമെന്നായിരുന്നു കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ അന്തരീക്ഷം മാറി മറിഞ്ഞതോടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. മന്ത്രിസഭാ വികസനത്തോടൊപ്പം ബോര്‍ഡ്- കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെ നിയമനവും നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ആറും ജനതാദള്‍- എസിന് ഒന്നും മന്ത്രിസ്ഥാനങ്ങളാണ് നികത്താനുള്ളത്. വിമത നീക്കം മുന്നില്‍ക്കണ്ടാണ് ഇരുപാര്‍ട്ടികളും ഏതാനും മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരുന്നത്. നിയമനിര്‍മാണ കൗണ്‍സിലിലെ മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ബെംഗളൂരു മേയര്‍ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഇതിനുള്ള നടപടികള്‍ വിവിധ തലങ്ങളിലായി പുരോഗമിക്കുന്നതിനിടയിലാണ് അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബി ജെ പി രംഗത്ത് വന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സഖ്യസര്‍ക്കാര്‍ നിലംപരിശാകുമെന്നാണ് ബി ജെ പി നേതാക്കള്‍ പ്രസംഗിച്ച് നടന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന കൂട്ടുകെട്ടിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി തൂത്തുവാരുമെന്നുമായിരുന്നു യെദ്യൂരപ്പയുടെ വീമ്പുപറച്ചില്‍. എന്നാല്‍ ജനങ്ങള്‍ ബി ജെ പിയെ അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ഇളകിത്തുടങ്ങിയെന്നുമുള്ളതിന്റെ തെളിവായാണ് തദ്ദേശഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ 18 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ലിംഗായത്തുകള്‍. ഇവര്‍ ഏറെക്കാലമായി ബി ജെ പിക്കൊപ്പമാണ്. ഈ വോട്ട്‌ബേങ്കില്‍ ഭിന്നത വന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തത്.
രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ജെ ഡി എസ് സഖ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം. ഈയൊരു സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയെ നിശ്ചയിച്ച് ജെ ഡി എസിന് നിരുപാധിക പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. കഴിഞ്ഞ അഞ്ച് വര്‍ഷവും ഭരിച്ച് കോണ്‍ഗ്രസിന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ച ഏറ്റവും വലിയ സംസ്ഥാനം. ഇവിടെ ജെ ഡി എസിനെ കൂട്ടുപിടിച്ചെങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ ഏറെ വകയുള്ളതുമാണ്.

---- facebook comment plugin here -----

Latest