ജെ പി സി അന്വേഷണം ഭയക്കുന്നതെന്തിന്?

Posted on: September 21, 2018 10:05 am | Last updated: September 21, 2018 at 10:05 am

റാഫേല്‍ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി) അന്വേഷണ ആവശ്യത്തോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാട്. കരാറില്‍ അഴിമതി ആരോപിക്കപ്പെടുകയും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ പ്രകടമാകുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ജെ പി സി അന്വേഷണം ആവശ്യപ്പെട്ടുവരികയാണ്. ഇടപാടിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലിമെന്റില്‍ ഉത്തരം നല്‍കിയെന്നും ജെ പി സി അന്വേഷണം ഇല്ലെന്നുമാണ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണം. എന്നാല്‍, ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാറില്‍ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പാര്‍ലിമെന്റില്‍ അവര്‍. മുന്‍പ്രതിരോധ മന്ത്രി എ കെ ആന്റണി ചോദിച്ച പോലെ സുതാര്യവും രാജ്യതാത്പര്യം മാനിക്കുന്നതുമെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്?

വ്യോമസേനയെ കൂടുതല്‍ സുസജ്ജവും കാര്യക്ഷമവുമാക്കുന്നതിന് പഴയ സാങ്കേതിക വിദ്യയിലുള്ള മിഗ്, മിറാഷ് യുദ്ധവിമാനങ്ങള്‍ക്കു പകരം വിദേശത്ത് നിന്നു മികച്ച 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ 2007ല്‍ യു പി എ സര്‍ക്കാറാണ് തീരുമാനിച്ചത്. അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിന്‍, ബോയിംഗ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെന്‍, യുറോഫൈറ്റര്‍ ടൈഫൂണ്‍, ദാസൂദ് റാഫേല്‍ തുടങ്ങിയ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും അവസാനം ഫ്രഞ്ച് കമ്പനിയായ ദാസൂദ് റാഫേലിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ചു നല്‍കാനും ബാക്കി 108 എണ്ണം ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച് എ എല്‍) ചേര്‍ന്ന് നിര്‍മിക്കാനും നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനുമായിരുന്നു 2014ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍.
2015ലെ നരേന്ദ്ര മോദിയുടെ ഫ്രഞ്ച് യാത്രയോടെ കരാറില്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി. മുന്‍ കരാറിലുണ്ടായിരുന്ന സാങ്കേതികവിദ്യാ കൈമാറ്റം ഒഴിവാക്കപ്പെട്ടു. ഇതിലെല്ലാമുപരി പുതിയ കരാറിലെ ശ്രദ്ധേയമായ വശം എച്ച് എ എല്ലിന് പകരം റിലയന്‍സ് ഏയ്‌റോസ്‌പേസുമായി ചേര്‍ന്ന് ദാസൂദ് ഏവിയേഷന്‍സ് വിമാനങ്ങള്‍ നിര്‍മിക്കുക എന്നതാണ്. മോദിയുമായി അടുപ്പമുള്ള അനില്‍ അംബാനിയുടെതാണ് റിലയന്‍സ് ഏയ്‌റോസ്‌പേസ് എന്ന ആയുധ നിര്‍മാണ മേഖലയിലെ പുതിയ സംരംഭം. മോദി റാഫേല്‍ കരാര്‍ ഉറപ്പിച്ചതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി സ്ഥാപനം തുടങ്ങിയതെന്ന് കോര്‍പറേറ്റ് മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. ഫ്രഞ്ച് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ കൂട്ടത്തില്‍ അംബാനിയുമുണ്ടായിരുന്നുവെന്നു കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ദാസൂദ് റാഫേലിന്റെ എച്ച് എ എല്ലുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ചു തന്റെ കമ്പനിയുമായി ഇടപാടുണ്ടാക്കുന്നതിനാണ് അംബാനിയുടെ പാരീസ് സന്ദര്‍ശനമെന്നാണ് പറയുന്നത്. അനില്‍ അംബാനിക്കു വേണ്ടി, അഥവാ അയാളുടെ കമ്പനിക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതിനാണ് പുതിയ കരാറുണ്ടാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലമിതാണ്.
വിമാനങ്ങളുടെ വില സംബന്ധിച്ച സര്‍ക്കാര്‍ പ്രസ്താവനയിലുമുണ്ട് ദുരൂഹതകള്‍. വിമാനം ഒന്നിന് 715 കോടി രൂപക്കാണ് കരാറുണ്ടാക്കിയതെന്നാണ് ദൂരദര്‍ശനുമായുള്ള അഭിമുഖത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഉറപ്പിച്ച കരാര്‍ തുക 59,000 കോടി രൂപയാണ്. ഇതോടെയാണ് യു പി എ കാലത്തേക്കാളും 30,000 കോടി രൂപ അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്ന് പുറം ലോകം അറിയുന്നത്. പഴയ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടിയാണ് വിലയെങ്കില്‍ പുതിയ കരാര്‍ അനുസരിച്ച് 1,600 കോടിക്ക് മുകളില്‍ വരും. ഇതടിസ്ഥാനത്തില്‍ 41,000 കോടി രൂപയാണ് രാജ്യത്തെ പൊതുഖജനാവിന് വരുന്ന അധിക ബാധ്യത. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് ഇപ്പോള്‍ നല്‍കുന്നത് !.

2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യപ്രചാരണ വിഷയം ബോഫോഴ്‌സ് ഉള്‍പ്പെടെ കോണ്‍ഗ്രസ് കാലത്ത് ഉയര്‍ന്നുവന്ന അഴിമതിക്കഥകളായിരുന്നു. എന്നാല്‍ 64 കോടിയുടേതാണ് ബോഫോഴ്‌സ് കരാറില്‍ ആരോപിക്കപ്പെടുന്ന അഴിമതി. അതേസമയം റാഫേല്‍ ഇടപാടില്‍ രാജ്യത്തിന് നഷ്ടമാകുന്നത് 41,000 കോടി രൂപയും. അടിമുടി ദുരൂഹമാണ് ഈ കരാര്‍. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് മറച്ചു വെക്കാവുന്നതല്ല ഇതിലെ വ്യവസ്ഥകള്‍. പൊതുഖജനാവിലെ പണം ഉപയോഗിച്ചു നടത്തിയ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ ജെ പി സി അന്വേഷണവും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഡിറ്റും ആവശ്യമാണ്.