Connect with us

Kerala

ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നിരാഹാരസമരം തുടരും

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം വെള്ളിയാഴ്ച 14ാം ദിവസത്തിലേക്ക് കടന്നു.ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയാണ് വ്യാഴാഴ്ച സമരപ്പന്തല്‍ സജീവമായത്.

സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി വിവിധ ജില്ലകളില്‍ നിന്ന് പൗരാവകാശ പ്രവര്‍ത്തകരും സംഘടനാ നേതാക്കളുമെത്തി. മാനന്തവാടി രൂപതാഅംഗം സിസ്റ്റര്‍ ലൂസി കളപ്പുര, കിളിരൂര്‍ കേസിലെ ശാരിയുടെ അച്ഛന്‍,കെ കെ രമ കെ എം ഷാജഹാന്‍,സി ആര്‍ നീലകണ്ഠന്‍ എന്നിവരാണ് ഇന്നലെ സമരപ്പന്തലില്‍ പിന്തുണയുമായെത്തിയത്.ഇത്രയേറെ ജനപിന്തുണ ഉണ്ടായിട്ടും ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ പ്രധാനനേതാക്കള്‍ സമരപ്പന്തലിലേക്ക് എത്താത്തത് സഭയെ ഭയന്നാണെന്നു സമരസമിതി ആരോപിച്ചു.

സാമൂഹ്യ പ്രവര്‍ത്തക പി ഗീതയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമരസമിതി നേതാക്കളായ സ്റ്റീഫന്‍ മാത്യുവും അലോഷ്യ ജോസഫും ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്.ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ ആലോചന.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കോലംകത്തിച്ച് എഐവൈഎഫ് വീണ്ടും പ്രതിഷേധിച്ചു.ബിഷപ്പിനെ ചോദ്യംചെയ്യുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ പ്രകടനമായെത്തിയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അതേ സമയംഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അനുപമ. സഭ ഒപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് തങ്ങളുടെ ആദ്യവിജയമായാണ് കാണുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു. ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിലെ സമരപന്തലിലാണ് സിസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അതുവരെ സമരം തുടരുമെന്നും സിസ്റ്റര്‍ ഇന്നലെയും ആവര്‍ത്തിച്ചു. മറ്റ് നാലു കന്യാസ്ത്രീകള്‍ക്കൊപ്പമാണ് സിസ്റ്റര്‍ അനുപമ ഫ്രാങ്കോയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നത്.

---- facebook comment plugin here -----

Latest