Connect with us

National

30 യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; മുംബൈയില്‍ വിമാനം തിരിച്ചിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ജെയ്പൂരിലേക്ക് തിരിച്ച യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 166 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജെറ്റ് എയര്‍വേഴ്‌സിന്റെ 9 ഡബ്യു 697 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ 30ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നതാണ് സംഭവത്തിന് കാരണം. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്ത് വന്ന നിലയിലാണ്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പലര്‍ക്കും തലവേദനയും അനുഭവപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിമാനത്തിലെ മറ്റ് ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും അടിയന്തര വൈദ്യസഹായം നല്‍കിയെന്നും ജെറ്റ് എയര്‍വേഴ്‌സ് വക്താവ് അറിയിച്ചു. ചില യാത്രക്കാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് വൈദ്യസഹായം നല്‍കും. യാത്രക്കാര്‍ക്ക് വേണ്ടി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും വക്താവ് അറിയിച്ചു. വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നു.