Connect with us

Editorial

കോഴക്കേസുകളില്‍ മാര്‍ഗ തടസ്സം വേണ്ട

Published

|

Last Updated

കെ എം മാണിക്ക് മാത്രമല്ല, ഇരു മുന്നണികള്‍ക്കും ഒരുപോലെ തിരിച്ചടിയാണ് ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കോടതി മാണിക്കെതിരെ വാമൊഴി തെളിവുകളും പ്രാമാണിക തെളിവുകളുമുള്ളതിനാല്‍ പുനരന്വേഷണത്തിന് വിജലന്‍സിനോട് നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരും വിജിലന്‍സ് സംവിധാനവും പ്രതിഭാഗം ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്വേഷണ ഏജന്‍സി തന്നെ കേസ് അട്ടിമറിച്ചു വിധികര്‍ത്താവാകാന്‍ ശ്രമിച്ചാല്‍ എങ്ങനെ നീതി നടപ്പാകുമെന്നും ചോദിക്കുകയുണ്ടായി. തെളിവു മൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിക്കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടാണ് കോടതി ഇപ്പോള്‍ തള്ളിയത്. ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ ആയിരുന്നു ആദ്യം മാണിക്ക് കുറ്റപത്രം നല്‍കുന്നത് തടഞ്ഞതും രക്ഷിക്കാന്‍ റിവ്യൂഹരജി നല്‍കിയതും. 25 ലക്ഷം കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന എസ് പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ട് തിരുത്തി, തെളിവില്ലാത്തതിനാല്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് ഡി ജി പി ശങ്കര്‍റെഡ്ഢി നോട്ടെഴുതിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുന്നത്. ഇങ്ങനെ മാണിയെ കുറ്റവിമുക്തനാക്കി 2016ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി തള്ളി. ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് ശങ്കര്‍റെഡ്ഢി നടത്തിയ തിരുത്തലുകള്‍ സുകേശന്‍ അറിയിച്ചതോടെ പുനരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതി മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
വിജിലന്‍സ് എസ് പി കെ ജി ബൈജു സമര്‍പ്പിച്ചതാണ് ചൊവ്വാഴ്ച കോടതി തള്ളിയ മൂന്നാമത്തെ റിപ്പോര്‍ട്ട്. നേരത്തെ മാണിക്കെതിരെ കടുത്ത നിലപാടെടുത്ത സി പി എം, ഇടക്കാലത്ത് മാണി യു ഡി എഫ് വിടുകയും ഇടതുപക്ഷത്ത് ചേക്കേറാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ അല്‍പ്പമൊന്ന് അയഞ്ഞതാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാഹചര്യമൊരുങ്ങിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കുക കൂടിയുണ്ടായിരുന്നു സി പി എമ്മിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍. പ്രാഥമിക അന്വേഷണത്തില്‍ കോഴ ആരോപണത്തിന് അനുകൂലമായി 60 ശതമാനം തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശനെ മാറ്റിയാണ് മാണിയെ കുറ്റവിമുക്തനാക്കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയത്.

പ്രമുഖര്‍ പെടുന്ന കേസുകളില്‍ ഇത്തരം സമ്മര്‍ദങ്ങള്‍ സാധാരണമാണ്. ഇതുകൊണ്ടാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും അന്വേഷണം വഴിമുട്ടുന്നത്. അഴിമതി നിര്‍മാര്‍ജനത്തിനുള്ള ശക്തമായ സംവിധാനമെന്ന നിലയിലാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രൂപവത്കൃതമായതെങ്കിലും പിന്നീട് വിജിലന്‍സ് മാന്വല്‍(1992) പോലെയുള്ള ഭേദഗതികളിലൂടെ അതിന്റെ പ്രവര്‍ത്തനത്തില്‍ ഉന്നതര്‍ക്ക് ഇടപെടാനുള്ള പഴുതുകള്‍ ഒരുക്കുകയായിരുന്നു. അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന ജൂലൈ 26ലെ ഭേദഗതിയും ഇതിന്റെ ഭാഗമാണ്. ചിലരെ മാത്രം രക്ഷിക്കാനാണോ ഈ ഭേദഗതിയെന്ന് കോടതി ചോദിക്കുകയുമുണ്ടായി. നിഷ്പക്ഷമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെങ്കില്‍ ഇത്തരം പഴുതുകള്‍ അടച്ചു വിജിലന്‍സിനെ അഴിച്ചു പണിയേണ്ടതുണ്ട്. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഒഴിവാക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യം തടയുംവിധം നിശ്ചയിച്ച നടപടി ക്രമത്തില്‍ മാറ്റം വരുത്തേണ്ടതാണെന്നും നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചതാണ്.
മാണിയെ കുരുക്കിയ കോടതി നടപടി യു ഡി എഫിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കും.

ഇടക്കാലത്ത് യു ഡി എഫ് വിട്ട മാണിയെ തിരികെയെത്തിക്കാന്‍ രാജ്യസഭാ സീറ്റടക്കം കോണ്‍ഗ്രസ് കനത്ത വില നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊരു വയ്യാവേലി മുന്നണിയില്‍ കൊണ്ടിട്ടത് മുസ്‌ലിം ലീഗാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ലാക്കാക്കിയാണ് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ചെങ്ങന്നൂരില്‍ യൂ ഡി എഫിന് അതൊട്ടും ഗുണം ചെയ്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജിലന്‍സ് കോടതി വിധി പ്രചാരണായുധമാക്കിയാല്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും പാടുപെടേണ്ടി വരികയും ചെയ്യും. മാണിക്കെതിരായ കേസ് യു ഡി എഫ് ഒറ്റക്കെട്ടായി നേരിടുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടതെങ്കിലും ഇതുസംബന്ധിച്ചു യു ഡി എഫില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. മാണിയെ തിരിച്ചെടുക്കുന്നതിനോട് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അന്നേ എതിര്‍പ്പായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ഈ കേസിന്റെ നിജസ്ഥിതി അറിയാന്‍ ജനത്തിന് ആഗ്രഹമുണ്ട്. സത്യസന്ധമായ അന്വേഷണത്തിനും നിയമ നടപടികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കരുത്.