കോടതിയില്‍ പാളിയ അനുനയ കൗശലങ്ങള്‍

തുടരന്വേഷണം ഇതുവരെ നടന്ന അന്വേഷണം പോലെ ആയിരിക്കില്ലെന്ന് ഉറപ്പ്. കാരണം, വിജിലന്‍സിന് കണക്കിന് കൊടുത്തിട്ടുണ്ട് കോടതി. പ്രോസിക്യൂഷന്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. കേസിന്റെ മെറിറ്റിന് അപ്പുറം രാഷ്ട്രീയം പരിഗണിക്കപ്പെട്ടതിന്റെ ദുര്‍ഗതിയാണ് വിജിലന്‍സിന് ഇന്നലെ കോടതിയില്‍ അനുഭവിക്കേണ്ടി വന്നത്. തുടരന്വേഷണം വരുമ്പോള്‍ രാഷ്ട്രീയ സാഹചര്യവും മാണിക്ക് അനുകൂലമല്ല. കോടതി വിധി സ്വാഗതം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ നിന്ന് ഇത് കൃത്യമായി വായിക്കാനാകുന്നുമുണ്ട്.
Posted on: September 19, 2018 10:55 am | Last updated: September 19, 2018 at 10:55 am

എല്ലാവരാലും വിശുദ്ധനാക്കപ്പെട്ട കെ എം മാണി ഒടുവില്‍ കോടതിയാല്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു. എത്രപാടുപെട്ടാണ് ഇങ്ങിനെയൊരു ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് രൂപപ്പെട്ടുവന്നത്? പ്രോസിക്യൂഷന്‍ നടപടി ആവശ്യമാണെന്ന് കണ്ടെത്തിയ വിജിലന്‍സിനെ കൊണ്ട് തന്നെ തെളിവില്ലെന്ന റിപ്പോര്‍ട്ട് ഉണ്ടാക്കിയതൊക്കെ ആവിയായി പോയിരിക്കുന്നു. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുറുകുന്ന കുരുക്കുകളില്‍ നിന്ന് അനുനയത്തിലൂടെ രക്ഷപ്പെടുകയെന്ന പതിവ് മാണി തന്ത്രമാണ് കോടതി പൊളിച്ചടക്കിയത്. ഒരിടവേളക്ക് ശേഷം ബാര്‍കോഴ വീണ്ടും കേരള രാഷ്ട്രീയത്തിന്റെ പടികയറുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റം ഇനിയുള്ള അന്വേഷണത്തെ സ്വാധീനിക്കുന്ന സാഹചര്യം കൈവന്നതിനാല്‍ കേസിന്റെ തുടര്‍നീക്കങ്ങളും നിര്‍ണായകമാകും.

യു ഡി എഫിന്റെ പതനത്തിന് വഴിവെച്ച ബാര്‍ കോഴയില്‍ വില്ലന്‍ പരിവേഷം തന്നെയായിരുന്നു കെ എം മാണിക്ക്. എന്നാല്‍ വീണുപോയത് കെ ബാബു മാത്രവും. എല്‍ ഡി എഫ് ഭരണത്തിലേറിയതോടെ അവരുമായി അടുക്കാന്‍ ശ്രമിച്ചാണ് മാണി കേസില്‍ നിന്ന് ഊരിയത്. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഘട്ടത്തില്‍ പോലും മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മാണി സന്നദ്ധനായിരുന്നില്ല. എന്നാല്‍, യു ഡി എഫിന് അധികാരം നഷ്ടമായതോടെ സ്ഥിതി മാറി. ബാര്‍ കോഴയില്‍ കേരളാ കോണ്‍ഗ്രസ് അവതരിപ്പിച്ച ‘ഗൂഢാലോചനാ’ സിദ്ധാന്തത്തിന് വീണ്ടും ജീവന്‍ വെച്ചു. ചരല്‍ക്കുന്നില്‍ കൂടിയാലോചനാ യജ്ഞം തന്നെ നടത്തി യു ഡി എഫ് വിടാന്‍ തീരുമാനിച്ചു. കുറേക്കാലം പിന്നെ പ്രത്യേക ബ്ലോക്ക് ആയിരുന്നു മാണി.

ഇതിനിടെയാണ് സി പി എമ്മിലേക്ക് ഒരു പാലമിടുന്നത്. മാണി മഹാത്മ്യം സി പി എം നേതാക്കളെ കൊണ്ട് വാഴ്ത്തിപാടിക്കുന്നതിലേക്ക് വരെ ഈ ബന്ധം വളര്‍ന്നു. മാണി മനസ്സില്‍ ലക്ഷ്യം രണ്ടായിരുന്നു. കേസില്‍ നിന്ന് ഊരണം. പറ്റുമെങ്കില്‍ ഇടത് മുന്നണിയില്‍ ചേരണം. സി പി എമ്മില്‍ നിന്ന് അനുകൂല നിലപാടുകള്‍ വന്നതോടെ മാണിയുടെ മുന്നണി പ്രവേശം പല തലങ്ങളില്‍ ചര്‍ച്ചയായി. പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും പരിഗണിക്കപ്പെട്ടു. സി പി ഐ ഉയര്‍ത്തിയ വെല്ലുവിളി എല്‍ ഡി എഫിലും ജോസഫിന്റെ ഭീഷണി കേരളാ കോണ്‍ഗ്രസിലും പ്രതിസന്ധി സൃഷ്ടിച്ചതോടെ ഈ നീക്കം പാളി. ഇതിനിടെയാണ് മുസ്‌ലിം ലീഗിന്റെ കാര്‍മികത്വത്തില്‍ മാണി വീണ്ടും യു ഡി എഫിലേക്ക് ആനയിക്കപ്പെടുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാലുനാള്‍ മുമ്പ്. മാണി വന്നിട്ടും ചെങ്ങന്നൂരില്‍ എട്ടു നിലയില്‍ പൊട്ടിയത് അദ്ദേഹത്തിന്റെ ‘മൂല്യം’ ഇടിച്ചു. എങ്കിലും മകനെ രാജ്യസഭ വഴി പാര്‍ലിമെന്റില്‍ സുരക്ഷിതനാക്കി വീണ്ടും യു ഡി എഫിന്റെ ഭാഗമായി. ആ രാഷ്ട്രീയം ഇവിടെ പരിഗണനാവിഷയമല്ല, പക്ഷേ സി പി എമ്മിലേക്ക് പണിത പാലം വഴിയാണ് കോടതിയില്‍ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് എത്തിയതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനൊക്കില്ല.
എന്തായാലും തുടരന്വേഷണം ഇതുവരെ നടന്ന അന്വേഷണം പോലെ ആയിരിക്കില്ലെന്ന് ഉറപ്പ്. കാരണം, വിജിലന്‍സിന് കണക്കിന് കൊടുത്തിട്ടുണ്ട് കോടതി. പ്രോസിക്യൂഷന്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. മാണിക്കെതിരെ തെളിവുണ്ടെന്നും എഫ് ഐ ആര്‍ വേണമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ആവശ്യമാണെന്നും 2015ല്‍ വിജിലന്‍സ് തന്നെ കണ്ടെത്തിയതാണ്. അതിന് ശേഷമുണ്ടായതാണ് അട്ടിമറികള്‍. കേസിന്റെ മെറിറ്റിന് അപ്പുറം രാഷ്ട്രീയം പരിഗണിക്കപ്പെട്ടതിന്റെ ദുര്‍ഗതിയാണ് വിജിലന്‍സിന് ഇന്നലെ കോടതിയില്‍ അനുഭവിക്കേണ്ടി വന്നത്. അങ്ങനെയൊന്ന് ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ ആദ്യകണ്ടെത്തലുകളിലൂടെ തുടരന്വേഷണത്തിന്റെ ദിശ നീക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിക്കപ്പെടും.
തുടരന്വേഷണം വരുമ്പോള്‍ രാഷ്ട്രീയ സാഹചര്യവും മാണിക്ക് അനുകൂലമല്ല. കോടതി വിധി സ്വാഗതം ചെയ്ത സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ നിന്ന് ഇത് കൃത്യമായി വായിക്കാനാകുന്നുമുണ്ട്. പഴുതടച്ച അന്വേഷണം വേണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവശം പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും കോടതി പറയുന്നത് അത് പോലെ നടപ്പാക്കുമെന്നു മന്ത്രി ഇ പി ജയരാജനും വ്യക്തമാക്കി കഴിഞ്ഞു.

മാണിക്കെതിരെ എല്ലാ ഘട്ടത്തിലും കടുത്ത നിലപാട് സ്വീകരിച്ച വി എസ് അച്യുതാനന്ദനും ഇത് ആഹ്ലാദിക്കാനുള്ള അവസരമാണ്. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഘട്ടത്തിലും സി പി എമ്മില്‍ നിന്ന് മാണി സ്തുതി വന്നപ്പോഴും അതിനെതിരായിരുന്നു വി എസിന്റെ നിലപാട്. മാണിയെ എല്‍ ഡി എഫിന്റെ പടിപുറത്ത് നിര്‍ത്തുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ സി പി ഐയും കോടതി വിധിയെ സ്വാഗതം ചെയ്തു. എല്‍ ഡി എഫ് തുടക്കം മുതല്‍ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമായാണ് കാനം രാജേന്ദ്രന്‍ വിധിയെ വായിച്ചെടുത്തത്. കേസില്‍ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച ബിജു രമേശും വിധിയെ സ്വാഗതം ചെയ്തു.
അന്വേഷണം പഴുതടച്ച് നീങ്ങുമെന്ന് വിലയിരുത്തുമ്പോഴും കൗശലക്കാരനായ മാണി എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാണിക്ക് ഇതൊന്നും പുതിയ അനുഭവമല്ല. മതികെട്ടാന്‍ കൈയേറ്റം വരിഞ്ഞ് മുറുക്കിയപ്പോഴും മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ കാലത്ത് സംശയത്തിന്റെ നിഴലില്‍ നിന്നപ്പോഴും ഈ കൗശലം മാണി പ്രയോഗിച്ചിട്ടുണ്ട്. വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി ഹാലേലുയ പാടിക്കുന്നതിലാണ് മാണിയുടെ മിടുക്ക്. ഉമ്മന്‍ചാണ്ടിക്കോ പി കെ കുഞ്ഞാലിക്കുട്ടിക്കോ പിണറായി വിജയന് പോലുമോ ലഭിക്കാത്ത ഒരാനുകൂല്യം ഇത്തരം കുരുക്കുകളില്‍പ്പെട്ടാല്‍ മാണിക്ക് ലഭിക്കാറുമുണ്ട്. വിമര്‍ശിക്കുന്നവരെ ആദ്യം വരുതിയിലാക്കും. സ്വന്തം മുന്നണി ആണോ എതിര്‍പക്ഷമാണോയെന്നൊന്നും മാണിക്ക് വിഷയമല്ല. ബദ്ധവൈരികളെകൊണ്ടെല്ലാം ‘മാണി സാര്‍’ എന്ന് ഒരിക്കലെങ്കിലും വിളിപ്പിച്ചിരിക്കും.