മുഹര്‍റം ചിന്തകള്‍

വ്യത്യസ്ത മാസങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പത്തുകളെ മഹാന്‍മാര്‍ ആദരിച്ചിരുന്നു. റമസാനിലെ അവസാനത്തെ പത്തിനെയും ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും മുഹര്‍റത്തിലെ ആദ്യത്തെ പത്തിനെയുമായിരുന്നു ഇതെന്ന് ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ) ഫതാവല്‍ കുബ്‌റയില്‍ രേഖപ്പെടുത്തുന്നുണ്ട്. മുഹര്‍റത്തിലെ നോമ്പിനു മുന്‍ഗാമികള്‍ കല്‍പ്പിച്ചിരുന്ന പരിഗണന വലുതാണ്. അലി(റ)യോട്് ഒരാള്‍ ചോദിച്ചു: റമസാനിനു ശേഷം നോമ്പ് നോല്‍ക്കാന്‍ അങ്ങ് ഏതു മാസത്തിലാണ് എന്നോട് കല്‍പ്പിക്കുക. മഹാനവര്‍കള്‍ പറഞ്ഞു: നബി(സ)യോട് ഒരാള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന് അവിടുന്ന് പറഞ്ഞു: റമസാന്‍ മാസത്തിനു ശേഷം നീ നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മുഹര്‍റം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുക.
Posted on: September 19, 2018 10:51 am | Last updated: September 19, 2018 at 10:51 am

ചാന്ദ്രവര്‍ഷ പ്രകാരം മറ്റൊരു വര്‍ഷം കൂടെ കലണ്ടറില്‍ ഇടം പിടിച്ചിരിക്കുന്നു. 1440-ാം ഹിജ്‌റ വര്‍ഷം പിറന്നത് ഒരു പക്ഷേ, വിശ്വാസികളില്‍ തന്നെ ചിലരെങ്കിലും അറിഞ്ഞിരിക്കില്ല. കാരണം റമസാന്‍ മാസപ്പിറവിക്കും രണ്ട് പെരുന്നാളുകള്‍ക്കുമപ്പുറം ഈ കാലഗണനക്ക് വേണ്ടത്ര ഗൗരവം അവര്‍ നല്‍കുന്നില്ല. മുഹര്‍റമാണ് ഇസ്‌ലാമിക കാലഗണനയിലെ മാസങ്ങളിലെ ആദ്യമാസം. മഹത്തരമാണ് ഈ മാസം. ആദരവിന്റെയും ബഹുമാനങ്ങളുടെയും മാസം. സന്തോഷദായകമായ ഒരു തുടക്കം സമ്മാനിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ മാസം. ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനവധി സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായത് ഈ മാസമാണ്. സന്തോഷകരമായ തുടക്കത്തിനാണ് ഏറ്റവും നല്ല പര്യവസാനം സമ്മാനിക്കാന്‍ സാധിക്കുക. വര്‍ഷാരംഭത്തില്‍ നല്ലതുകൊണ്ടു തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനങ്ങള്‍ ആ വര്‍ഷം മുഴുവന്‍ ഉണ്ടാകും. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദീ എന്നവര്‍ അവാരിഫുമആരിഫ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നതിത് അവസാനം പരജയപ്പെട്ടുപോയവരുടെ കാരണം അവരുടെ തുടക്കം മോശമായതാണെന്നാണ്. മുഹര്‍റ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാകാം ഇസ്‌ലാം മുഹര്‍റം പൂര്‍ണമായും നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകം പവിത്രമാക്കിയത്.

മുഹര്‍റമിന്റെ ആദ്യ പത്ത് ദിനങ്ങള്‍ അതി മഹത്തരമാണ്. പൂര്‍വികര്‍ വളരെ ആവേശപൂര്‍വം വരവേറ്റ ദിനങ്ങള്‍. പൂര്‍വികര്‍ നമുക്ക് പകര്‍ന്നു നല്‍കിയ പാരമ്പര്യ ആത്മീയ വഴികള്‍ മുറുകെ പിടിക്കാന്‍ നാം ശ്രമിക്കണം. ശക്തമായ അടിത്തറയാണ് തലയെടുത്തു നില്‍ക്കുന്ന ഏതൊരു കെട്ടിടത്തിന്റെയും ശക്തി. അടിത്തറ ദുര്‍ബലമാണെങ്കില്‍ അതിന്റെ മുകളില്‍ പടുത്തുയര്‍ത്തുന്നതിനെല്ലാം ക്ഷയം സംഭവിക്കും. നല്ല ചരിത്രമാണ് ഏറ്റവും നല്ല വര്‍ത്തമാനവും ഭാവിയും നിര്‍മിക്കുന്നത്. നല്ല പാരമ്പര്യമാണ് സ്വഭാവത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത്. പുതിയതിന്റെ ഏറ്റവും വലിയ പ്രത്യേകത പഴമയെ മറക്കുക എന്നതായിരിക്കുന്നു. എന്നാല്‍ പുതുമ ഉള്‍കൊള്ളുമ്പോഴും പഴമയെ തിരസ്‌കരിക്കാതിരിക്കുക എന്നതാണ് മഹത്തരം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദിനംപ്രതിയെന്നോണം അവരുടെ ജീവിതത്തിലെ പാരമ്പര്യ ആചാരങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. പഴഞ്ചനെന്നും പൗരോഹിത്യമെന്നും ദുരാചാരം എന്നും പറഞ്ഞ് തള്ളുന്ന പലതും പൂര്‍വീകര്‍ നിധിപോലെ സൂക്ഷിക്കുന്ന മഹത്തായ കാര്യങ്ങളായിരുന്നു.

മനുഷ്യനുപയോഗിക്കുന്ന പല വസ്തുക്കളും കണ്ടുപിടുത്തങ്ങളും കാലഹരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും അവയുടെ ധര്‍മങ്ങള്‍ ഒരിക്കലും കാലഹരണപ്പെടുകയോ നശിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ആ വസ്തുവിന്റെ രൂപവും ഭാവവും ഇന്‍ഫ്രാസ്ട്രചറുകളും മാറ്റി പുതിയ കാലത്തിനുതകുന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ലാന്‍ഡ് ഫോണ്‍ പുതിയ തലമുറക്ക് ചിന്തിക്കാവുന്നതിലുമപ്പുറം ഉപയോഗം നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ മൊബൈലുകളുടെ അതിപ്രസരത്തോടെ ആ കാലം കഴിഞ്ഞു. ലാന്‍ഡ് ഫോണ്‍ നശിച്ചെങ്കിലും ലാന്‍ഡ് ഫോണിന്റെ ധര്‍മവും അതിനേക്കാള്‍ കൂടുതലും മൊബൈല്‍ ഫോണ്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. ഇതുപോലെ ഒരിക്കലും നമ്മുടെ പൂര്‍വീകര്‍ നമ്മെ ശീലിപ്പിച്ച ആചാരങ്ങള്‍ സമയത്തിന്റെയും തിരക്കിന്റെയും പേരു പറഞ്ഞു പാടേ മറന്നു കളയുകയല്ല വേണ്ടത്, മറിച്ച് പുതിയ കാലത്ത് പഴമയെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ചിന്തിക്കുകയാണ്.
ഇന്ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന ആത്മീയ മജ്‌ലിസുകളോരോന്നും വിശ്വപ്രസിദ്ധമാണ്. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാനം ഞങ്ങളുടെ കുടുംബ സാഹചര്യമാണ്. ഉപ്പ ഞങ്ങളോടൊപ്പം വളരെ ചെറുപ്പത്തില്‍ വീട്ടില്‍ ആചരിക്കുകയും നിത്യമായി കൊണ്ടു നടക്കുകയും ചെയ്ത കാര്യങ്ങള്‍. മുഹര്‍റം ഒമ്പതിലെയും പത്തിലേയുമെല്ലാം സദസ്സുകള്‍ വീട്ടില്‍ ഉപ്പ സ്ഥിരമായി സംഘടിപ്പിക്കുമായിരുന്നു. ഞാന്‍ മുദര്‍രിസായപ്പോള്‍ ഇത്തരം കര്‍മങ്ങള്‍ എന്റെ വീട്ടില്‍ മാത്രം പോരാ എന്നു തോന്നി. അങ്ങനെ കോണോംപാറ മുദര്‍രിസ്സായി വന്നപ്പോള്‍ അതിനെ ദര്‍സിലേക്ക് വ്യാപിപ്പിച്ചു. ദര്‍സില്‍ നിന്ന് അത് പൊതുജനങ്ങളിലേക്ക്. പിന്നീട് ഞാന്‍ യമനില്‍ പോയപ്പോള്‍ അവിടെ വളരെ വിപുലമായി തന്നെ ഇത്തരം ആചാരങ്ങള്‍ നിര്‍വഹിക്കുന്നത് കണ്ടു. കിതാബുകളിലിതിന്റെ രേഖ കാണുന്നത് പിന്നീടാണ്. പറഞ്ഞുവരുന്നത് നമ്മുടെ പൂര്‍വികര്‍ പകര്‍ന്നതിന്റെ തെളിവന്വേഷിക്കുന്നതിന് പകരം അവര്‍ പകര്‍ന്നതിനെ അതുപോലെ ഉള്‍കൊള്ളുക എന്നതാണ്. ഒരടിസ്ഥാനവുമില്ലാതെ അവരതിനെ ജീവിതത്തിന്റെ ഭാഗമാക്കില്ല.

വര്‍ഷത്തില്‍ വ്യത്യസ്ത മാസങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പത്തുകളെ മഹാന്‍മാര്‍ ആദരിച്ചിരുന്നു. റമസാനിലെ അവസാനത്തെ പത്തിനെയും ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും മുഹര്‍റത്തിലെ ആദ്യത്തെ പത്തിനെയുമായിരുന്നു ഇതെന്ന് ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ) ഫതാവല്‍ കുബ്‌റയില്‍ രേഖപ്പെടുത്തുന്നുണ്ട്. മുഹര്‍റത്തിലെ നോമ്പിനും മുന്‍ഗാമികള്‍ കല്‍പ്പിച്ചിരുന്ന പരിഗണന വലുതാണ്. അലി(റ)യോട്് ഒരാള്‍ ചോദിച്ചു: റമസാനിനു ശേഷം നോമ്പ് നോല്‍ക്കാന്‍ അങ്ങ് ഏതു മാസത്തിലാണ് എന്നോട് കല്‍പ്പിക്കുക. മഹാനവര്‍കള്‍ പറഞ്ഞു: മുത്ത് നബി(സ)യോട് ഒരാള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന് അവിടുന്ന് പറഞ്ഞു: റമസാന്‍ മാസത്തിനു ശേഷം നീ നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മുഹര്‍റം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുക. കാരണം മുഹര്‍റത്തില്‍ അല്ലാഹു തആല ഒരു സമുദായത്തിന്റെ തൗബ സ്വീകരിച്ചിരിക്കുന്നു. ഇനി മറ്റൊരു സമുദായത്തിന്റെ തൗബ സ്വീകരിക്കാനിരിക്കുന്നു(തുര്‍മുദി). മഹാനായ ഇബ്‌നു ഹജറുല്‍ ഹൈതമി തങ്ങള്‍ ഹദീസിനെ വിശദീകരിച്ചു പറയുന്നു: മുഹര്‍റ മാസത്തില്‍ നോമ്പ് നോല്‍ക്കല്‍ ശക്തിയായ സുന്നത്താണ്, എന്നല്ല, മുഹര്‍റം മാസം മുഴുവന്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്താണ് (ഫതാവല്‍ കുബ്‌റ).
മുഹര്‍റം ഒമ്പതിലെ നോമ്പ് പ്രത്യേകം സുന്നത്തുണ്ട്. സ്വഹീഹ് മുസ്‌ലിമില്‍ കാണാം, നബി(സ) ആശൂറാഅ് (മുഹറം പത്ത്) ദിനത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) നബി(സ)യോട് ചോദിക്കുയുണ്ടായി: ‘യാറസൂലുല്ലാ..തീര്‍ച്ചയായും ഈ ദിവസം യഹൂദികളും നസ്വാറാക്കളും ആദരിച്ച ദിവസമല്ലേ..?’ നബി(സ) പറഞ്ഞു: ‘അടുത്തവര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്‍ശാ അല്ലാഹ് നമ്മള്‍ മുഹര്‍റം ഒമ്പതിനും നോല്‍ക്കും. മുഹര്‍റം ഒമ്പതില്‍ നോമ്പനുഷ്ഠിക്കുന്നതിനെ സംബന്ധിച്ച് മൂന്ന് ‘ഹിക്മത്തു’കളാണ് മഹാന്മാര്‍ രേഖപ്പെടുത്തിയത്.
1) യഹൂദികളോട് എതിരാകാന്‍ വേണ്ടി. കാരണം, നബി(സ) യഹൂദികളോട് എതിരാകാന്‍ വേണ്ടി മുഹര്‍റം പത്തിന്റെ മുമ്പും ശേഷവും നോമ്പു നോല്‍ക്കണമെന്ന്് പറയുന്ന ഹദീസ് ഇമാം അഹ്മദ്ബ്നുഹമ്പല്‍, ഇബ്നുഅബ്ബാസ് തങ്ങളെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2) ആശൂറാഇനെ മാത്രം തനിപ്പിക്കാതിരിക്കാന്‍ (വെളളിയാഴ്ചയില്‍ മാത്രം സുന്നത്ത് നോമ്പ് നോല്‍ക്കല്‍ കറാഹത്തുള്ളതിനാല്‍ വ്യാഴാഴ്ചയോ ശനിയാഴ്ചയോ നോമ്പ് നോല്‍ക്കല്‍ സുന്നത്തുള്ളത് പോലെ). എന്നാല്‍, മുഹര്‍റം പത്ത് വെള്ളിയാഴ്ചയാണെങ്കില്‍ തനിപ്പിക്കല്‍ കറാഹത്തില്ല). 3) സൂക്ഷ്മതക്കുവേണ്ടി. (ചന്ദ്രപിറവിയിലെ വ്യതിയാനം സാധ്യതയുള്ളതിനാല്‍ ആശൂറാഇന്റെ പവിത്രത നഷ്ടപ്പെടുന്നതിനെ സൂക്ഷിക്കാനാണ്)(ശറഹുല്‍മുഹദബ്/ഇമാംനവവി).
മുഹര്‍റം പത്തിന് ആശൂറാഅ് എന്ന് പേര് വരാന്‍ കാരണമെന്ത് എന്നതിനെ കുറിച്ച് പ്രധാനമായും മൂന്ന് അഭിപ്രായങ്ങളുണ്ട്. ആദ്യം ഇതേ കുറിച്ച് സ്വഹീഹുല്‍ ബുഖാരിയുടെ ശറഹായ ഉംദത്തുല്‍ ഖാരീയില്‍ പറയുന്ന രണ്ട് അഭിപ്രായങ്ങള്‍: ഒന്ന്, മുഹര്‍റം 10 ആയത്‌കൊണ്ട്. രണ്ട്, അല്ലാഹു തആല അമ്പിയാക്കളില്‍ നിന്ന് പത്ത് പേര്‍ക്ക് ഈ ദിനത്തില്‍ ആദരവ് കൊടുത്തത് കൊണ്ട്. മൂസാനബി(അ)ക്ക് ചെങ്കടല്‍ പിളര്‍ത്തിക്കൊടുത്ത് ഫിര്‍ഔനില്‍ നിന്നും അവന്റെ സൈന്യത്തില്‍ നിന്നും രക്ഷ നല്‍കിയ ദിനം. നൂഹ് നബി(അ)യുടെ കപ്പല്‍ ജൂദിയ്യ് പര്‍വതത്തില്‍ ചെന്ന് നിന്നത് ഈ ദിനത്തിലായിരുന്നു. യൂനുസ് നബി(അ) മത്സ്യവയറ്റില്‍ നിന്നു പുറത്ത് വന്നത് ഈ ദിനത്തിലായിരുന്നു. ആദം നബി(അ)ക്ക് ആദരവ് നല്‍കിയ ദിനം. യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ നിന്നു രക്ഷപ്പെട്ട ദിനം. ഈസാ നബി(അ) പ്രസവിക്കപ്പെട്ടതും ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതും ഈ ദിനത്തിലാണ്. ദാവൂദ് നബി(അ)ക്ക് വലിയ പദവി നല്‍കിയ ദിനം. ഇബ്‌റാഹീം നബി(അ)യെ പ്രസവിക്കപ്പെട്ടത് ഈ ദിനത്തിലായിരുന്നു. യഅ്ഖൂബ് നബി(അ)യുടെ കണ്ണിന്റെ മങ്ങല്‍ മാറ്റിക്കൊടുത്ത ദിനം. നബി(സ)യില്‍ നിന്ന് തെറ്റുകളുണ്ടാവില്ലെന്ന് അല്ലാഹു ഓഫര്‍ നല്‍കിയ ദിനം.

ഇമാം ബദ്റുദ്ദീനുല്‍ ഐനി(റ) അടക്കം ചില പണ്ഡിതന്മാര്‍ ഈ പത്ത് നബിമാരില്‍ ഇദ്‌രീസ് നബി(അ)യേയും അയ്യൂബ് നബി(അ)യേയും സുലൈമാന്‍ നബി(അ)യേയും ഉള്‍പ്പെടുത്തിയതായി പറയുന്നുണ്ട്. ഇദ്‌രീസ് നബി(അ)യെ ആകാശത്തിലേക്ക് ഉയര്‍ത്തിയതും അയ്യൂബ് നബി(അ)യുടെ പ്രയാസം നീക്കി കൊടുത്തതും സുലൈമാന്‍ നബി(അ)ക്ക് അധികാരം നല്‍കിയതും ഈ ആശൂറാഅ് ദിനത്തിലായിരുന്നു.
ആശൂറാഅ് നോമ്പ് അതിമഹത്തരമാണ്. ഇബ്നു അബ്ബാസ് തങ്ങളില്‍ നിന്നുള്ള ഹദീസില്‍ കാണാം, നബി(സ) മദീനയിലായിരിക്കെ ഒരു ദിവസം യഹൂദികള്‍ നോമ്പനുഷ്ഠിച്ചത് ശ്രദ്ധയില്‍ പതിഞ്ഞു (ഹിജ്‌റ രണ്ടാം വര്‍ഷമാണ് സംഭവം). തിരുനബി അവരോട് കാരണം തിരക്കി. ‘ഈ ദിവസം മൂസാനബിക്ക് വിജയം നല്‍കി ഫിര്‍ഔനിനെ തുരത്തിയ ദിനമാണ്. അതുകൊണ്ട് ആ ദിവസത്തെ ആദരിച്ചു ഞങ്ങള്‍ നോമ്പ് നോല്‍ക്കുകയാണ്.’-അവര്‍പറഞ്ഞു. അപ്പോള്‍ നബി(സ)പറഞ്ഞു: ‘നിങ്ങളേക്കാള്‍ ഞങ്ങളാണ് മൂസാനബി(അ)യോട് ബന്ധപ്പെട്ടത്.’ എന്നിട്ട് നബി(സ) മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യമായിരുന്നു മുഹര്‍റം പത്തിന്റെ നോമ്പിനു മഹാരഥന്മാര്‍ കല്‍പ്പിച്ചിരുത്. മുഹര്‍റത്തെ ആദരിച്ച് വര്‍ഷം മുഴുവന്‍ നന്മകള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹു നമുക്ക് തൗഫിക്ക് ചെയ്യട്ടെ.