Connect with us

Editorial

സ്വച്ഛ് ഭാരത് പദ്ധതി എത്രത്തോളം

Published

|

Last Updated

ഡല്‍ഹി പഹഡ്ഗഞ്ചിലെ ബാബാ സാഹബ് അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം പ്രധാനമന്ത്രി ചൂല്‍ കൊണ്ടു വൃത്തിയാക്കുന്ന രംഗം ഞായറാഴ്ചത്തെ മിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. സ്വച്ഛ് ഭാരത് യജ്ഞത്തിന്റെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ പ്രകടനം. സ്വച്ച് ഭാരത് യജ്ഞത്തിന് 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വം ശീലമാക്കി മാറ്റുകയാണ് ലക്ഷ്യം. നാല് വര്‍ഷം കൊണ്ട് ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മിക്കുകയും 4.5 ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമാക്കുകയും ചെയ്തുവത്രെ. 2019 ഓടെ രാജ്യത്തെ പൂര്‍ണ വെളിയിട വിസര്‍ജന വിമുക്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
“വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ”യെന്ന സന്ദേശവുമായി 2014ലെ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് “സ്വച്ഛ് ഭാരത് മിഷന്‍”. കക്കൂസ് നിര്‍മാണമാണ് ഇതിന്റെ ഭാഗമായി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വെളിയിട വിസര്‍ജനം മാത്രമാണോ രാജ്യം നേരിടുന്ന മാലിന്യ പ്രശ്‌നം. കക്കൂസ് നിര്‍മാണം കൊണ്ട് മാത്രം സാധ്യമാകുന്നതാണോ വൃത്തിയുള്ള ഇന്ത്യ? രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, നഗരങ്ങള്‍, ചേരിപ്രദേശങ്ങള്‍ തുടങ്ങി പല മേഖലകളും ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ആശുപത്രികളിലും വൃത്തിഹീനമായ സാഹചര്യമാണ്. യു പിയിലെ ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് (ബി ആര്‍ ഡി) ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം എഴുപതിലധികം കുട്ടികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചു എടുത്തു പറയുന്നുണ്ട്. രോഗികള്‍ കിടക്കുന്ന വാര്‍ഡുകളിലും മുറികളിലും തെരുവു പട്ടികളും എലികളും വിഹരിക്കുന്നു. ഈ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുകയെന്ന് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. ബി ആര്‍ ഡി ആശുപത്രിയുടെ മാത്രം കഥയല്ല ഇത്. പല സര്‍ക്കാര്‍ ആശുപത്രികളുടെയും സ്ഥിതി ഭിന്നമല്ല.
നഗരങ്ങളിലെയും നദികളിലെയും മാലിന്യം രാജ്യം നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. വൃത്തിയുടെ കാര്യത്തില്‍ ലോകനിലവാരം പുലര്‍ത്തുന്ന ഒരു നഗരം പോലും രാജ്യത്തില്ല. അന്താരാഷ്ട്ര തലത്തില്‍ നടന്ന ഒരു പഠനമനുസരിച്ചു ലോകത്ത് ഏറ്റവുമധികം മാലിന്യ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്ന നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി, പാറ്റ്‌ന, ഗ്വാളിയോര്‍, അഹമ്മദാബാദ്, ലഖ്‌നൗ നഗരങ്ങള്‍. ഏറ്റവും കൂടതല്‍ മലിനമായ നദികളുടെ പട്ടികയില്‍ ഗംഗ, യമുന തുടങ്ങിയ നദികള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേ കാണിക്കുന്നത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, ബിഹാറിലെ ധന്‍ബാദ്, പാറ്റ്‌ന, അസന്‍സോള്‍, മീററ്റ്, ഡഡല്‍ഹി തുടങ്ങി പല പ്രമുഖ ഉത്തരേന്ത്യന്‍ നഗരങ്ങളും വൃത്തിയില്‍ വളരെ പിന്നിലാണെന്നാണ്.

ശുചിത്വ നഗരങ്ങള്‍ക്കുള്ള സ്വച്ഛ് ഭാരത് റാങ്കിംഗില്‍ വാരാണസി 65-ാം സ്ഥാനത്താണ്. പദ്ധതി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ പല നഗരങ്ങളിലെയും മാലിന്യ പ്രശ്‌നം അപ്പടി തുടരുകയാണ്. വ്യാപകമായി കക്കൂസുകള്‍ നിര്‍മിക്കുന്ന ഭരണകൂടങ്ങള്‍ അവയുടെ ശുചിത്വത്തില്‍ ഒട്ടും ശ്രദ്ധപുലര്‍ത്തിക്കാണുന്നില്ല. നഗരത്തിലേക്കുള്ള സ്വാഗതബോര്‍ഡ് കാണുന്നത് മുതല്‍ നഗരം പിന്നിടുന്നതുവരെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട ഗതികേടാണ് മിക്കയിടങ്ങളിലും. പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്കുകളും സ്ലാബുകള്‍ തകര്‍ന്ന ഓടകളും ഹോട്ടലുകള്‍ക്കു മുമ്പില്‍ കുമിഞ്ഞുകൂടുന്ന മാലിന്യക്കുമ്പാരങ്ങളുമാണ് ഇന്ത്യന്‍ നഗരങ്ങളുടെ കാഴ്ച.

അലഞ്ഞു നടക്കുന്ന പശുക്കള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളുടെ സ്ഥിരം ദൃശ്യങ്ങളിലൊന്നാണ്. കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചതിനാല്‍ ഉപയോഗശൂന്യമായവയെ ഉടമകള്‍ പുറത്ത് ഉപേക്ഷിക്കുന്നു. ഇങ്ങനെ പുറന്തള്ളപ്പെടുന്നവയാണ് നാട്ടിലൂടെ ചുറ്റിക്കറങ്ങുന്നത്. റോഡുകളില്‍ മാലിന്യം, ഗതാഗതക്കുരുക്കുകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്. അലഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് തൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കാതെയും ഉപയോഗ ശുന്യമായ പശുക്കളെ കൊല്ലാന്‍ അനുവാദം നല്‍കാതെയും സ്വച്ഛ് ഭാരത് പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി ലിയോ ഹെള്ളര്‍ സ്വച്ഛ് ഭാരത് പദ്ധതി പരാജയമാണെന്നാണ് വിധിയെഴുതിയത്. ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ നഗരങ്ങളും ചേരി പ്രദേശങ്ങളും സന്ദര്‍ശിക്കുകയും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ലിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ “സന്ദര്‍ശിച്ച എല്ലായിടത്തും സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോ (മഹാത്മാ ഗാന്ധിയുടെ കണ്ണട) കണ്ടെങ്കിലും മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമഗ്രമായ സമീപനം പദ്ധതിക്കുള്ളതായി കണ്ടെത്താനായില്ലെ”ന്നാണ് രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. “വെളിയിട വിസര്‍ജന മുക്ത ഇന്ത്യ” എന്ന സര്‍ക്കാര്‍ പദ്ധതി സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ശുചിത്വ ഭാരതം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും രാജ്യം ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

Latest