Connect with us

Gulf

ലോകത്ത് കുറ്റകൃത്യം കുറഞ്ഞ നഗരം അബുദാബി

Published

|

Last Updated

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിതവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായ തലസ്ഥാന നഗരിയാണ് അബുദാബിയെന്ന് അമേരിക്കയിലെ വലിയ ഡാറ്റാബേസ് സ്ഥാപനമായ നംബിയോയുടെ പുതിയ റിപ്പോര്‍ട്ട്.
ലോകത്തിലെ മിക്കരാജ്യങ്ങളിലെയും ജീവിതരീതികള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്തുകയും മുന്നറിയിപ്പു വിവരങ്ങള്‍ വിശദമായി നല്‍കുകയും ചെയ്യുന്ന നംബിയോയുടെ ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തെ റിപ്പോര്‍ട്ടിലാണ് ലോകത്തിലെ 338 നഗരങ്ങളില്‍ അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിത തലസ്ഥാന നഗരമായി തിരഞ്ഞെടുത്തത്.

അബുദാബി നഗരത്തിലാണ് ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് നംബിയോ ചൂണ്ടിക്കാട്ടി. ടോക്കിയോ (ജപ്പാന്‍), ബാസെല്‍ (മ്യൂനിക്), വിയന്ന (വിയന്ന) തുടങ്ങിയ ലോകത്തിലെ 338 നഗരങ്ങളെ മറികടന്നാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതവും ഭദ്രതയും ഉറപ്പാക്കുന്ന തലസ്ഥാന നഗരമായി യു എ ഇ തലസ്ഥാനമായ അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലും അബുദാബിയായിരുന്നു ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാമത്. അബുദാബി എമിറേറ്റിന്റെ സൂചിക കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 86.46 പോയിന്റായിരുന്നത് ഈ വര്‍ഷം ആദ്യ പകുതിയില്‍ 88.26 പോയിന്റായി ഉയര്‍ന്നു. കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള നഗരങ്ങളിലും അബുദാബി എമിറേറ്റിന്റെ സൂചിക വീണ്ടും ഒന്നാമതായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 13.54 പോയിന്റായിരുന്നു അബുദാബിയുടെ കുറ്റകൃത്യങ്ങളുടെ സൂചിക. ഈ വര്‍ഷം 11.74 പോയിന്റായി അബുദാബിയിലെ കുറ്റകൃത്യങ്ങളുടെ സൂചിക താഴ്ന്നപ്പോള്‍ ലോകത്തെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരപട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തി. നംബിയോ ലോകത്താകമാനമുള്ള രാജ്യങ്ങളുടെ ഡാറ്റാബേസ് വളരെ കൃത്യതയോടും സൂക്ഷ്മതയോടും നല്‍കുന്നു. ജീവിതരീതി, പാര്‍പ്പിടം, ഹെല്‍ത്‌കെയര്‍, ഗതാഗതം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവരങ്ങളുടെ ഡാറ്റാബേസും നംബിയോ പ്രസിദ്ധീകരിക്കുന്നു. അബുദാബി എമിറേറ്റിനെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാമതെത്തിക്കാനിടയാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനങ്ങളും ജനങ്ങള്‍ക്കു നല്‍കുന്ന സുരക്ഷിതത്വ നടപടികളുമാണ്.
ആഗോള സുരക്ഷ സൂചികയില്‍ കഴിഞ്ഞ നാലു വര്‍ഷത്തെ ആദ്യ പകുതിയുടെ ഫല പ്രകാരം അബുദാബി എമിറേറ്റിന്റെ പദവി 2015ലെ ആദ്യ പകുതിയില്‍ ലോകത്ത് 21-ാം സ്ഥാനത്തായിരുന്നു.

2016 ആദ്യ പകുതിയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്തായിരുന്നു അബുദാബി. 2017ന്റെ ആദ്യ പകുതിയിലും ഈ വര്‍ഷം ആദ്യ പകുതിയിലും അബുദാബി ലോകത്തിലെ ഒന്നാം സ്ഥാനം കീഴടക്കി. അബുദാബി എമിറേറ്റിന്റെ സുരക്ഷാ സൂചിക 2015ല്‍ 78.38 പോയിന്റായിരുന്നു. 2016ല്‍ 84.23 ആയി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം 86.46 പോയിന്റും ഈ വര്‍ഷം 88.26 പോയിന്റിലും ഉയര്‍ച്ച കൈവരിച്ചു. 2015 മുതല്‍ 2018 വരെ 10 പോയിന്റുകള്‍ നേടി. അബുദാബി എമിറേറ്റിലെ കുറ്റകൃത്യം 2015ല്‍ 21.62 ആയിരുന്നത് 2016ല്‍ 15.77 പോയിന്റിലെത്തി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 13.54 പോയിന്റും ഈ വര്‍ഷംെ 11.74 പോയിന്റിലേക്കും കുറ്റകൃത്യ നിരക്ക് താണു. ഈ മേഖലയിലും 2015 മുതല്‍ 2018 വരെയുള്ള കാലഘട്ടങ്ങളില്‍ 10 പോയിന്റിന്റെ കുറവുണ്ടായിട്ടുണ്ട്. അബുദാബിയില്‍ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും വര്‍ധിപ്പിക്കുന്നതിന് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും കര്‍ശന നടപടികളും പ്രധാന കാരണമാണ്.

Latest