Connect with us

Socialist

കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവരോട് സവിനയം

Published

|

Last Updated

സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ന്യായത്തിനായിരിക്കണമെന്ന് മാത്രം. അല്ലാത്ത സമരങ്ങള്‍ തൂറ്റിപ്പോവുക സ്വാഭാവികമാണ്. ഗെയ്ല്‍ വിരുദ്ധ സമരത്തിനും നേഷണല്‍ ഹൈവേ സര്‍വ്വേക്കെതിരായ സമരത്തിനും സംഭവിച്ച ദയനീയ പരിണിതി യാദൃശ്ചികമായിരുന്നില്ല. മുക്കമുള്‍പ്പടെ മലപ്പുറം ജില്ലയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു. ഏ.ആര്‍ നഗര്‍ അടക്കം മലപ്പുറം ജില്ലയില്‍ എല്ലാ വില്ലേജുകളിലും സര്‍വ്വേ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്ഥല ഉടമകളുമായുള്ള ചര്‍ച്ചയും പണം നല്‍കിയുള്ള മുന്‍കൂര്‍ സ്ഥലമേറ്റെടുക്കലും അടുത്ത മാസം ആരംഭിക്കുകയാണ്. സ്ഥലം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഈ രണ്ടു പദ്ധതിയോടും മാനസികമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുകാര്യവും ലോകത്തൊരിടത്തും സമ്പൂര്‍ണ്ണ ഐക്യത്തോടെ നടപ്പിലാക്കാനായിട്ടില്ലല്ലൊ. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍ നിന്ന് നയിച്ച പുറത്തൂര്‍ സമരത്തിനും സമാനഗതി തന്നെയാണ് വന്നുഭവിച്ചിരിക്കുന്നത്. അവിടെ നിയമാനുസൃതമായി വാരിക്കൂട്ടിയ മണല്‍ മുഴുവനും പ്ലാന്റിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കടവ് പുനര്‍നിര്‍മ്മിച്ചാല്‍ തുറമുഖത്തിനടുത്തെ കപ്പല്‍ ചാലുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച ഉപ്പുമണല്‍ വാരലും പുനരാരംഭിക്കും. സമരക്കാര്‍ക്ക് കോടതിയെ സമീപിച്ച് പദ്ധതി തടയാന്‍ ഇതുവരെയും കഴിയാത്തത് ഒരു ന്യായവും അവരുടെ പക്ഷത്ത് ഇല്ലാത്തത് കൊണ്ടാണ്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമാണല്ലോ വെല്‍ഫെയര്‍ പാര്‍ട്ടി. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബി.ജെ.പി എന്നത് പോലെ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ വാക്കുകള്‍ കടമെടുത്ത്, ചെറിയ വകഭേദം നടത്തി പറഞ്ഞാല്‍ കടലില്‍ പുല്‍പായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെല്‍ഫെയര്‍ പാര്‍ട്ടിയെ വിശ്വസിക്കില്ല. അത്‌കൊണ്ടു തന്നെയാണ് മുസ്ലിം സാന്ദ്രീകൃത മേഖലകളില്‍ അവര്‍ തോറ്റു തുന്നം പാടുന്നത്. കേരളത്തിലെ മത സമുദായ രാഷ്ട്രീയ സംഘടനകളുടെ വളര്‍ച്ച പരിശോധിച്ചാല്‍ ഏറ്റവും ശുഷ്‌കമായി “വളര്‍ന്ന” പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്നു കാണാനാകും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പടവലങ്ങ പോലെ കീഴ്‌പോട്ടാണ് അവരുടെ പോക്ക്. മുസ്ലിം ബഹുജനങ്ങള്‍ എന്നേ തള്ളിയെറിഞ്ഞവരാണ് ഇവരെന്നര്‍ത്ഥം. മത സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കാര്യവും ഇതില്‍ നിന്ന് ഭിന്നമല്ല. വിതച്ചപ്പോഴും ഒരു കൊട്ട, കൊയ്തപ്പോഴും ഒരു കൊട്ട എന്ന പരുവത്തിലല്ലേ അവരും. മാധ്യമം പത്രം വാങ്ങുന്നവരും മീഡിയ വണ്‍ ചാനല്‍ കാണുന്നവരാമൊക്കെ “ഞമ്മന്റെ” ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറല്‍ യാഥാസ്തിക ഇസ്ലാമിസ്റ്റുകള്‍ക്ക് പിഴച്ചു തുടങ്ങിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നത് മതരാഷ്ട്രീയ രംഗങ്ങളില്‍ ഇക്കൂട്ടര്‍ മാത്രമേ ശരിയുടെ വഴിയിലുള്ളൂ എന്നാണ്. മറ്റുള്ളവരെല്ലാം വഴികേടിലാണെന്നും ഈ “സ്വാര്‍ത്ഥ” വാഹക സംഘം കരുതുന്നു.

സി.പി.എം നെ കോര്‍പ്പറേറ്റ് പാര്‍ട്ടി എന്നു വിളിക്കാന്‍ കാരണമായി വെല്‍ഫെയറുകാര്‍ സാധാരണ പറയാറുള്ളത് “അവര്‍ക്ക് ചാനലുണ്ട്, പത്രമുണ്ട്, സ്ഥാപനങ്ങളുണ്ട്, നാടാകെ ഓഫീസുകളുണ്ട്, ആശുപത്രികളുണ്ട് എന്നൊക്കെയാണ്. ഇതേ മാനദണ്ഡം അളവുകോലായെടുത്താല്‍ “കോര്‍പ്പറേറ്റ് മതസംഘടന” എന്ന പട്ടം ജമാഅത്തെ ഇസ്ലാമിക്കും നൂറുവട്ടം ചേരുമല്ലോ? ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്, സ്വന്തമായി ആരാധനാലയങ്ങളും ഓഫീസുകളുമുണ്ട്. ഒരു മത സംഘടനക്ക് ഇതൊക്കെ നടത്താമെങ്കില്‍ എന്ത് കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആയിക്കൂടാ. വിദേശ രാജ്യങ്ങളില്‍ നിന്നും സ്വദേശക്കാരില്‍ നിന്നും പണപ്പിരിവ് നടത്തി ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംരഭങ്ങളില്‍ സംഘടനാ നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും നല്ല ശമ്പളം നല്‍കി നിയമനം നല്‍കുന്നതിലെ ധാര്‍മ്മികതയെ കുറിച്ച് എന്തേ എഴുത്തും ആലോചനയും നിങ്ങള്‍ക്കില്ലാതെ പോകുന്നത്? സി.പി.എം ന് അയ്രണ്ട് പത്തും ജമാഅത്തെ ഇസ്ലാമിക്ക് അയ്രണ്ട് എട്ടും ആകുന്നത് എങ്ങിനെയാണ്?

കേരള “അമീര്‍” മുഖ്യമന്ത്രിയാക്കുന്നതും ജില്ലാ “നാസിമു”മാര്‍ കൊടിവെച്ച കാറില്‍ പറക്കുന്നതും “കാര്‍ക്കൂനു”കള്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരായി വിലസുന്നതും വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ക്ക് സ്വപ്നം കാണാമെങ്കില്‍ എന്നെ കുറിച്ച് സ്വപ്നം കാണാന്‍ എനിക്കുള്ള അവകാശം എന്തിന് നിങ്ങള്‍ നിഷേധിക്കുന്നു? എന്റെ അധികാരക്കൊതിയെ സംബന്ധിച്ച് വാചാലാരാകുന്നവര്‍ മതത്തിന്റെ പുറംതോട് പൊട്ടിച്ച് രാഷ്ട്രീയ കുപ്പായം തുന്നിച്ച് അണിഞ്ഞിരിക്കുന്നത് “നാളെ” സ്വര്‍ഗ്ഗത്തില്‍ അധികാരക്കസേരയില്‍ ഇരിക്കാന്‍ വേണ്ടിയല്ലെന്ന കാര്യം വിസ്മരിക്കരുത്. “പരസ്യമാനിയ” യില്‍ മോദിയെപ്പോലും തോല്‍പിക്കും ജമാഅത്തെ ഇസ്ലാമിയുടെ “പഞ്ചപാവങ്ങള്‍”. ഇക്കഴിഞ്ഞ പ്രളയകാലത്തും അവരത് തെളിയിച്ചു. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും അവരെ റിലീഫ് കേമ്പുകളൊരുക്കി പുനരധിവസിപ്പിക്കാനും നാടൊന്നാകെ മുന്നിട്ടിങ്ങി. അക്കൂട്ടത്തില്‍ സി.പി.എം കാരും കോണ്‍ഗ്രസ്സുകാരും സി.പി.ഐ കാരും ലീഗുകാരും മററു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത നിരവധി മനുഷ്യരും എല്ലാമുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കൂട്ടരെയാണ് സങ്കുചിതമായ മതരാഷ്ട്രീയ താല്‍പര്യത്തോടെ പ്രത്യേക നിറത്തിലും പുറത്ത് പേരെഴുതി ഒട്ടിച്ചവരായും നാം കണ്ടത്. ഒന്ന് ജമാഅത്തെ ഇസ്ലാമിക്കാരായിരുന്നു, മറ്റൊന്ന് സേവാഭാരതിക്കാരായിരുന്നു, മൂന്നാമത്തെ കൂട്ടര്‍ ടഉജക ക്കാരായിരുന്നു. മരണമുഖത്ത് പോലും വിഭാഗീയ മനസ്സോടെ പ്രവൃത്തിക്കാന്‍ വിശ്വാസം തലക്കു പിടിച്ചവര്‍ക്കേ കഴിയൂ. എന്നിട്ടും നിസ്വാര്‍ത്ഥ സംഘമാണ് തങ്ങളെന്ന് വിളിച്ചുകൂവുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്.

മതേതരമെന്ന് വരുത്താന്‍ ലീഗ് രാമന്‍ മാഷെന്ന സാത്വികനെ രംഗത്തിറക്കി മറുപടി പറയിപ്പിച്ചിരുന്നത് പോലെ വെല്‍ഫെയര്‍ പാര്‍ട്ടി എനിക്കെതിരെ വാചകക്കസര്‍ത്തു നടത്താന്‍ അവരുടെ രാമനെ (മാഷെയല്ല) കളത്തിലിറക്കിയത് കണ്ടപ്പോള്‍ കൗതുകം തോന്നി. ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും ചേര്‍ന്നാല്‍ കാല്‍ മന്ത്രിയേ ആകുന്നുള്ളുവെന്ന വെല്‍ഫെയര്‍ ജില്ലാ നേതാവിന്റെ പ്രസ്താവനയോട് സഹതാപമേ തോന്നുന്നുളളു. കഴുതക്കാമം കരഞ്ഞുതന്നെ തീര്‍ക്കണ്ടെ? ചമ്രവട്ടം ബി.പി അങ്ങാടി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ 6.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ടെന്‍ഡര്‍ ചെയ്‌തെങ്കിലും മഴ അപ്രതീക്ഷിതമായി നേരത്തെ വന്നതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കാലവര്‍ഷത്തിന് മുന്‍പ് ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാക്കാനായില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ എല്ലാം ഭംഗിയാക്കി അഞ്ചു കിലോമീറ്റര്‍ ജനകീയ നടത്തോല്‍ഘാടനം സംഘടിപ്പിക്കുമ്പോള്‍ ലീഗുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും വെല്‍ഫെയറുകാര്‍ക്കും അതില്‍ പങ്കാളികളാവാം. 7 കോടി ചെലവിട്ടുകൊണ്ട് എടപ്പാള്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സ്‌റ്റേഡിയത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എടപ്പാള്‍ മേല്‍പ്പാലവും ഒളമ്പക്കടവ് പാലവും യഥാക്രമം ടെന്‍ഡര്‍ എടുത്തിരിക്കുന്നത് ഏറനാട് കണ്‍സ്ട്രക്ഷനും (മലപ്പുറം) മേരിമാതാ കമ്പനി (മുവാറ്റുപുഴ)യുമാണ്. വരുന്ന കേരളപ്പിറവി ദിനത്തില്‍ തുടങ്ങി രണ്ടു വര്‍ഷം കൊണ്ട് അവയുടെ പ്രയോജനം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കും. ഞാന്‍ എണ്ണിപ്പറഞ്ഞ വികസന കാര്യങ്ങളൊക്കെ 2021 മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പറഞ്ഞത് പ്രാവര്‍ത്തികമാക്കിയ പാരമ്പര്യമേ എനിക്കുള്ളു. അത് തെറ്റിക്കില്ലെന്ന് എന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് ഉറപ്പിക്കാം.

എഴുതാനും വായിക്കാനും എനിക്കൊരു കൂലിക്കാരന്റെ ആവശ്യമില്ലെന്ന് വെല്‍ഫെയറിന്റെ “മതേതരമുഖത്തിനൊ”ന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചാല്‍ നന്നാകും. രോഗികളെ ചികില്‍സിച്ച് മരുന്നെഴുതിക്കൊടുക്കാന്‍ കഴിയുന്ന ഡോക്ടറല്ല ഞാനെന്ന് മാലോകര്‍ക്കൊക്കെ അറിയാം. ജമാഅത്ത് നേതാക്കളായ ഡോ: കൂട്ടില്‍ മുഹമ്മദലിയെപ്പോലെ, ഡോ: സലാം വാണിയമ്പലത്തെപ്പോലെ, ഡോ: ജമീല്‍ അഹമ്മദിനെപ്പോലെ ഡോക്ടറേറ്റ് എഴുതി എടുത്ത ഒരു പാവം ഡോക്ടറാണ് ഞാനും. അതൊരു അയോഗ്യതയാണെങ്കില്‍ എന്നോട് പൊറുക്കുക. കാലിച്ചായയുടെ കാര്യം മരിക്കുന്നത് വരെ പറയാനുള്ള യോഗ്യത നിലനിര്‍ത്താന്‍ കഴിയട്ടേ എന്ന ഒരൊറ്റ പ്രാര്‍ത്ഥനയേ എനിക്കുള്ളു. തല ഉയര്‍ത്തിപ്പിടിച്ച് ലോകത്തെ നോക്കി അഭിമാനത്തോടെ ഒരുത്തന്റെ കറയും എന്റെ ദേഹത്ത് പറ്റിയിട്ടില്ലെന്ന് സധൈര്യം വിളിച്ചു പറയാന്‍ കഴിയാത്ത ഒരു ദിവസം വന്നാല്‍ പിന്നെ കെ.ടി.ജലീലെന്ന പൊതു പ്രവര്‍ത്തകന്‍ ഉണ്ടാവില്ല. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.

കടപ്പാട്:മന്ത്രി. ഡോ. കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Latest