Connect with us

Kerala

ബാര്‍ കോഴ: മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സിന്റെ രണ്ടാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടാണ് തള്ളിയത്. കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി പറഞ്ഞു. സര്‍ക്കാറിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. ഡിസംബര്‍ പത്തിന് മുമ്പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസില്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പുനരന്വേഷണം ഉണ്ടാകും. അങ്ങനെ വന്നാല്‍ മാണിക്ക് വലിയ തിരിച്ചടിയാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാര്‍ മുതലാളി ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം.

മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്ന് തവണയായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും മാണിയുടെ പാലായിലുള്ള കുടുംബ വീട്ടില്‍ വച്ചും നല്‍കിയതായും ബിജു ആരോപിച്ചിരുന്നു. ഈ ആരോപണം അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയിരുന്നു. ചെന്നിത്തല കത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കെ.എം.മാണി ഏക പ്രതിയായി ബാര്‍ കോഴക്കേസ് ഉണ്ടായത്. യു.ഡി.എഫ് ഭരണകാലത്ത് വിജിലന്‍സ് നടത്തിയ രണ്ട് അന്വേഷണത്തില്‍ രണ്ട് തവണയും മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടുകളെല്ലാം വി.എസ് അടക്കമുളള ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി നേരത്തെ തള്ളിയിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ വന്ന ശേഷമുള്ള മൂന്നാം റിപ്പോര്‍ട്ടിലും മാണിയെ കുറ്റവിമുക്തനാക്കുന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ് പറഞ്ഞു. ഇത്രയധികം സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ട്. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മാണിക്ക് വേണ്ടിയാണ് കോടതിയില്‍ വാദിച്ചത്. എന്നിട്ടും മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളിയെങ്കിലും കുറ്റം കോടതിക്ക് ബോധ്യപ്പെട്ടുകാണുമെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

Latest