Connect with us

Ongoing News

ഹോങ്കോംഗിനെ തകര്‍ക്കാന്‍ ഇന്ത്യ; മൂന്നാം നമ്പറില്‍ ആരാകും?

Published

|

Last Updated

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിന് ഇന്ന് ഇന്ത്യന്‍ വെല്ലുവിളി. പാക്കിസ്ഥാനോടേറ്റ പരാജയത്തില്‍ നിന്ന് കരകയറാന്‍ ഹോങ്കോംഗിന് സാധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മറ്റൊരു വലിയ തോല്‍വിയാകും.
എന്നാല്‍, ഹോങ്കോംഗിനെ ദുര്‍ബലരായി കാണുന്നില്ലെന്ന് ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറ് ടീമുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് രോഹിത് ഓര്‍മിപ്പിച്ചു.

മൂന്നാം നമ്പറില്‍ വിരാട് കോഹ് ലിയുടെ പകരക്കാരനെ ഇനിയും കണ്ടെത്തിയിട്ടില്ല ഇന്ത്യ. ലോകേഷ് രാഹുല്‍, അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ മൂന്നാം നമ്പറില്‍ എത്തും. രോഹിതും ശിഖര്‍ ധവാനും ഓപണ്‍ ചെയ്യും. ധോണി, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരും ആദ്യ ലൈനപ്പില്‍ കളിച്ചേക്കും. കെദാര്‍ യാദവും ആദ്യ ഇലവനിലേക്ക് മത്സരിക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ പേസ് ബൗളിംഗ് നിരക്ക് മുന്നില്‍ തകര്‍ന്ന ഹോങ്കോംഗിനെ വിറപ്പിക്കാന്‍ രോഹിത് ശര്‍മ ഖലീല്‍ അഹമ്മദിനെ ടീമിലെടുക്കും. എക്‌സ്ട്രാ ബൗണ്‍സും വേഗതയുമായി പാക് പേസര്‍ ഉസ്മാന്‍ ഖാന്‍ തിളങ്ങിയത് രോഹിതിന്റെ മനസിലുണ്ട്. ഖലീല്‍ അഹമ്മദിന് തിളങ്ങാനുള്ള വലിയ അവസരമാണിത്.