Connect with us

Kerala

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Published

|

Last Updated

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും അറസ്റ്റ് വേണോ വേണ്ടയോ എന്ന് ആന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാധാ വിജയരാഘവന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്നും ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കും. പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കന്യാസ്ത്രീ മഠത്തിലെ ശല്ല്യക്കാരിയായിരുന്നു. കന്യാസ്ത്രീയെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹരജിയില്‍ പറയുന്നു.

അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി.
വൈക്കം ഡി വൈ എസ് പി. കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷ സംഘം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. സാക്ഷി മൊഴികള്‍ പരിശോധിച്ചും സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും അടിസ്ഥാനമാക്കിയും നൂറോളം ചോദ്യങ്ങള്‍ തയ്യാറാക്കിയെന്നാണ് വിവരം.
കോട്ടയത്ത് വെച്ചാകും ചോദ്യം ചെയ്യല്‍. വൈക്കം ഡി വൈ എസ് പി ഓഫീസ്, ഏറ്റുമാനൂര്‍ ഹൈടെക് സെല്‍, കോട്ടയം പോലീസ് ക്ലബ് എന്നിവിടങ്ങള്‍ ഇതിനായി പരിഗണിക്കും. അന്വേഷണ ചുമതലയുള്ള വൈക്കം ഡി വൈ എസ് പിയാകും ആദ്യം ചോദ്യം ചെയ്യുക. തുടര്‍ന്ന് എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെ, കോട്ടയം എസ് പി. എസ് ഹരിശങ്കര്‍ എന്നിവരും ചോദ്യം ചെയ്യും.

95 സാക്ഷികളുടെ മൊഴി, നാല് തൊണ്ടിമുതല്‍, 34 രേഖകള്‍ എന്നിവയാണ് പോലീസ് കരുതിവച്ചിരിക്കുന്നത്. നാളെ രാവിലെ പത്തിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനാണ് ബിഷപ്പിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബിഷപ്പിനെ മൂന്ന് ദിവസം വരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ ദിവസം ഏര്‍പ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

ബിഷപ്പ് സംസ്ഥാനത്തെത്തുന്നതോടെ പോലീസിന്റെ സുരക്ഷാവലയത്തിലാകും സഞ്ചരിക്കുക. മൊഴിയിലെ വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായാണ് രണ്ടാം തവണയും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ഫ്രാങ്കോ മുളക്കല്‍ നല്‍കിയ മൊഴികള്‍ കളവാണെന്ന് വ്യക്തമായിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഇത് സ്ഥാപിച്ചെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ജോലി.