Connect with us

International

അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്ക് പാക് പൗരത്വം നല്‍കും: ഇംറാന്‍ ഖാന്‍

Published

|

Last Updated

കറാച്ചി: പാക്കിസ്ഥാനില്‍ ജനിച്ച അഫ്ഗാന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെല്ലാം പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചു. നേരത്തെ പാക്കിസ്ഥാന്‍ പുലര്‍ത്തിപ്പോന്നിരുന്ന നിലപാടിനോട് എതിരാണ് ഇംറാന്‍ഖാന്റെ ഈ സമീപനം.
പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് ലക്ഷത്തിലധികം അഫ്ഗാന്‍ പൗരന്മാരുണ്ടെന്നാണ് കണക്കുകള്‍. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന യു എന്‍ എച്ച് സി ആറാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. ഇവരില്‍ നിരവധി പേര്‍ കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്ത് താമസിച്ചുകൊണ്ടിരിക്കുന്നവരാണ്.
അതുപോലെ ബംഗ്ലാദേശിലെ ഗോത്രവര്‍ഗങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം പേരും പാക്കിസ്ഥാനില്‍ ജീവിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് തെക്കന്‍ കറാച്ചിയിലാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിനിടെ ഇവിടെ കുടുങ്ങിപ്പോയവരാണ് ഇവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ചില പതിറ്റാണ്ടുകളില്‍ പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. 1970ല്‍ സോവിയറ്റ് അധിനിവേശ കാലത്താണ് ഇതിന് തുടക്കമായത്. പിന്നീട് രാജ്യത്ത് യു എസ് സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്നും ഇതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നും പാക്കിസ്ഥാനിലേക്ക് അഭയാര്‍ഥികള്‍ ഒഴുകിക്കൊണ്ടിരുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള പാവപ്പെട്ട അഭയാര്‍ഥികള്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി പാക്കിസ്ഥാനില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ മക്കളും ഇപ്പോള്‍ വളര്‍ന്നുവലുതായിരിക്കുന്നു. പാക്കിസ്ഥാന്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അനുവദിക്കും. അതുപോലെ അഫ്ഗാനില്‍ നിന്നുള്ള പൗരന്മാര്‍ക്കും പാക്കിസ്ഥാന്‍ പൗരത്വം അനുവദിക്കുമെന്നും ഇംറാന്‍ ഖാന്‍ കറാച്ചിയില്‍ വെച്ച് വ്യക്തമാക്കി. അഭയാര്‍ഥി പ്രവാഹം എല്ലാ രാജ്യത്തും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പിന്നെയെന്തിനാണ് ഇവരോട് നാം അനീതി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
നേരത്തെ പാക്കിസ്ഥാന്റെ അധികാരത്തിലിരുന്ന ഭരണകൂടങ്ങളെല്ലാം അഭയാര്‍ഥികള്‍ക്കെതിരെ രംഗത്തുവന്നവരായിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുഴപ്പങ്ങള്‍ക്ക് പിന്നില്‍ അഭയാര്‍ഥികളാണെന്നായിരുന്നു അവരുടെ ആരോപണം. പാക്കിസ്ഥാനില്‍ ജനിച്ച എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്നാണ് പാക്കിസ്ഥാന്‍ നിയമം അനുശാസിക്കുന്നത്.