Connect with us

Articles

ദളിത് എന്ന പ്രയോഗത്തെപ്പോലും അവര്‍ ഭയപ്പെടുകയാണ്

Published

|

Last Updated

“ദളിത്” എന്ന പദം പട്ടികജാതി വിഭാഗക്കാരെ സൂചിപ്പിക്കാനായി ഉപയോഗിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതര പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് വാര്‍ത്തകളിലും ചര്‍ച്ചകളിലും പട്ടികജാതി എന്നു തന്നെ ഉപയോഗിക്കണമെന്നാണ് കല്‍പ്പന. മാധ്യമങ്ങള്‍ ദളിത് എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഒരു സ്വകാര്യ പരാതിയില്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഈ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. പട്ടികജാതിക്ക് (ഷെഡ്യൂള്‍കാസ്റ്റ്) അതാത് ഭാഷകളിലെ നേര്‍ പരിഭാഷകള്‍ തന്നെ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 2018 മാര്‍ച്ചില്‍ കേന്ദ്ര സാമൂഹിക നീതിവകുപ്പ് ദളിത് എന്നതിനു പകരം പട്ടികജാതി എന്നുതന്നെ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയതും ഉത്തരവില്‍ എടുത്തുപറയുന്നു. ദളിത് എന്ന പദം ഭരണഘടനയില്‍ ഇല്ലെന്നു പറഞ്ഞ് 2018 ജനുവരിയില്‍ മധ്യപ്രദേശ് ഹൈക്കോടതിയും ഇതുപോലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു പോലും.

ദളിത് എന്നത് ഇന്ന് ഇന്ത്യയിലെ അധഃസ്ഥിത ജനതയുടെ സ്വത്വത്തെയും ആത്മാഭിമാനത്തെയും സൂചിപ്പിക്കുന്ന പദമാണ്. എത്രയോ കാലങ്ങളായി ഇത് ഉപയോഗിച്ചുവരുന്നതുമാണ്. അക്കാദമിക് വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമെല്ലാം ദളിത് എന്ന പദം എത്രയോ കാലമായി ഉപയോഗിച്ചുവരുന്നു. ദളിത് സാഹിത്യവും ദളിത് സിനിമയും ദളിത് സൗന്ദര്യശാസ്ത്രവുമെല്ലാം എത്രയോ കാലമായി നമ്മുടെ ധൈഷണിക വ്യവഹാരങ്ങളില്‍ ഉള്ളതാണ്.

സംസ്‌കൃതത്തിലെ ദല്‍ എന്ന പദത്തില്‍ നിന്നാണ് ദളിത് ഉണ്ടായതെന്നാണ് പല ഭാഷാ പണ്ഡിതരും നിരീക്ഷിക്കുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അര്‍ഥങ്ങളും സംസ്‌കൃതത്തില്‍ ഈ പദത്തിനുണ്ട്. ചരിത്രപരമായി സമൂഹശരീരത്തില്‍ നിന്നും ദലനം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ സൂചിപ്പിക്കാനാണ് ദളിത് എന്ന പദം ഉപയോഗിക്കുന്നത്. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ അതായത് പൊതുധാരയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടവരെ സൂചിപ്പിക്കുന്നതാണ് ദളിത് എന്ന പദം. മറാത്തി നവോത്ഥാന നായകനായ മഹാത്മാ ജ്യോതിബറാവുഫുലേയാണ് അധഃസ്ഥിത വിഭാഗങ്ങളെ സൂചിപ്പിക്കാന്‍ ആദ്യമായി ദളിത് എന്ന പദം ഉപയോഗിച്ചത്.

ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട അധഃസ്ഥിത സമൂഹങ്ങളെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ദളിത്. അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തപ്പെട്ട അവര്‍ണ വിഭാഗങ്ങളെയാണ് ദളിത് എന്ന പദം പ്രതിനിധീകരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ദാരിദ്ര്യവും പീഢനവുമനുഭവിക്കുന്ന ചതുര്‍വിധ വര്‍ണവ്യവസ്ഥയില്‍പോലും പരിഗണിക്കപ്പെടാത്ത ജനസമൂഹങ്ങളെ ഹരിജന്‍ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. മഹാത്മാ ജ്യോതിറാവുഫുലേയും അംബേദ്കറുമാണ് ദളിത് എന്ന പ്രയോഗത്തെ പ്രചാരത്തില്‍ വരുത്തിയത്.

ചതുര്‍വിധവ്യവസ്ഥക്ക് പുറത്തുനില്‍ക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവരെയും തൊട്ടുകൂടാത്തവരെയും ആത്മബോധത്തിലേക്കുയര്‍ത്തിയ സാമൂഹിക പ്രയോഗങ്ങളുടെ ചരിത്രഗതിയിലാണ് ദളിത് എന്ന പ്രയോഗം വ്യാപകമായി തീര്‍ന്നത്. ഇന്ത്യയിലെ സവര്‍ണജാതി ശക്തികളാണ് അധഃസ്ഥിത ജനസമൂഹങ്ങളുടെ ഏകോപനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ദളിത് എന്ന പദത്തെ എല്ലാകാലത്തും എതിര്‍ത്തുപോന്നത്. ഹിന്ദുത്വശക്തികള്‍, ആര്‍ എസ് എസുകാര്‍ ഈ പദം ഉപയോഗിക്കാന്‍ പാടില്ലെന്നും നേരത്തെതന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്.

2017 ഏപ്രില്‍ 21-ന് പുണെയില്‍ നടന്ന ആര്‍ എസ് എസ് നേതൃത്വയോഗം ദളിത് എന്ന പദം പട്ടികജാതി ജനസമൂഹത്തെ അപമാനിക്കുന്നതും ജാതീയമായി വേര്‍തിരിക്കുന്നതുമായതിനാല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശിക്കുകയുണ്ടായി. ഇന്ന് അധഃസ്ഥിത ജനസമൂഹങ്ങളുടെ രാഷ്ട്രീയ ഉണര്‍വുകളെ കൂടി സൂചിപ്പിക്കുന്ന പദമായി ദളിത് പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് അധികാരിവര്‍ഗങ്ങളെയും സംഘ്പരിവാര്‍ ശക്തികളെയും ഈ പദത്തിനെതിരെ തിരിച്ചുവിട്ടിരിക്കുന്നത്.

വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നുവരികയാണ്. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളും ഇടതുപക്ഷവും സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ദളിത് എന്ന പദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഉന സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തുകയുണ്ടായി. ഉനയില്‍ പശുഹത്യനടത്തിയെന്നാരോപിച്ച് ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദിക്കുകയാണുണ്ടായത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യമെമ്പാടും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിതമായിരിക്കുന്നു. സംഘ് പരിവാര്‍ സംഘടനകളില്‍ അണിനിരന്നിരിക്കുന്ന സവര്‍ണജാതി വിഭാഗങ്ങള്‍ അധഃസ്ഥിത ജനസമൂഹങ്ങളെ രാജ്യവ്യാപകമായി വേട്ടയാടുകയാണ്. ഹിന്ദുത്വമെന്നത് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമടങ്ങുന്ന ത്രൈവര്‍ണികരുടെ അധികാരവ്യവസ്ഥയെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയമാണ്. വര്‍ണാശ്രമ ധര്‍മങ്ങളില്‍ അഭിരമിക്കുകയും ജാതിവിവേചനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ധര്‍മ്മശാസ്ത്ര നിലപാടുകളില്‍ നിന്നാണ് ദളിത് വിരുദ്ധ നീക്കങ്ങള്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണഭൂമിയാണല്ലോ ഗുജറാത്ത്. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ 77 ഗ്രാമങ്ങലിലെങ്കിലും ദളിതര്‍ക്ക് സാമൂഹ്യഭ്രഷ്ട് നിലനില്‍ക്കുന്നുവെന്നാണ്. ഈ ഗ്രാമങ്ങളില്‍ നിന്ന് സാമൂഹ്യഭ്രഷ്ട് മൂലം ദളിതര്‍ കൂട്ടത്തോടെ പലായനം ചെയ്യപ്പെടുകയാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് പീഡനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും ബി ജെ പി സര്‍ക്കാര്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ യു പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ സഹായത്തോടെ ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണ്.

2018 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭീമകൊറേഗാവില്‍ ദളിതരെ കടന്നാക്രമിക്കുകയായിരുന്നു സവര്‍ണ മറാത്ത വംശീയവാദികള്‍. ദളിത് ആത്മാഭിമാനത്തിന്റെ പ്രതീകമായി ഗണിക്കപ്പെടുന്ന ഭീമകൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കാന്‍ സ്മാരകഭൂമിയിലെത്തിയ ദളിതര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കാവിക്കൊടികളുമായെത്തിയ വംശീയവാദികള്‍ ജനക്കൂട്ടത്തിനുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ത്തി. രാജ്യത്തെ ജനാധിപത്യവാദികളും ബുദ്ധിജീവികളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭീമകൊറേഗാവ് സംഭവത്തില്‍ സര്‍ക്കാറിനെതിരെ രംഗത്തിറങ്ങി.

മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും സര്‍ക്കാര്‍ കലാപമുണ്ടാക്കിയ മറാത്ത വംശീയവാദികളെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധിച്ച എഴുത്തുകാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഭീകരവിരുദ്ധനിയമം ഉപയോഗിച്ച് വേട്ടയാടുന്നതാണ് സമീപദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. രോഹിത്‌വെമുലയുടെ രക്തസാക്ഷി സമാനമായ ആത്മഹത്യയും ഹരിയാനയിലെയും ഗുജറാത്തിലെയും ദളിത് വേട്ടകളും സംഘ്പരിവാറിന്റെ വിദേ്വഷ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ പ്രയോഗങ്ങളാണ്. ന്യൂനപക്ഷങ്ങളെയും ദളിതരെയും വേട്ടയാടുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ എല്ലാ വിഭാഗം ജനങ്ങളും ഇന്ന് തിരിച്ചറിയുന്നുണ്ട്.

ദളിത് ജനസമൂഹങ്ങള്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. ബി ജെ പിയുടെ എം എല്‍ എ ആയ യുവതി ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ അവര്‍ ദളിതായതുകൊണ്ട് ഹിന്ദുത്വവാദികള്‍ ശുദ്ധികലശം നടത്തിയല്ലോ. ശുദ്ധാശുദ്ധങ്ങളുടെ ധര്‍മ്മശാസ്ത്രമാണ് സംഘ്പരിവാറിന്റേത്. ഇതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന ദളിത് ഉണര്‍വുകള്‍ ഹിന്ദുത്വവാദികള്‍ക്കെതിരായ അധഃസ്ഥിത മുന്നേറ്റങ്ങളെയാണ് കാണിക്കുന്നത്. ദളിതുകള്‍ ആത്മബോധം വീണ്ടെടുത്ത് സഹസ്രാബ്ദങ്ങളായി തങ്ങളനുഭവിക്കുന്ന അടിമത്വത്തിനും ജാതി മര്‍ദനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീര്‍ക്കുകയാണ്. ഈ സംഭവവികാസങ്ങള്‍ ഹിന്ദുത്വവാദികളെ അങ്ങേയറ്റം അസഹിഷ്ണുക്കളാക്കുകയാണ്. ഈ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ദളിത് എന്ന പദപ്രയോഗത്തെപ്പോലും ഇല്ലാതാക്കുന്നതിലേക്കെത്തിച്ചിരിക്കുന്നത്. ദളിത് എന്ന പ്രയോഗത്തെപ്പോലും ഹിന്ദുത്വവാദികള്‍ ഭയപ്പെടുകയാണ്.

Latest