പോസ്റ്റല്‍ ബേങ്കുകള്‍ വരുമ്പോള്‍

സാമ്പത്തിക തട്ടിപ്പുകളാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ ബേങ്കുകള്‍, പലപ്പോഴും അത് പരിഹരിക്കാന്‍ ഇടപാടുകാരുടെ മേല്‍ സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മിനിമം ബാലന്‍സ്, എ ടി എം നിയന്ത്രണം തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ നഷ്ടം നികത്തുന്ന ഏര്‍പ്പാടിന് ഇതോടെ ഒരു പരിധിവരെ പരിഹാരമാകും. ഇതുതന്നെയാകും പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്ക് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ക്ഷേമപെന്‍ഷനുകള്‍ മുതല്‍ സബ്‌സിഡികള്‍ വരെ ബേങ്ക് അക്കൗണ്ട് വഴി നല്‍കുന്ന ഇക്കാലത്ത് സര്‍വീസ് ചാര്‍ജിന്റെയും മിനിമം ബാലന്‍സിന്റെയും പേര് പറഞ്ഞ് സാധാരണക്കാരന്റെ പണം അടിച്ചുമാറ്റുന്ന കുത്തക ബേങ്കുകള്‍ തീര്‍ച്ചയായും ഇത്തരമൊരു സംവിധാനത്തിനെതിരെ രംഗത്തുവരും. കുഗ്രാമങ്ങളില്‍ പോലും ശാഖകളുമായി പോസ്റ്റല്‍ ബേങ്ക് രംഗത്തുവരുമ്പോള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ അതിജയിക്കേണ്ടത് പോസ്റ്റല്‍ ബേങ്കുകളുടെ ബാധ്യതയായി മാറും.
Posted on: September 18, 2018 8:57 am | Last updated: September 17, 2018 at 9:00 pm

ബേങ്ക് തട്ടിപ്പുകളുടെ കാലത്ത് ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്കുകളുടേത്. 2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്കുകള്‍ക്ക് ഔദ്യോഗിക തുടക്കമായിരിക്കുകയാണല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബേങ്കിംഗ് രംഗത്തേക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് പുത്തന്‍ അധ്യായം സൃഷ്ടിക്കപ്പെടുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ 650 ബ്രാഞ്ചുകളിലാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബേങ്കുകള്‍ (ഐ പി പി ബി) തുടങ്ങിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ബ്രാഞ്ചുകളിലും സൗകര്യമേര്‍പ്പെടുത്താനാണ് സര്‍ക്കാറിന്റെ ശ്രമം. എല്ലാ ബ്രാഞ്ചിലും ബേങ്കിംഗ് സേവനം ഒരുക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ബേങ്കിംഗ് ശൃംഖലയായി ഐ പി പി ബി മാറും. ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീണ ജനതയുമായി വളരെയധികം അടുത്ത് ബന്ധപ്പെടുന്ന മൂന്ന് ലക്ഷത്തോളമുള്ള പോസ്റ്റുമാന്മാര്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഐ പി പി ബിക്ക് കരുത്തുപകരും.

ബേങ്കിംഗ് രംഗത്തേക്ക് 1,55,000ത്തോളം വരുന്ന പോസ്റ്റ് ഓഫീസുകള്‍ വരുന്നതോടുകൂടി രാജ്യത്ത് ഇത്തരം സേവനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന കുഗ്രാമങ്ങള്‍ കൂടി ബേങ്കിംഗ് രംഗത്തേക്കെത്തും. ഇതു തന്നെയായിരിക്കും പോസ്റ്റ് പേയ്‌മെന്റ് ബേങ്കുകള്‍ക്ക് ചെയ്യാവുന്ന വലിയ ഉത്തരവാദിത്തവും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സിസ്റ്റം (എഫ് എസ് എസ്)വുമായി ഐ പി പി ബി കൈകോര്‍ക്കുകയാണ്. ഗ്രാമങ്ങളിലെ ചെറുകിട- ഇടത്തരം സംരംഭങ്ങളേയും വനിതകളെയും ഇതുവഴി പോസ്റ്റല്‍ ബേങ്കിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 27 വര്‍ഷമായി ഈരംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന കമ്പനിയാണ് എഫ് എസ് എസ്. രാജ്യത്തിനകത്തും പുറത്തും നിരവധി ബേങ്കിംഗ് സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എഫ് എസ് എസുമായുള്ള കൈകോര്‍ക്കല്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബേങ്കിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍കിട തട്ടിപ്പുകളുടെ വേദിയായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ബേങ്കിംഗ് രംഗം. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ സാധാരണക്കാരന്റെ പണത്തിന് ഏറ്റവും നല്ല സുരക്ഷിതയിടമായിരിക്കും പോസ്റ്റ് പേയ്‌മെന്റ് ബേങ്കുകള്‍. കാരണം, ബേങ്കിംഗ് രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി വായ്പ വാങ്ങിയവര്‍ തിരിച്ചടക്കാതെ മുങ്ങുന്നുവെന്നതാണ്. ആയിരക്കണക്കിന് കോടികള്‍ വായ്പയെടുത്ത് മുങ്ങി ബേങ്കിന് വന്‍ സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്നവര്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 77,000 കോടിയുടെ തട്ടിപ്പുകളാണ് ഇന്ത്യയില്‍ നടന്നതെന്ന് ആര്‍ ബി ഐ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ പേയ്‌മെന്റ് ബേങ്കുകള്‍ക്ക് വായ്പ നല്‍കാനുള്ള അനുമതിയില്ലാത്തതിനാല്‍, വായ്പയെടുത്ത് മുങ്ങുകയെന്ന ദുരന്തം സംഭവിക്കില്ലെന്ന് ആശ്വസിക്കാം. മാത്രവുമല്ല, ഇന്റര്‍നെറ്റിന്റെയും ഇ-മെയിലിന്റെയും വരവോടുകൂടി അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന് പുത്തനുണര്‍വ് പകരാന്‍ പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്കുകള്‍ക്കാകും. ബേങ്കുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും യാതൊരുവിധ അധിക ചാര്‍ജുമില്ലാതെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബേങ്കില്‍ ലഭ്യമാണ്. അതിനൊക്കെ പുറമേ പരിധിയില്ലാതെ സൗജന്യ എ ടി എം ഉപയോഗം, കുറഞ്ഞ മിനിമം ബാലന്‍സ് തുടങ്ങിയവ പോസ്റ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിന്റെ പ്രത്യേകതയാണ്. ഐ പി പി ബിയുടെ എ ടി എം കാര്‍ഡ് മറ്റേത് ബേങ്കിന്റെ എ ടി എമ്മിലും സൗജന്യമായി ഉപയോഗിക്കാം. സേവിംഗ്‌സ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും കഴിയും.

വിവര സാങ്കേതിക വിനിമയ രംഗത്തെ കുതിച്ചുചാട്ടത്തിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ പല പദ്ധതികളും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (ജ ഘ ക). അതുപോലെ ഗ്രാമീണ ജനതയെ ഉദ്ദേശിച്ചുള്ള റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (ഞ ജ ഘ ക). 2017 മാര്‍ച്ച് വരെ 46.8 പി എല്‍ ഐ പോളിസിക്കാരും 146.8 ആര്‍ പി എല്‍ ഐ പോളിസിക്കാരും രാജ്യത്തുണ്ട്. ഇങ്ങനെയുള്ള നിരവധി മൂല്യവര്‍ധിത സേവനങ്ങളുമായി രംഗത്തുള്ള പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന് പേയ്‌മെന്റ് ബേങ്ക് വലിയ രീതിയില്‍ സഹായകമാകും എന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ വന്‍കിടക്കാരുടെ സാമ്പത്തിക തട്ടിപ്പുകളാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ ബേങ്കുകള്‍, പലപ്പോഴും അത് പരിഹരിക്കാന്‍ ഇടപാടുകാരുടെ മേല്‍ സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മിനിമം ബാലന്‍സ്, എ ടി എം ഇടപാട് നിയന്ത്രണം തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയിട്ട് വാരി നഷ്ടം നികത്തുന്ന ഏര്‍പ്പാടിന് ഇതോടുകൂടി ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതാം. ഇതുതന്നെയായിരിക്കും പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്ക് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ക്ഷേമപെന്‍ഷനുകള്‍ മുതല്‍ സബ്‌സിഡികള്‍ വരെ ബേങ്ക് അക്കൗണ്ട് വഴി നല്‍കുന്ന ഇക്കാലത്ത് സര്‍വീസ് ചാര്‍ജിന്റെയും മിനിമം ബാലന്‍സിന്റെയും പേര് പറഞ്ഞ് സാധാരണക്കാരന്റെ പണം അടിച്ചുമാറ്റുന്ന കുത്തകബേങ്കുകള്‍ തീര്‍ച്ചയായും ഇത്തരമൊരു സംവിധാനത്തിനെതിരെ രംഗത്തുവരുമെന്ന് തന്നെ വേണം കരുതാന്‍. കുഗ്രാമങ്ങളില്‍ പോലും ശാഖകളുമായി പോസ്റ്റല്‍ ബേങ്ക് രംഗത്തുവരുമ്പോള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ അതിജയിക്കേണ്ടതും പോസ്റ്റല്‍ ബേങ്കുകളുടെ ബാധ്യതയായി മാറും.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഫലമായി 2023ല്‍ രാജ്യത്ത് ഒരു ട്രില്യന്‍ ഡോളറിന്റെ പേയ്‌മെന്റുകള്‍ നടക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ 800 മില്യന്‍ ബേങ്ക് അക്കൗണ്ടുകളാണുള്ളത്. ഇത് ഭാവിയില്‍ വളരെയധികം വര്‍ധിക്കുമെന്നതിനാല്‍ പോസ്റ്റല്‍ പേയ്‌മെന്റ് ബേങ്കിന് നല്ല അവസരമായിരിക്കും ഈരംഗത്ത് നല്‍കുക.

ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തെയും നാശത്തിലേക്ക് നയിക്കുന്ന അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കരുതിയിരിക്കേണ്ടതുണ്ട്. നിലവില്‍ ബേങ്ക് ലോണ്‍, വായ്പ എന്നിവ അനുവദിക്കുന്നില്ലെങ്കിലും ഇത്തരം സാഹചര്യത്തില്‍ പഞ്ചാബ് നാഷണല്‍ ബേങ്കുമായി സഹകരിച്ചു ഏജന്റ് എന്ന നിലയില്‍ ലോണ്‍ തരപ്പെടുത്തി നല്‍കാനാണ് തീരുമാനം. നീരവ് മോദി കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന പി എന്‍ ബി യുമായുള്ള കൂട്ടുകെട്ട് എല്ലാം വളരെ സൂക്ഷിച്ചായിരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ എല്ലാം കുളം തോണ്ടാന്‍ ഇത്തരം ‘കൂട്ടുകെട്ടുകള്‍’ മതിയാകും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി നടന്ന 77,000 കോടി രൂപയുടെ ബേങ്ക് തട്ടിപ്പില്‍ 68,000 കോടിയും പൊതുമേഖലാ ബേങ്കുകളില്‍നിന്നാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. ഇത് പുതുതായി തുടങ്ങുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബേങ്കിന്റെ വളര്‍ച്ചയില്‍ പാഠമാകേണ്ടതാണ്. ഇന്ത്യയില്‍ ഐ പി പി ബിക്ക് വളരാനുള്ള സാഹചര്യങ്ങള്‍ ഏറെയുള്ളതുപോലെ തന്നെ നാശത്തിലേക്ക് കൂപ്പുകുത്താനുള്ള സാഹചര്യങ്ങളും ഏറെയാണ്.