Connect with us

Editorial

ഹാരിസണില്‍ നിരന്തരം തോല്‍വി ?

Published

|

Last Updated

ഹാരിസണ്‍ ഭൂമിയേറ്റെടുപ്പ് കേസില്‍ ഹൈക്കോടതിക്ക് പിറകെ സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാറിന് തിരിച്ചടി നേരിട്ടിരിക്കയാണ്. ഹാരിസണ്‍ കമ്പനി കൈമാറ്റം ചെയ്ത കോട്ടയം, ഇടുക്കി കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 38,000 ഏക്കര്‍ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടികളാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഉടമസ്ഥാവകാശം തെളിയിക്കാനായി സിവില്‍ കോടതിയില്‍ കേസ് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നും ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നും കാണിച്ചായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, സ്‌പെഷല്‍ ഓഫീസറുടെ അധികാര പരിധിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാനുള്ള അവകാശം ഉള്‍പ്പെടുകയില്ലെന്നാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്.

2006ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്താണ് ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി ഇടപാടുകളെപ്പറ്റി ശക്തമായ അന്വേഷണം ആരംഭിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിതാ പി ഹരന്‍ അധ്യക്ഷയായ ഉന്നതാധികാര സമിതിയെ ഇതേക്കുറിച്ചു അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചു. കമ്പനിയുടെ പക്കലുള്ള 76,000 ഏക്കര്‍ സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. തുടര്‍ന്നു 2007ല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പഠനത്തിനായി അഞ്ച് മന്ത്രിമാര്‍ അടങ്ങുന്ന ഉപസമിതിയെയും നിയമവശങ്ങള്‍ പഠിക്കുന്നതിനായി ജസ്റ്റിസ് എല്‍. മനോഹരന്റെ നേതൃത്വത്തിലുള്ള സമിതിയെയും ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു മനോഹരന്‍ സമിതിറിപ്പോര്‍ട്ട്. 2010ല്‍ പിന്നെയും ഭൂമി ഏറ്റെടുക്കല്‍ നടപടികളെക്കുറിച്ചു പഠിക്കാന്‍ ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സജിത്ത് ബാബുവിനെ ചുമതലപ്പെടുത്തി. കമ്പനിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഭൂമി തങ്ങളുടേതാണെന്ന് കമ്പനി കോടതയില്‍ അവകാശപ്പെട്ടെങ്കിലും ഉടമാവകാശം തെളിയിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച വിജിലന്‍സ് ഡി വൈ എസ് പി നന്ദനന്‍ പിള്ള കമ്പനി രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിച്ചു 2013 ഫെബ്രുവരി 16 ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി. ഇതടിസ്ഥാനത്തിലാണ് 1957ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഭൂമി പിടിച്ചെടുക്കുന്നതിനായി 2013 ഏപ്രില്‍ 23 ന് ഡോ. എം ജി രാജമാണിക്യത്ത നിയമിച്ചതും 2014 നവംബര്‍ ഒന്നിന് ഭൂമി പിടിച്ചെടുത്തുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതും.

നീണ്ട കാലത്തെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടിക്ക് എന്തുകൊണ്ടാണ് കോടതികളില്‍ നിന്ന് തുടരെ തുടരെ തിരിച്ചടി നേരിടേണ്ടി വരുന്നത്? രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ റവന്യൂ വകുപ്പ് തന്നെ കരുനീക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ കേസ് മനഃപൂര്‍വം തോറ്റുകൊടുക്കു കയായിരുന്നുവെന്നും ഹൈക്കോടതി വിധിക്ക് പിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന ഗവ. പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റി തത്സ്ഥാനത്ത് നിയോഗിച്ചത് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടി നേതാവിന്റെ മകനും നേരത്തെ ഹാരിസണ്‍ കമ്പനിയുടെ അഭിഭാഷകനുമായിരുന്നയാളെയാണെന്നും വിമര്‍ശന വിധേയമായി. യഥാസമയം സത്യവാങ്മൂലം സമര്‍പ്പിക്കാതെയും കോടതിയില്‍ ഹാജരാകാതെയും പിന്നീട് അഭിഭാഷകര്‍ സമര്‍ഥമായി ഹാരിസണിന് വേണ്ടി കളിക്കുകയായിരുന്നുവത്രേ. കൃത്യമായി നികുതി അടച്ചു കൈവശം വെച്ചുവരുന്ന ഭൂമി എങ്ങനെ പാട്ടഭൂമിയുടെ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാനാകുമെന്ന ചോദ്യമാണ് ഹാരിസണ്‍ കമ്പനി ഉന്നയിച്ചിരുന്നത്. ഈ വാദത്തെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല.
ഏതായാലും ഒരു വിദേശ കമ്പനി അനധികൃതമായി കൈയടക്കി വെച്ച ഭൂമി തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നത് നാണക്കേടാണ്. കോടതികളുടെ ഉത്തരവ് ഹാരിസണ്‍ ഭൂമിയെ മാ്രതമല്ല, എല്ലാ വന്‍കിടക്കാരുടെയും ഭൂമി ഏറ്റെടുക്കലിനെബാധിക്കുമെന്നാണ് നിയമജ്ഞരുടെ പക്ഷം. കൃഷി ഉപജീവനമാര്‍ഗമായ നാമമാത്ര കര്‍ഷകന്റെ ഭൂമി കൈയേറ്റമെന്നാരോപിച്ചു നികുതി സ്വീകരിക്കാതിരിക്കുകയും പട്ടയം റദ്ദ് ചെയ്തു പിടിച്ചെടുക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പ് ഹാരിസണ്‍ കമ്പനിയുടെ നികുതി യാതൊരു പരാതിയുമില്ലാതെ ഇക്കാലമത്രയും സ്വീകരിക്കുകയും കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തത് സംശയാസ്പദമാണ്. ഹൈക്കോടതി വിധി പ്രതികൂലമാവുകയും റവന്യൂ വകുപ്പിന്റെ ഗുരുതരമായ വീഴ്ചക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്ത ശേഷമാണ് കമ്പനിയുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. സുപ്രീം കോടതിയും കൈയൊഴിഞ്ഞ സ്ഥിതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമനിര്‍മാണമാണ് സര്‍ക്കാറിന്റെ മുമ്പിലുള്ള മാര്‍ഗം. 1971ല്‍ കണ്ണന്‍ ദേവന്റെ 1,20,000 ഏക്കര്‍ ഏറ്റെടുത്ത നിയമത്തിന്റെ (കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് വില്ലേജ് ആക്ട്) മാതൃക മുന്നിലുണ്ട്. അത്തരമൊരു ധീരമായ നടപടിക്കുള്ള ഇച്ഛാശക്തി സര്‍ക്കാറിനുണ്ടാകുമോ?

Latest