Connect with us

Gulf

തൊഴില്‍ കരാര്‍ തൗജീഹ് കേന്ദ്രങ്ങള്‍ വഴി

Published

|

Last Updated

അബുദാബി: തൊഴിലാളികളുടെ തൊഴില്‍ കരാര്‍ തൗജീഹ് കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാന്‍ തുടങ്ങി. അബുദാബി, ദുബൈ എന്നിവിടങ്ങളിലുള്ള തൗജീഹ് സെന്ററുകളാണ് മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ കരാറുകള്‍ കൈമാറുന്നത്. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനായി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ പുതിയ സേവന കേന്ദ്രമാണ് തൗജീഹ്.

തൊഴില്‍ ഉടമയേയും തൊഴിലാളികളേയും തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ പ്രാപ്തമാക്കുക തൗജിഹ് സെന്ററുകളുടെ ലക്ഷ്യമാണ്. തൊഴിലുടകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തൗജീഹ് വഴി ലഭ്യമാക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട മന്ത്രാലയ നിര്‍ദേശങ്ങള്‍, തൊഴില്‍സംബന്ധിയായ അവബോധം, തൊഴില്‍ കരാര്‍ കൈപ്പറ്റല്‍, തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പത്രവിതരണം, സമൂഹ സംസ്‌കാരത്തിനു ഉതകുന്നതും തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ആവശ്യമായതുമായ മുഴുവന്‍ മന്ത്രാലയ ബ്രോഷറുകളും കൈപുസ്തകങ്ങളും ഇതു വഴിയാണ് വിതരണം ചെയ്യുക. യുഎഇയിലെ തൊഴിലാളികള്‍ക്ക് അവകാശവും കര്‍ത്തവ്യവും സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ 14 ഭാഷകളിലാണ് തൗജീഹ് സെന്റര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക.

അബുദാബിയിലും ദുബൈയിലും 14 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതര എമിറേറ്റുകളിലേക്ക് കൂടി സേവനം വിപുലപ്പെടുത്തുന്നതിനായി 23 തൗജീഹ് കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് മന്ത്രാലയത്തിലെ പരിശോധനാ വകുപ്പ് തലവന്‍ മാഹിര്‍ അല്‍ ഔബദ് അറിയിച്ചു. പുതുതായി വരുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തൊഴില്‍ കരാറുകള്‍ പ്രാഥമിക തൊഴില്‍ പത്രവുമായി യോജിക്കുന്നുണ്ടോ എന്നു അധികൃതര്‍ പരിശോധിക്കും. ഇപ്പോള്‍ വിദഗ്ധ തൊഴിലാളികള്‍ക്കാണ് കരാറുകള്‍ നല്‍കുന്നത്. പുതിയ സെന്ററുകള്‍ നിലവില്‍ വരുന്നതോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും കരാറുകള്‍ കൈപറ്റാനാകും. പുതുതായി തുറക്കുന്ന സെന്ററുകള്‍ വരുന്നതോടെ അബുദാബിയില്‍ 11 തൗജീഹ് സെന്ററാകും. അല്‍ഐന്‍ 1, ദുബൈ 13, ഷാര്‍ജ 6, അജ്മാന്‍ 1, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍ രണ്ട് സെന്ററുകള്‍ വീതം തുറക്കും.