Connect with us

Gulf

എക്‌സ്‌പോ: യു എ ഇ പവലിയന്‍ ശ്രദ്ധേയമാകും

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് വേണ്ടിയുള്ള യു എ ഇ പവലിയന്‍ ശ്രദ്ധേയമാകും. ചിറകുവിടര്‍ത്തുന്ന പ്രാപ്പിടിയനാണ് പ്രമേയം.
15,000 ചതുരശ്ര മീറ്ററിലാണ് പ്രാപ്പിടിയന്റെ മാതൃക. നാലു നിലകളിലുള്ള പവിലിയന്റെ 12,000 ചതുരശ്രമീറ്റര്‍ പ്രദര്‍ശനത്തിനായി നീക്കിവെക്കും. 1,717 ചതുരശ്ര മീറ്ററിലുള്ള മുകള്‍ നില അതിഥികളെ സ്വീകരിക്കാനും ഭക്ഷണശാലകള്‍ക്കും മറ്റുമുള്ളതായിരിക്കും. 588 ചതുരശ്രമീറ്റര്‍ വരുന്ന മെസനൈന്‍ ഫ്‌ളോര്‍ മേളയുടെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനു നീക്കിവയ്ക്കും.

എല്ലാ പവലിയനുകളും പരിസ്ഥിതി സൗഹൃദമായിരിക്കും. അടുത്തവര്‍ഷം അവസാനത്തോടെ പവിലിയന്‍ പൂര്‍ത്തിയാകും. രാജ്യാന്തര തലത്തില്‍ ഹരിതമന്ദിരങ്ങളുടെ നിലവാരം ഉറപ്പാക്കുന്ന ലീഡ് പ്ലാറ്റിനം മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം. അതുകൊണ്ടു തന്നെ ഊര്‍ജോപയോഗം നിയന്ത്രിക്കാം. ആവശ്യമുണ്ടെങ്കില്‍ ഡിസ്ട്രിക്ട് കൂളിങ് സംവിധാനം ഉപയോഗപ്പെടുത്താനാകുംവിധമാണു ക്രമീകരണം അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്നു വെള്ളം ഉല്‍പാദിപ്പിക്കാനുള്ള നൂതന സംവിധാനവും എക്സ്പോ വേദിയിലുണ്ടാകും. മലിനജലം സംസ്‌കരിച്ച് ജലസേചനത്തിന് ഉപയോഗിക്കാനുള്ള പ്ലാന്റുകളും നിര്‍മിക്കും. എക്‌സ്‌പോ വേദിയിലേക്കുള്ള മെട്രോ പാതയായ റൂട്ട് 2020 പൂര്‍ത്തിയായിവരുന്നു. ചുകപ്പ് പാതയില്‍ നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷന്‍ മുതല്‍ എക്‌സ്‌പോ വേദിയിലേക്കുള്ള 15 കിലോമീറ്റര്‍ പാതയാണ് റൂട്ട് 2020. ഏഴു സ്റ്റേഷനുകളുണ്ട്. മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളും. രണ്ടു ഭൂഗര്‍ഭ സ്റ്റേഷനുകളും ജനസാന്ദ്രതയുള്ള ദ് ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക് മേഖലകളിലുള്ളവര്‍ക്കും പാത പ്രയോജനപ്പെടും.

അടുത്തവര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയില്‍ പരീക്ഷണയോട്ടം തുടങ്ങും. ഇരുദിശകളിലേക്കും മണിക്കൂറില്‍ 46,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും പുതിയ റൂട്ടിന്. 2020ല്‍ യാത്രക്കാരുടെ എണ്ണം 1,25,000 ആകുമെന്ന് ആര്‍ ടി എ അറിയിച്ചു.

Latest