Connect with us

Ongoing News

അഭിമാനത്തേരില്‍ മലയാളം; ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടി സ്വപ്‌നക്കുതിപ്പ് നടത്തിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഭാരോദ്വന താരം മീരാഭായ് ചാനുവിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനമാണ് ജിന്‍സണ് അര്‍ജുന അവാര്‍ഡ് നേടിക്കൊടുത്തത്. 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയതേിന് പിന്നാലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സനെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത്.

വിവിധ ഏഷ്യന്‍ ഗ്രാന്റ്പ്രീകളില്‍ സ്വര്‍ണം നേടിയ ജിന്‍സണ്‍ 2015ല്‍ ചൈനയിലെ വുഹാനില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളിയണിഞ്ഞിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി ജോലി ചെയ്യുന്നു.
റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശിപാര്‍ശ പട്ടിക തയ്യാറാക്കിയത്.