Connect with us

Kerala

ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍ : സംസ്ഥാനത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുക്കല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു വീണ്ടും തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. അതേ സമയം ഭൂമി ഏറ്റെടുക്കാനായി സ്‌പെഷ്യല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹരജിയിലുണ്ടായിരുന്നു.

ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണു ഹൈക്കോടതി തടഞ്ഞത്. ഈ വിധിക്കെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ മറ്റ് വഴികളില്ല. കയ്യേറ്റം തടയല്‍ നിയമം വന്നാല്‍ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനാകുമെന്നാണു ഇനി സര്‍ക്കാരിന്റെ പ്രതീക്ഷ.