Connect with us

Prathivaram

വെട്ടിയ വഴിയേ...

Published

|

Last Updated

ഓലക്കീറുകള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ പടിവാതിലില്‍ ചുംബിച്ചു തുടങ്ങിയിരിക്കുന്നു.
കട്ടന്‍ ചായക്ക് കൂട്ടിരിക്കുമ്പോള്‍ തന്റെ മുന്നിലേക്ക് ചിറകറ്റു വീണ പത്രമെടുത്ത് ചെറിയ ഉള്‍ക്കിടിലത്തോടെയാണെങ്കിലും മുന്നറിയിപ്പു കോളം നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു “ഹാ… ന്ന് കരണ്ട് മൊടക്ക്ല്ല.”
പീഡന നരഹത്യാ “കുറ്റപത്രം” മടക്കി, നൂലിഴകള്‍ പിന്നിയകന്ന, ഒന്നരയാണ്ട് പിന്നിട്ട തോര്‍ത്തുമെടുത്ത് കുളിപ്പുര ലക്ഷ്യമിട്ടു നടന്നു. കാലവര്‍ഷം കിതച്ചാണെത്തിയതെങ്കിലും തേരട്ടകള്‍ കുളിമുറിയില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ഒപ്പം ഒച്ചുകളും.
വീട്ടില്‍ മുലപ്പാല്‍ വരെ തികട്ടിവരുന്ന ശകാരാഭിഷേകവും പിതൃത്വം ചിതലരിച്ച പെരുമാറ്റവും. അതുകൊണ്ടാകണം ഇവകളെ അയാള്‍ക്ക് ഒരിക്കലും ഒരു അലോസരമായി തോന്നിയിരുന്നില്ല.
ഉമ്മറത്ത് തന്നെയും കാത്തിരിക്കുന്ന പുട്ടും പഴവും. ഇന്നലത്തെ ഭക്ഷണം മുഴുവന്‍ പുറത്തെ വാട്ടര്‍ ടാപ്പില്‍ നിന്നായതുകൊണ്ട് ഇന്ന് കിട്ടിയതിനെ നിരാശപ്പെടുത്തിയില്ല.
കുപ്പായം മാറി ആകെയുള്ള ഒരു മുണ്ട് തല മാറ്റിയുടുത്ത് പള്ളിയിലേക്കിറങ്ങാനിരിക്കുമ്പോ… “ഈ പാത്രം കഴുകാന്‍ ഇനി ഒന്നിനേക്കൂടി കെട്ടിക്കോളീ”- മരുമോളുടെ സ്വരം. ആ പുട്ടു തിന്ന പാത്രമാണ് പ്രശ്‌നക്കാരന്‍. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല.
ഒട്ടകക്കൂലി കിട്ടണമെന്ന് കരുതിയല്ല, ഈ ഒട്ടകക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനാണ് പടിയിറക്കം.
മുറ്റം മുഴുവന്‍ മൂന്ന് പുത്രന്മാരുടെ രണ്ടും നാലും ചക്രങ്ങള്‍ കൈയടക്കിയിരിക്കുന്നു. എന്നിട്ടും തന്റെ കാലുകള്‍ക്ക് ക്ലേശഭരിതമായ നാട്ടുവഴികള്‍ കടക്കണമായിരുന്നു.
കെട്ടിയവളുടെ ചരടില്‍ കിടന്നാടുന്ന പാവയാണ് ഒരുവന്‍. ആ വഴി ചിന്തിക്കുകയേ വേണ്ട..!!
രണ്ടാമനോട് കഴിഞ്ഞയാഴ്ച ഒരു സീറ്റ് ചോദിച്ചതിന്റെ പാട് ഇതുവരെ മാഞ്ഞിട്ടില്ല.
മൂന്നാമനാണെങ്കില്‍, കൈയിലുള്ള മൊബൈല്‍ ഫോണ്‍ അവനെ ഇരുചെവികളും കൊളുത്തി വലിച്ച് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തളച്ചിരുന്നു.
തന്റെ പിതാവും ഈ സ്മരിക്കപ്പെട്ട ദിനങ്ങള്‍ ശരിക്ക് അനുഭവിച്ചിരുന്നു എന്ന കുറ്റബോധം തളം കെട്ടിയപ്പോഴേക്കും അയാള്‍ പഞ്ചായത്ത് റോഡ് ഭാഗികമായി കീഴടക്കിയിരുന്നു. കാലുകള്‍ ദ്രുതഗതിയില്‍ ചലിക്കുന്നത് മൈലാഞ്ചിച്ചെടി തണല്‍ വിരിക്കും ആ മീസാന്‍ കല്ലുകളെ ലക്ഷ്യമിട്ടായിരുന്നു.
.

irshadpadikkal313@gmail.com (IMHSO പരപ്പനങ്ങാടി)

Latest