Connect with us

Prathivaram

സമൂഹ മാധ്യമങ്ങളില്‍ എന്തൊക്കെ ആഘോഷിക്കരുത്?

Published

|

Last Updated

മൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരു മാസക്കാലം പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെയും പങ്കുവെച്ച അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ നിങ്ങളുടെ മനോഭാവവും സ്വകാര്യ താത്പര്യങ്ങളും രാഷ്ട്രീയ നിലപാടുകളും മുതല്‍ ചെയ്യാന്‍ പോകുന്ന കുറ്റകൃത്യം വരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. കഴിഞ്ഞ യു എസ് തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറുടെയും മനോഭാവം വിലയിരുത്തി രാഷ്ട്രീയ നീക്കങ്ങള്‍ നടത്താന്‍ സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ ഉപയോഗിച്ചതിന് വിവിധ രാഷ്ട്രീയ സംഘടനകള്‍ ഇപ്പോഴും നിയമയുദ്ധം തുടരുകയാണ്. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കടിഞ്ഞാണിട്ട്, സമൂഹ മാധ്യമങ്ങളിലെ വ്യക്തിവിവരങ്ങള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രണവിധേയമാക്കാന്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതും ശ്രദ്ധേയമായ മാറ്റമാണ്.

ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും. സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെ ആഘോഷിക്കരുത് എന്നത് രസകരവും അതേസമയം ഗൗരവവുമുള്ള ചോദ്യമാണ്. പലപ്പോഴും വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ വരാറുള്ള പോസ്റ്റുകള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയുടെ ഡാറ്റ അനലൈസിംഗ് ഈ അന്വേഷണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. അബദ്ധം പറ്റുക എന്ന വ്യക്തിപരമായ അനുഭവത്തിനപ്പുറം ബിസിനസ്, രാഷ്ട്രീയ, നയതന്ത്ര രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡാറ്റ അനലറ്റിക്‌സ് ഇപ്പോള്‍ വഴിതുറക്കുന്നുണ്ട്. സമൂഹ മാധ്യമ രംഗത്തെ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റവും മുന്നേറ്റവും ഡാറ്റ അനലറ്റിക്‌സ് തന്നെ.

മൂന്ന് രീതികളിലൂടെയാണ് നിലവില്‍ സമൂഹ മാധ്യമങ്ങളിലെ വിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രെഡക്ടീവ് അനലറ്റിക്‌സ്, പേഴ്‌സണലൈസ്ഡ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസ്ഡ് സ്ട്രാറ്റജി എന്നിവയാണ് സാങ്കേതിക വിദഗ്ധര്‍ വിവരാവലോകനത്തിനായി ഉപയോഗിക്കുന്ന രീതികള്‍. ഈ രീതികള്‍ അവലംബിക്കുന്നത് വഴി എളുപ്പത്തിലും വേഗതയിലും വ്യക്തി വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും ഉപയോഗിക്കാനും സാധിക്കും. ഇന്ന് ഇതൊരു രഹസ്യമോ അപ്രാപ്യമോ അല്ല. ഓരോ രാജ്യത്തെയും സ്വകാര്യ നയം, സമൂഹ മാധ്യമ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഡാറ്റ അനലറ്റിക്‌സിന്റെ സ്വഭാവം മാറുന്നു എന്നുമാത്രം.
ഇതിനായി വൈവിധ്യമാര്‍ന്ന സാങ്കേതിക വിദ്യകളും ലഭ്യമാണ്. ഫോളോവര്‍ വോങ്ക്, വൈറല്‍ വൂട്ട്, ക്വീന്റ്‌ലി, സൈഫെ, ടെയില്‍ വിന്റ്, കീഹോള്‍, ക്ലൗട്ട്, ക്ലിയര്‍, ഓഡിയന്‍സ്, ട്വീറ്റ് റീച്, പീക് ഫീഡ്, വാല്‍ഫ്രം ആല്‍ഫ, സോഷ്യല്‍ റാങ്ക്, വെബ്സ്റ്റ, ടാക്ക് വാക്കര്‍ തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കാവുന്ന സോഷ്യല്‍ മീഡിയ അനലറ്റിക്‌സ് ടൂളുകളാണ്. അതേസമയം, ബഫര്‍, സമാള്‍, സോഷ്യല്‍ ബേക്കേഴ്‌സ്, വൈറല്‍ ഐ ക്യൂ, സോഷ്യല്‍ റിപ്പോര്‍ട്ട്, സിംപ്ലി മേഷേഴ്‌സ് തുടങ്ങിയ പെയ്ഡ് സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്.

എന്തൊക്കെ ആഘോഷിക്കാം
ഇനി സമൂഹ മാധ്യമങ്ങളില്‍ എന്തൊക്കെ ആഘോഷങ്ങളാണ് പോസ്റ്റ് ചെയ്യേണ്ടത് അല്ലെങ്കില്‍ ഒഴിവാക്കേണ്ടത് എന്ന അന്വേഷണത്തിലേക്ക് വരാം. തീര്‍ത്തും സ്വകാര്യമായി ആഘോഷിക്കേണ്ട ഒരു ജീവിതാനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ആ പോസ്റ്റിന് ചില സാമൂഹിക മൂല്യവും ബാധ്യതയും വന്നുചേരുന്നു. തീര്‍ത്തും സ്വകാര്യമായിരുന്ന ഒരു കാര്യം സാമൂഹികമായി ആഘോഷിക്കുകയോ പങ്കുവെക്കുകയോ ചെയ്യേണ്ടി വരുന്നു. അവിടെ ആ സ്വകാര്യതയിലേക്ക് പലരും കടന്നുവരുന്നു. പലതും കടന്നുവരുന്നു. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു. ഒരുപക്ഷേ, ഒരു കൗതുകത്തിന് പോസ്റ്റ് ചെയ്ത തീര്‍ത്തും നിരുപദ്രവകാരിയായ ഒരു സ്വകാര്യ ആഘോഷം നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ടുവരുന്നു. വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് ആ സ്വകാര്യ ആഘോഷം നഷ്ടപ്പെടുന്നു. ഇപ്പോള്‍ അതൊരു സാമൂഹിക ആഘോഷമാണ്.

അപ്പോള്‍ സ്വകാര്യമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി ഒഴിവാക്കാം. സ്വകാര്യമായ ആഘോഷങ്ങള്‍ സ്വകാര്യമായി തന്നെ നടക്കട്ടെ. സ്വകാര്യമായ സന്തോഷങ്ങള്‍, സ്വകാര്യമായ മൂല്യങ്ങള്‍, സ്വകാര്യമായ ഇഷ്ടങ്ങള്‍ അങ്ങനെ സ്വകാര്യ സ്വഭാവമുള്ളതെന്തും ഭദ്രമായിരിക്കട്ടെ. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയ എന്തിനാണ്? സാമൂഹികമായ ആഘോഷങ്ങള്‍ അവിടെ നിറയട്ടെ. സാമൂഹിക പ്രാധാന്യമുള്ള മുന്നേറ്റങ്ങള്‍, നേട്ടങ്ങള്‍, അനുഭവങ്ങള്‍, പ്രതിഷേധങ്ങള്‍, ഇ പരിപാടികള്‍ എന്നിവയാകട്ടെ പ്രധാന ഉള്ളടക്കം. വ്യക്തിപരമായ അഭിപ്രായം പറയുന്നതിനോ ചര്‍ച്ചകളില്‍ ഭാഗമാകുന്നതിനോ പ്രശ്‌നമില്ലെങ്കിലും സമൂഹ മാധ്യമങ്ങള്‍ തീര്‍ത്തും സുരക്ഷിതമായ ഒരിടമല്ലെന്ന് തിരിച്ചറിയുക. ഡാറ്റ അനലറ്റിക്‌സ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതെന്ന് മറക്കാതിരിക്കുക. സോഷ്യല്‍ മീഡിയയില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ മാത്രം സ്വത്തല്ല എന്നറിയുക. ഓരോ വിവരവും മറ്റൊരിടത്ത് ശേഖരിക്കപ്പെടുന്നുണ്ടെന്നും അവലോകനവും വിതരണവും നടക്കുന്നുണ്ടെന്നും ഓര്‍ക്കുക.
.

Latest