Connect with us

Prathivaram

വരുന്നത് ഹിന്ദുത്വയും ഹിന്ദൂയിസവും തമ്മിലുള്ള പോരാട്ടം

Published

|

Last Updated

വാള്‍ട്ടര്‍ ആന്‍ഡേഴ്‌സണ്‍, അശുതോഷ് വാര്‍ഷ്‌നി

ജീവചരിത്ര പരിപ്രേക്ഷ്യത്തില്‍ നിന്ന് തുടങ്ങാം. ആര്‍ എസ് എസിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്? എന്തായിരുന്നു കാരണം?

ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ പി എച്ച് ഡി വിദ്യാര്‍ഥിയായിരിക്കെ, വിദ്യാര്‍ഥി രാഷ്ട്രീയത്തെ കുറിച്ച് പഠിക്കുന്നതിന് രണ്ട് വര്‍ഷത്തെ ഗ്രാന്റോടെയാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ നാല് വര്‍ഷം ഇന്ത്യയില്‍ തങ്ങി. 1960കളുടെ അവസാനമെത്തി 1970കളുടെ ആദ്യംവരെ ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യന്‍ പണ്ഡിതരായ ലോയ്ഡും സൂസന്‍ റുഡോള്‍ഫുമായിരുന്നു മാര്‍ഗദര്‍ശികള്‍. വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തില്‍ എന്തുകൊണ്ട് ഇറങ്ങുന്നു എന്നതിനെ കുറിച്ച് അലഹബാദ്, ഓള്‍ഡ് ഡല്‍ഹി, കേരളത്തിലെ ഒരു ജില്ല എന്നിവ കേന്ദ്രമായി പഠിക്കുന്നതിനാണ് ആസൂത്രണം ചെയ്തത്. അങ്ങനെയാണ് ആര്‍ എസ് എസിന്റെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷതു (എ ബി വി പി)മായി ഇടപഴകുന്നത്.

എപ്പോഴാണ് എ ബി വി പി പിറക്കുന്നത്? ആര്‍ എസ് എസിന്റെ ആദ്യ പോഷക സംഘടന എ ബി വി പിയാണെന്ന് താങ്കളൊരു പുസ്തകത്തില്‍ പറയുന്നുണ്ട്.

ആദ്യ പോഷക സംഘടന, 1930കളിലെ രാഷ്ട്രീയ സേവിക സംഘമെന്ന വനിതാ സംഘടനയായിരുന്നു. തുടര്‍ന്ന് ജനസംഘ് പിറന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചില സ്‌കൂളുകളും ഒപ്പം ചേര്‍ന്നു. തുടര്‍ന്നാണ് തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെയും എ ബി വി പിയുടെയും വരവ്. 1950കളുടെ അവസാനവും 1960കളുടെ ആദ്യവും രണ്ടും ശക്തമായിരുന്നു. ആര്‍ എസ് എസിന്റെ ഓരോ പോഷക സംഘടനയും പൂര്‍ണ ആര്‍ എസ് എസ് പ്രവര്‍ത്തകനായ പ്രചാരകിന്റെ നേതൃത്വത്തിലോ മേല്‍നോട്ടത്തിലോ ആയിരിക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തിന് ശേഷം, ജനസംഘിനെ നയിക്കാന്‍ ദീന്‍ദയാല്‍ ഉപാധ്യായോട് ആവശ്യപ്പെട്ടു. മസ്ദൂര്‍ സംഘിന്റെ തലവന്‍ ദത്തോപാട് തെനാഗ്ദിയായിരുന്നു. എ ബി വി പി രൂപവത്കരണവുമായും തെനാഗ്ദി ബന്ധപ്പെട്ടിരുന്നു. ഞാന്‍ ഇന്ത്യയിലെത്തുന്ന സമയം, ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എ ബി വി പി ശക്തമായ യൂനിറ്റ് വികസിപ്പിച്ചിരുന്നു. ആ സംഘടനക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്നത് എന്നില്‍ ജിജ്ഞാസയുണ്ടാക്കി. ശുദ്ധ യാദൃച്ഛികം എന്നുപറയാം, അതിനിടെ ഏക്‌നാഥ് റാനഡെയെ കണ്ടുമുട്ടിയത് ശ്രദ്ധേയമായിരുന്നു.

എന്തായിരുന്നു അദ്ദേഹത്തിന്റെ നിലയും വിലയും?

ഡല്‍ഹിയിലെ മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകനാണ് റാനഡെ. പടിഞ്ഞാറന്‍ തത്വചിന്തയില്‍ തത്പരനായിരുന്നു. ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ തത്വചിന്തകനായ ലിയോ സ്‌ട്രോസില്‍ നിന്ന് ഞാന്‍ ഉപദേശം തേടിയിട്ടുണ്ട്. സ്‌ട്രോസ്സിയന്‍ തത്വങ്ങളെ സംബന്ധിച്ച് റാനഡെ എന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഡല്‍ഹിയിലെ ആര്‍ എസ് എസ് ആസ്ഥാനങ്ങളില്‍ എല്ലാ രണ്ടാഴ്ചകളിലും ഞങ്ങള്‍ സംഗമിക്കാറുണ്ടായിരുന്നു. ഇന്ത്യന്‍ തത്വശാസ്ത്രത്തെ സംബന്ധിച്ച് അദ്ദേഹം എനിക്ക് പഠിപ്പിച്ച് തരും. സ്‌ട്രോസിനെ സംബന്ധിച്ച് എനിക്കറിയാവുന്നത് ഞാനും പങ്കുവെക്കും. തന്റെ സംഘടനയുടെ മേധാവി എം എസ് ഗോള്‍വാള്‍ക്കറിനെ കാണാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ഒരുദിവസം എന്നോട് ആരാഞ്ഞു. അതെയെന്ന് മറുപടി നല്‍കി. ഒരു മാസത്തിന് ശേഷമാണ് നാഗ്പൂരിലേക്ക് കൊണ്ടുപോകാമെന്ന വിവരം ലഭിച്ചത്. ആര്‍ ആര്‍ എസുകാരനായ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയോടൊപ്പം ട്രെയിന്‍ മാര്‍ഗം മുംബൈയിലെത്തി. തേര്‍ഡ് ക്ലാസിലായിരുന്നു യാത്ര. മുംബൈയിലെത്തിയ അന്ന് രാത്രി ചിറ്റ്പവന്‍ ബ്രാഹ്മിണ്‍ പ്രദേശത്താണ് തങ്ങിയത്. അടുത്ത ദിവസം മറ്റൊരാള്‍ എന്നെ നാഗ്പൂരിലേക്ക് കൊണ്ടുപോയി. അന്നും തേര്‍ഡ് ക്ലാസിലായിരുന്നു യാത്ര. മസ്ദൂര്‍ സംഘ് തലവന്റെ വീട്ടിലാണ് പാര്‍പ്പിച്ചത്. അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് എന്നെ ആര്‍ എസ് എസ് ആസ്ഥാനത്തെത്തിച്ചു. അവിടെ വെച്ച് ഗോള്‍വാള്‍ക്കറെ കണ്ടു. അദ്ദേഹം എനിക്ക് വേണ്ടി ഒരു ഷെഡ്യൂള്‍ തന്നെ ഒരുക്കിയിരുന്നു. അഞ്ച് ദിവസം ഓരോ പ്രഭാതത്തിലും പ്രാതല്‍ ഗോള്‍വാള്‍ക്കര്‍ക്കൊപ്പം. ആ സമയം പല കാര്യങ്ങളെ സംബന്ധിച്ചും അദ്ദേഹം പറയും. “ഒരു പിടി ചിന്തകള്‍” എന്ന സ്വന്തം പുസ്തകത്തെ സംബന്ധിച്ചും. അതൊരു പുസ്തകമല്ല, മറിച്ച് പ്രഭാഷണ പരമ്പരകളാണ്.

അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ, ഇന്ത്യക്കാര്‍ ധാരാളം വായിച്ച “നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നത്” എന്നതിനെ കുറിച്ചുള്ള അഭിപ്രായം?

അതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. അത് അദ്ദേഹത്തിന്റെ പുസ്തകമല്ലെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. “നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നത്” എന്നത് അദ്ദേഹത്തിന്റെ പേരിലായിരുന്നെങ്കിലും അദ്ദേഹമായിരുന്നില്ല അതിന്റെ രചയിതാവ്. ഒരു സമവായമെന്ന നിലക്ക് അങ്ങനെ തുടരുകയായിരുന്നു.

താങ്കള്‍ പറയുന്ന സമവായം, ബൗദ്ധിക ലോകവുമായി ബന്ധപ്പെട്ടതാണോ? അതോ, ഹിന്ദു തീവ്രദേശീയ ചുറ്റുവട്ടങ്ങളില്‍ പങ്കുവെക്കപ്പെട്ടതോ?

അവരുടെ സ്വന്തം ആളുകള്‍ അതിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരുന്നില്ല. നിരവധി ഹിന്ദു ദേശീയവാദികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഇതെന്റെ ബൗദ്ധിക വിധിയാണ്. തീര്‍ച്ചയായും “നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നത്” ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള തീവ്രരേഖയാണ്.
ഗോള്‍വാള്‍ക്കറുമായുള്ള കൂടിക്കാഴ്ചയില്‍ എന്തൊക്കെയാണ് ഉരുത്തിരിഞ്ഞത്?
ഹിന്ദുത്വയെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചു. ഗോള്‍വാള്‍ക്കര്‍ അധ്യാത്മികനായിരുന്നു, പക്ഷെ, മതാനുയായി ആയിരുന്നില്ല. മതാചാരങ്ങളെ അദ്ദേഹം പിന്തുടര്‍ന്നില്ല. “ഒരു പിടി ചിന്തകളി”ലെ നിലപാട് പോലെ, ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് ജീവിക്കുന്ന ദൈവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കാല്പനിക ദേശീയ വാദികള്‍ കൊണ്ടതു പോലെ, മതപരമായ ദൈവത്തിനല്ല, രാഷ്ട്രത്തിനാണ് പൂര്‍ണ വിധേയത്വം വേണമെന്ന ചിന്തയോട് സാമ്യമുള്ളതായിരുന്നു ഇത്. ആര്‍ എസ് എസ് മതസംഘടനയല്ല. അതുകൊണ്ടാണ്, ആ ആശയം പിന്നീട് രൂപപ്പെടുന്നത് മാതിരി, അടുത്ത സര്‍വസംഘ്ചാലകായിരുന്ന എം ഡി ദ്യോരാസ് 1979ല്‍ മുസ്‌ലിംകള്‍ക്ക് കൂടി ആര്‍ എസ് എസ് വാതിലുകള്‍ തുറന്നിട്ടത്. ഹിന്ദു സമൂഹത്തില്‍ നിന്നാണ് അധികപേരും ഇസ്‌ലാം സ്വീകരിച്ചത് എന്ന വാദമായിരുന്നു അദ്ദേഹത്തിന്. മുസ്‌ലിംകള്‍ വിദേശികളായിരുന്നില്ല. ഹിന്ദുത്വയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആശയം ദേശാതിര്‍ത്തി ആശയവുമായി പൊരുത്തപ്പെടുന്നതായിരുന്നു. ഒരളവോളം ആ ആശയം സവര്‍ക്കറാണ് കൊണ്ടുവന്നത്.
പക്ഷെ, അത് സങ്കീര്‍ണമായ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. സവര്‍ക്കറെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ പിറന്നവരാണെങ്കിലും മുസ്‌ലിംകള്‍ (ക്രിസ്ത്യാനികളും) ഇന്ത്യക്കാര്‍/ ഹിന്ദുക്കള്‍ അല്ല (ഈ രണ്ട് വിഭാഗങ്ങളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തിരിച്ചറിയാന്‍ വേണ്ടിമാത്രമായിരുന്നു). ഹിന്ദുത്വയില്‍ പ്രതിപാദിപ്പിക്കുന്ന മൂന്ന് വിഭാഗങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവരെ കൂട്ടാനാകൂ: പ്രാദേശികം (ഇന്ത്യയുടെ ഭൂമി), വംശാവലി (പിതൃഭൂമി), മതപരം (പുണ്യഭൂമി- മതത്തിന്റെ ജന്മഭൂമി). തത്വത്തിലാണെങ്കില്‍ കൂടി, മൂന്നാമത്തെ ഭാഗം മുസ്‌ലിംകള്‍ തൃപ്്തിപ്പെടുകയില്ല. അതേസമയം, സിഖുകള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയവര്‍ അങ്ങനെയല്ല. മുസ്‌ലിംകളുടെ മതം ഇന്ത്യയിലല്ല ജനിച്ചത്. അതിനാല്‍ തന്നെ അവര്‍ക്ക് യഥാര്‍ഥ ഇന്ത്യക്കാര്‍/ ഹിന്ദുക്കള്‍ ആകാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു. നിങ്ങള്‍ക്ക് പ്രാഥമിക പ്രാദേശിക ആശയമുണ്ടെങ്കില്‍, ഫ്രാന്‍സും അമേരിക്കയും പോലെ, ഇന്ത്യയില്‍ പിറന്ന മുസ്‌ലിംകള്‍ നിര്‍വചനപരമായി ഇന്ത്യക്കാര്‍ ആണ്. ഈയൊരു പരിപ്രേക്ഷ്യത്തില്‍ ദേശീയതയുടെ പ്രാദേശിക നിര്‍വചനത്തിന്റെ പ്രയോക്താവായിരുന്നു സവര്‍ക്കറെന്ന് ഞാന്‍ വായിക്കുന്നില്ല. മുസ്‌ലിംകള്‍ക്ക് ആര്‍ എസ് എസ് വാതിലുകള്‍ തുറന്ന്, എങ്ങനെയാണ് ദ്യോറാസ് ഈ വിഷയം കൈകാര്യം ചെയ്തത്?

നിങ്ങള്‍ക്കറിയാവുന്നത് പോലെ സവര്‍ക്കര്‍ ഒരു നിരീശ്വരവാദിയായിരുന്നു. അദ്ദേഹം മതാനുയായിയായിരുന്നില്ല. സവര്‍ക്കറെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് ഒരു സാംസ്‌കാരിക പശ്ചാത്തലമുണ്ടായിരുന്നു, അല്ലെങ്കില്‍ ഇംഗ്ലണ്ട് പോലെ തിരിച്ചറിയാന്‍ കഴിയുന്ന ബിംബങ്ങള്‍, പൈതൃകം, കഥകള്‍ തുടങ്ങിയവ. എന്നിരുന്നാലും സംഘടന പ്രാദേശികപരമായാണ് നീങ്ങിയത്. പക്ഷെ, സാംസ്‌കാരിക നിര്‍വചനം പൂര്‍ണമായും അപ്രത്യക്ഷമായില്ല. പക്ഷെ, ദ്യോറാസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ എല്ലാവരും തന്നെ ഹിന്ദുക്കളായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഹിന്ദു എന്ന പദം ഉപയോഗിച്ച ആദ്യത്തെയാളും അദ്ദേഹമാണ്. (നിലവിലെ സര്‍സംഘ്ചാലക് മോഹന്‍ ഭഗവതും മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ അടക്കം എല്ലാവരെയും ഹിന്ദുക്കള്‍ എന്നാണ് പ്രയോഗിക്കുന്നത്). ജാതിവ്യവസ്ഥ, അസ്പൃശ്യത എന്നിവക്കും എതിരായിരുന്നു ദ്യോറാസ്. ജാതിവ്യവസ്ഥക്കെതിരെ ഗോള്‍വാള്‍ക്കാര്‍ തുറന്നു പറഞ്ഞില്ല. അബ്രാഹ്മണര്‍ക്കും പ്രചാരകുമാരാകും എന്ന ആശയം ദ്യോറാസ് മുന്നോട്ടുവെക്കാന്‍ തുടങ്ങി. മൂന്ന് വര്‍ഷത്തെ പരിശീലനത്തിനും കഠിന പ്രതിജ്ഞക്കും ശേഷം ആര്‍ എസ് എസില്‍ ഒരാള്‍ക്ക് എത്താവുന്ന ഉയര്‍ന്ന പദവിയാണ് പ്രചാരക്.
ഔദ്യോഗിക പോഷക പദവിക്കായി നൂറിലേറെ സംഘടനകളാണ് ആര്‍ എസ് എസിന്റെ പരിഗണനക്കായി കാത്തുനില്‍ക്കുന്നത്. അതിനെ കുറിച്ച് അടുത്തയാഴ്ച.

മൊഴിമാറ്റം: പി എ കബീര്‍