Connect with us

Prathivaram

മരുഭൂ നഗരങ്ങളുടെ ആത്മഗതങ്ങള്‍...

Published

|

Last Updated

തീരേ ചെറുതും എന്നാല്‍ വലുതുമല്ലാത്ത 49 കഥകളുടെ സമാഹാരമാണ് കെ എം അബ്ബാസിന്റെ “തിരഞ്ഞെടുത്ത കഥകള്‍”. “മൂന്നാമത്തെ നഗര”ത്തില്‍ തുടങ്ങി “നദീറ”യില്‍ അവസാനിക്കുന്ന രചനകള്‍ കൂട്ടിവെച്ച് വായിച്ചാല്‍ നഗര പശ്ചാത്തലങ്ങളില്‍ ജീവിതം ആടിത്തിമര്‍ക്കാന്‍ വിധിക്കപ്പെട്ട നഗരാതിഥികളുടെ കഥയായി മാറുന്നു. അനുഭവങ്ങളുടെ മേമ്പൊടികള്‍ ഏതാണ്ടെല്ലാ കഥകളിലും ചേരുവകളായി വളരുമ്പോഴും ഭാവനയുടെ ആധിക്യവും വേണ്ടുവോളമുണ്ട്.

എണ്ണക്കൂടുതല്‍ കാരണം ഓരോ കഥയെയും പരാമര്‍ശിക്കുന്നതിലേറെ മൊത്തം ഉള്ളടക്കത്തിലേക്ക് കടന്നാല്‍ ഇത് പ്രവാസത്തിന്റെ പ്രത്യുത്പന്നം തന്നെയാണെന്നു കാണാം. അതേസമയം പ്രവാസത്തിന്റെ അതിരുകളില്‍ തളച്ചിടാതെ നാടിനേയും മറുനാടിനേയും കൂട്ടിയോജിപ്പിക്കുന്ന സ്വപ്‌നത്തിന്റെ രഥയോട്ടം ഈ കഥകളുടെ പ്രത്യേകതയായി കരുതണം.

നഗരത്തിന്റെ ബാഹ്യ ശബളിമകള്‍ക്കപ്പുറം ഉള്ളറകളിലെ ജീവിതത്തിന്റെ ക്ഷണികതകള്‍, മോഹവലയത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന വിങ്ങലുകള്‍, പ്രത്യക്ഷത്തില്‍ കാണുന്ന പ്രലോഭനങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ അണിയറകളില്‍ ആടിത്തീര്‍ക്കുന്ന വ്യര്‍ഥ നാടകങ്ങള്‍.. ഇതൊക്കെയാണീ കഥകളുടെ ഭാവങ്ങള്‍. ജീവിതം എന്ന സമസ്യയെ പൂരിപ്പിക്കാനാവാതെ ക്ഷണികതയുടെയും നൈമിഷികതയുടെയും മാത്രമായ ചില ആത്മസംതൃപ്തികളെ എത്തിപ്പിടിക്കുമ്പോഴും സുഖദുഃഖ സമ്മിശ്രതകളാല്‍ പ്രവാസത്തിന്റെ വര്‍ണപ്പൊലിമയും ആന്തരികമായ നിശ്ശൂന്യതയും എല്ലാം ആത്മാവിഷ്‌കാരങ്ങളായി വരുന്ന അബ്ബാസിന്റെ കഥകള്‍ രചനാശൈലിയിലും അനുഭൂതിതലത്തിലും വേറിട്ടു നില്‍ക്കുന്നു.

എണ്ണപ്പണം കൊണ്ട് തഴച്ചു വളര്‍ന്ന മാന്ത്രിക നഗരങ്ങളിലേക്ക് ജീവിതം കരുപിടിപ്പിക്കാന്‍ എത്തിയ മലയാളി പ്രവാസികളുടെ കഥ മാത്രമല്ല കഥാകൃത്ത് പറയുന്നത്. അവസാനത്തെ കഥയിലെ ഇറാനിയന്‍ സുന്ദരി നദീറയേയും അവളുടെ വൃദ്ധനായ ബാബയേയും പോലുള്ള അനേകം ഇന്ത്യക്കാരല്ലാത്ത പ്രവാസികളേയും പ്രതിനിധാനം ചെയ്യുന്ന കഥകളില്‍ പ്രവാസത്തിന്റെ ആഗോളവ്യാപക തലങ്ങള്‍ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. ആഫ്രിക്കന്‍ നാടുകളില്‍ നിന്നെത്തിയ കറുത്ത കുട്ടികള്‍ നഗര ഗല്ലികളില്‍ പന്ത് കളിക്കുമ്പോള്‍, ഗോളടിക്കുന്ന അതേ ആവേശത്തോടെ കോളക്കുപ്പികള്‍ ലക്ഷ്യം വെച്ച് പന്ത് ശരവേഗത്തില്‍ പായിക്കുന്ന കറുത്ത കുട്ടികള്‍, വെള്ളക്കാരന്റെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന രോഷത്തിന്റെ പ്രതീകങ്ങളായി വരുന്നുണ്ട്. കറുപ്പ് എന്ന കഥയുടെ സൂക്ഷ്മനിരീക്ഷണത്തില്‍ ഈ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം വായിച്ചെടുക്കാം. ഇങ്ങനെ അനേകം കഥകളിലൂടെ മോഹിപ്പിക്കുന്ന നഗരത്തിന്റെ മറുകരയിലിരുന്ന് പ്രവാസത്തിന്റെ ഗതിവിഗതികള്‍ക്ക് കെ എം അബ്ബാസ് കഥാവിഷ്‌കാരം നല്‍കുമ്പോള്‍ അത് മരുഭൂമിയുടെയും മരുഭൂ നഗരങ്ങളുടെയും ആത്മഗതങ്ങളായി മാറുകയാണ്.
.

Latest