വായനയുടെ സമകാലികത അടയാളപ്പെടുത്തുന്ന പത്രം

Posted on: September 16, 2018 9:51 pm | Last updated: September 16, 2018 at 9:51 pm
SHARE

ലോകത്തിലെ ഏറ്റവും തികവുള്ള നിലവാരമുള്ള വായനക്കാരുള്ള, ഭാഷാ വൈവിധ്യത്തിന്റെ പൂര്‍ണത കാണിക്കുന്ന ഒരു പത്രമുണ്ട്; ന്യൂയോര്‍ക്ക് ടൈംസ്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വേറിട്ട ഇടമുള്ള വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിച്ച പത്രം. ന്യൂയോര്‍ക്ക് ടൈംസിലെ പുസ്തക നിരൂപണങ്ങള്‍ ലോകത്തെ മികച്ച പുസ്തക ആസ്വാദന കുറിപ്പുകളായി പരിഗണിക്കപ്പെടുന്നു. ഇംഗ്ലീഷിലെ ആധുനികമായ ഫിക്ഷന്‍ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരിച്ച പതിപ്പുകളുടെ കവറുകളില്‍ പലതിലും കാണാറുള്ളത്, അതേക്കുറിച്ച് ടൈംസില്‍ വന്ന റിവ്യൂകളില്‍ നിന്നുള്ള വാചകങ്ങളാണ്.

ബുക്ക്‌സ് എന്നൊരു വിഭാഗം തന്നെയുണ്ട് പത്രത്തിന്. വ്യത്യസ്തമായ വിഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ലോക പുസ്തകങ്ങളുടെ വിശകലനങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും ഉണ്ടാകും. ആ എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍, വായനാരീതി, സമയം, എഴുത്തിന്റെ സ്വഭാവം എന്നൊക്കെയാവും വിഷയം. ‘ബൈ ദി ബുക്ക്’ എന്ന പേരിലാണ് നിലവില്‍ ആ കോളം. ഈ ആഴ്ച ജേണലിസ്റ്റും പുസ്തക രചയിതാവുമായ ബോബ് വുഡ്വാര്‍ഡുമായുള്ള സംഭാഷണമാണ്. ഒരു ചോദ്യം ഇങ്ങനെയാണ്: നിങ്ങള്‍ അവസാനം വായിച്ച ഏറ്റവും ഉന്നതമായ പുസ്തകം ഏതാണ്? മറ്റുള്ള ഓരോ ചോദ്യവും വായനാകുതുകികളില്‍ താത്പര്യം ജനിപ്പിക്കുന്നവയാണ്. എങ്ങനെ വായിക്കാനാണ് ഇഷ്ടം, നിങ്ങളുടെ ഷെല്‍ഫിലെ അതിശയിപ്പിക്കുന്ന കൃതി ഏതാണ്? കുട്ടിയായിരുന്നപ്പോള്‍ ഇങ്ങനെയുള്ള വായനക്കാരന്‍ ആയിരുന്നു നിങ്ങള്‍… എന്നിങ്ങനെ. ഇവ നമ്മുടെ വായനകളെ നവീകരിക്കാനും പുതുമയുള്ളതാക്കാനുമുള്ള പരിശീലനം എന്ന നിലയില്‍ കാണാവുന്നതാണ്.

എന്ത് ഘടകമാണ് ടൈംസിനെ വേറിട്ടുനിര്‍ത്തുന്നതും വായനക്കാരനെ നിത്യമായി ആകര്‍ഷിപ്പിക്കുന്നതെന്നും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പല കോളങ്ങളുടെയും ഫോര്‍മാറ്റ് സമാനമായിരിക്കും. ഉദാഹരണത്തിന്, ടൈംസിലെ ഏറ്റവും താത്പര്യമുള്ള വായനയായി എനിക്ക് തോന്നിയത് OBITURY  വിഭാഗമാണ്. ലോകത്ത് ഓരോ ദിവസവും വിടപറയുന്ന പ്രധാന എഴുത്തുകാരനെ, ശാസ്ത്രജ്ഞനെ, രാഷ്ട്രീയക്കാരനെ ഒക്കെ അനുസ്മരിക്കുന്ന ലേഖനങ്ങളാണ് അവ. എല്ലാത്തിന്റെയും ഘടന ഒന്നായിരിക്കും. പൂര്‍ണമായ വ്യക്തിചിത്രം നല്‍കുന്നവയും. നിരന്തരം ഇവ വായിക്കുന്നത് ഭാഷയുടെ ഒരു പൊതുസ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും.

നിലപാടുകളില്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രകടപ്പിക്കുന്ന ജാഗ്രതയും നിശിതമായ വിമര്‍ശങ്ങളും വായിക്കുന്നത് ഇന്ത്യന്‍ മാധ്യമങ്ങളുടെ പരിമിതി നമ്മെ ബോധ്യപ്പെടുത്തും. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നത് മുതല്‍ മിക്ക എഡിറ്റോറിയലുകളും ട്രംപ് വിമര്‍ശനമാണ്. അതും വളരെ രൂക്ഷമായ ഭാഷയില്‍. ഒപ്പീനിയന്‍ കോളത്തില്‍, ഓണ്‍ലൈനില്‍ എഡിറ്റോറിയലിനു പുറമെ പത്ത് ലേഖനങ്ങളെങ്കിലും കാണും. ലോകത്തെ ശ്രദ്ധേയമായ ആനുകാലിക വിഷയങ്ങളെ ആസ്പദിച്ച്.

അമേരിക്കന്‍ ഇംഗ്ലീഷിന് ബ്രിട്ടീഷ് ഇംഗ്ലീഷിനേക്കാള്‍ സൗന്ദര്യം കൂടുതലാണ്. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനും അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസും താരതമ്യപ്പെടുത്തിയാല്‍ വേഗം മനസ്സിലാകും ഇത്. അതിനാല്‍, കാവ്യഭംഗിയുള്ള ഇംഗ്ലീഷ് കിട്ടണമെങ്കില്‍ നമ്മള്‍ അമേരിക്കന്‍ ഇംഗ്ലീഷ് കൂടുതല്‍ കേന്ദ്രീകരിച്ച് വായിക്കുന്നത് നന്നാവും. ന്യൂയോര്‍ക്ക് ടൈംസിന്റെ വായന അക്കാര്യത്തില്‍ ഏറെ സഹായകമാകും.

1851ലാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം ആരംഭിക്കുന്നത്. 1970 കള്‍ക്ക് ശേഷം ലേഔട്ടിലും ശ്രദ്ധേയമായ സ്റ്റോറികള്‍ പ്രസിദ്ധീകരിക്കുന്നതിലും മുന്നില്‍ നിന്നു. മികച്ച നിരൂപണ ശേഷിയും പാണ്ഡിത്യവുമുള്ള കോളമിസ്റ്റുകളുടെ നീണ്ട നിരതന്നെ ഉണ്ടായിട്ടുണ്ട് പത്രത്തില്‍. പോള്‍ കൂര്‍ഗ്മാന്‍, ഡാവിഡ് ബ്രൂക്ക്‌സ്, തോമസ് ഫ്രെയ്ഡ്മാന്‍, നിക്കോളാസ് ക്രിഷോഫ് തുടങ്ങിയ ഓരോരുത്തരുടെയും രചനകള്‍ ലോകത്തെ ക്കുറിച്ചു ഭിന്നവും കൃത്യവുമായ വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്‍കും.
.