Connect with us

Prathivaram

ബദര്‍ മൗലിദ് രചിച്ച മഹാപണ്ഡിതന്‍

Published

|

Last Updated

തവസ്സല്‍നാ ബി ബിസ്മില്ലാ….
വബില്‍ ഹാദീ റസൂലില്ലാ…
വകുല്ലി മുജാഹിദിന്‍ലില്ലാ…
വഅഹ്‌ലില്‍ ബദ്‌രി യാ അല്ലാ…
വലിയ ബദ്ര്‍ മൗലിദിലെ ഈ ഈരടികള്‍ രചിച്ച മഹാ പണ്ഡിതന്‍ വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരാണ്. കേരളം കണ്ട മഹാപ്രതിഭ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദരാബാദ് നൈസാമിന്റെ മുഫ്തി എന്ന അപരനാമത്തില്‍ അറിയപ്പെട്ട അഹ്മദ് കോയ ശാലിയാത്തി തുടങ്ങിയവരുടെ ഗുരുഭൂതര്‍. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പാനായിക്കുളം പുതിയാപ്ല അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പ്രഗത്ഭ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന വെള്ളിയത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മുതലായവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ചിലരാണ്.
ബദ്ര്‍ മൗലിദുകള്‍ പലരും രചിച്ചിട്ടുണ്ടെങ്കിലും വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ രചനയുടെ സമീപത്ത് എത്തുന്നത് വേറെയില്ല. അഹ്മദുല്‍ ബദവി (റ) മൗലിദ്, അസദുല്‍ ഇലാഹ് ഹംസത്തുല്‍ കര്‍റാര്‍ (റ) മൗലിദ്, അബ്ദുല്‍ ഖാദിര്‍ സാനി പുറത്തിയില്‍ (റ) മൗലിദ്, സയ്യിദ് അലവി തങ്ങള്‍ മമ്പുറം (റ) മൗലിദ് തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്. മഹാരഥന്മാരുമായി ആത്മബന്ധം സ്ഥാപിച്ച് അവരുടെ മദ്ഹുകള്‍ ആലപിക്കുന്നതിലും രചനകള്‍ നടത്തുന്നതിലും വലിയ താത്പര്യം കാണിച്ച പണ്ഡിതനായിരുന്നു വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍.
മഹാ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ പൊന്നാനി തന്നെയാണ് അദ്ദേഹത്തിന്റെയും ജന്മനാട്. ഹിജ്‌റ 1269ല്‍ പൊന്നാനി അബ്ദുല്ല മുസ്‌ലിയാരുടെ മകനായി ജനിച്ചു. പൊന്നാനിയില്‍ തന്നെയാണ് പഠനം ആരംഭിച്ചത്. മഖ്ദൂം പണ്ഡിതന്മാരാണ് പ്രധാന ഗുരുനാഥന്മാര്‍. പിതാവിന് പുറമെ പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, ശൈഖ് അലി ഹസന്‍ മഖ്ദൂമി തുടങ്ങി ഗുരുനാഥന്മാരുടെ നിര നീണ്ടതാണ്. ഗോളശാസ്ത്രം, കര്‍മശാസ്ത്രം, മന്‍ത്വിഖ്, ബയാന്‍, മആനി തുടങ്ങി സര്‍വവിജ്ഞാന ശാഖകളിലും നൈപുണ്യം നേടി.

പ്രഗത്ഭരില്‍ നിന്നാണ് പ്രതിഭകള്‍ ഉയര്‍ന്നുവരാറുള്ളത്. നിരവധി പ്രതിഭകളെ അദ്ദേഹം സമൂഹത്തിനും സമുദായത്തിനും നല്‍കി. അദ്ദേഹം ജീവിച്ച കാലഘട്ടം പ്രഗത്ഭരുടെതാണ്. മുസ്‌ലിം സമുദായത്തില്‍ ഇത്രയും പ്രതിഭകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജീവിച്ച മറ്റൊരു കാലഘട്ടമുണ്ടോയെന്ന് സംശയമാണ്. വെല്ലൂര്‍ ബാഖിയാത് പ്രിന്‍സിപ്പലും സ്ഥാപകനുമായ അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, ലത്വീഫിയ്യ കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റുക്‌നുദ്ദീന്‍ ഖാദിരി, താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ് (ഹിജ്‌റ 1257), മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ (ഹിജ്‌റ 1240), ശുജാഈ മൊയ്തു മുസ്‌ലിയാര്‍ (ഹിജ്‌റ 1278), സൈനുദ്ദീന്‍ മഖ്ദൂം മൂന്നാമന്‍ (ഹിജ്‌റ 1305), സൈനുദ്ദീന്‍ റംലി (ഹിജ്‌റ 1309), കൊങ്ങണം വീട്ടില്‍ ഇബ്‌റാഹിംകുട്ടി മുസ്‌ലിയാര്‍ (ഹിജ്‌റ 1323), കരിമ്പനക്കല്‍ അഹമ്മദ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (ഹിജ്‌റ 1294), നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ (ഹിജ്‌റ 1270), തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ (ഹിജ്‌റ 1273), യൂസുഫുല്‍ ഫള്ഫരി (ഹിജ്‌റ 1336) ഇങ്ങനെ സമകാലികരുടെ പട്ടിക വലുതാണ്.

ആലപ്പുഴയിലെ നെട്ടൂര്‍, വടുതല കാട്ടുപുറം എന്നിവിടങ്ങളില്‍ സേവനം ചെയ്തു. വടുതല കാട്ടുപുറം ജുമുഅത് പള്ളിയില്‍ വെച്ചാണ് ബദ്ര്‍ മൗലിദ് വിരചിതമായത്. ചുരുങ്ങിയ കാലം കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഹിജ്‌റ 1322 റജബ് 20ന് മഹാന്‍ യാത്രയായി. പൊന്നാനി കോടമ്പിഅകം പള്ളിയിലാണ് ഖബര്‍.
.