Connect with us

Prathivaram

അതിജീവനത്തിന്റെ അബ്ജദ് പാഠശാല

Published

|

Last Updated

മുപ്പത് വര്‍ഷം മുമ്പ് ഓടിട്ട വീടിന്റെ മുറ്റത്തുതന്നെ ഒരു ചെറിയ ഇസ്‌ലാമിക് നഴ്‌സറി തുടങ്ങിയ മദ്‌റസാ അധ്യാപകന്‍. പരിഷ്‌കാരങ്ങളും പുതുചിന്തകളും വൈകിമാത്രം ഉമ്മറത്ത് വന്നുകയറുകയുള്ളൂവെന്ന് നഗരവാസികള്‍ മുന്‍കൂര്‍ വിധിയെഴുതുന്ന ഒരു കുഗ്രാമത്തിലെ സാധാരണക്കാരന്റെ വീട്ടുമുറ്റത്താണ് മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമായി വാക്കാലൂര്‍ ഇസ്‌ലാമിക് നഴ്‌സറിക്ക് തുടക്കമിട്ടത്. വാക്കാലൂര്‍ ഗ്രാമത്തിലെ വീട്ടിനടുത്തുള്ള മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലേക്ക് രണ്ട് വടികളിലായി നിലത്ത് ആഞ്ഞുകുത്തി ആടിയാടി എത്തി പതിവുപോലെ സ്വതസിദ്ധമായ ശൈലിയില്‍ മദ്‌റസ പാഠങ്ങള്‍ കുഞ്ഞുകുട്ടികള്‍ക്ക് പകര്‍ന്നുകൊണ്ടിരുന്ന മൂസ മൗലവിയാണ് ഇതിന് പിന്നില്‍. ഇടക്കാലത്തുണ്ടായ സുന്നി സംഘടനാ പിളര്‍പ്പില്‍ മദ്‌റസയില്‍ നിന്നും പുറത്തു പോരേണ്ടിവന്നു. ദൂരേക്കൊന്നും പോയി ക്ലാസ് എടുക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് ഏകാധ്യാപക രീതിയില്‍ ഇസ്‌ലാമിക് നഴ്‌സറിക്ക് അന്ന് തുടക്കം കുറിച്ചത്. ചെറുപ്പത്തില്‍ പിള്ളവാതം പിടിപ്പെട്ട് ഭിഷഗ്വരന്മാര്‍ 20 ദിവസം മാത്രം അവധി കൊടുത്ത ജീവിതം, ആത്മീയ മരുന്നിന്റെ തണലില്‍ ഇന്ന് അറുപതുകളിലെത്തി നില്‍ക്കുന്നു.
hello children hai children! / all children listen to me/ Let me say you A B C… തുടങ്ങി അറബി ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍ പാട്ടുകളിലൂടെ അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. രസമുള്ള കഥകളിലൂടെ ഇസ്‌ലാമിക സംസ്‌കാരങ്ങള്‍ പകര്‍ന്നുകൊടുത്തു. നഴ്‌സറി കുട്ടികളെ പഠിപ്പിക്കാന്‍ സ്വന്തമായുണ്ടാക്കിയ കവിതകളുമുണ്ട്. ഖുര്‍ആനും മാല ബൈതുകളും അസ്മാഉല്‍ ബദറും അസ്മാഉല്‍ ഹുസ്‌നയും മനഃപാഠമുള്ള ഉസ്താദിന് മലയാള കവിതകളുടെ വലിയ ശേഖരമുണ്ട് മനസ്സില്‍. മുക്കം യത്തീംഖാനയില്‍ നിന്ന് സോമന്‍ മാഷ് അടിച്ചു പഠിപ്പിച്ച മലയാളം ക്ലാസുകളില്‍ നിന്നും അല്ലാതെയും മനഃപാഠമാക്കിയ കവിത ചൊല്ലാന്‍ തുടങ്ങി തെളി മലയാളത്തില്‍. “ദരിദ്രനാകിലുമിത്രമാത്രം/ കരത്തിലില്ലാത്തൊരു ജനം/ ചുരുക്കം ധരിക്ക നീ നാഥ നമുക്കിതാര്/ ഒരിക്കലഷ്ടിക്കുപായങ്ങളില്ല”…

പിണ്ണാക്ക് വെള്ളം കൊണ്ട് വിശപ്പകറ്റി
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തെ അവശതയില്‍ പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടുകുടിച്ച, ശര്‍ക്കര വായിലിട്ട് അരച്ചു അരുവിയില്‍ നിന്ന് വെള്ളം കുടിച്ച, ചായപ്പീടികയില്‍ നിന്ന് ഒഴിവാക്കിയ ചായച്ചണ്ടി കൊണ്ടുവന്നു വീട്ടില്‍ ചായയുണ്ടാക്കിയൊക്കെ ലാവ കണക്കെ പൊള്ളിക്കുന്ന അനുഭവങ്ങളുള്ള കൊമ്പന്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ ആണ് പിതാവ്. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. പലകപ്പുറത്ത് അലിഫ് എഴുതി. നിഷ്‌കളങ്കനും ഭക്തനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു പിതാവ്. ഒരു വലിയ ഇരുമ്പുപെട്ടിയില്‍ നിറയെ നിരവധി അമൂല്യ ഗ്രന്ഥങ്ങളുണ്ടായിരുന്നു. കൈകൊണ്ടു രാവിരവുകളിരുന്ന് അന്നനിദ്രാവിഹീനരായി മഷിയില്‍ ഇല്ലിക്കോല്‍ മുക്കി എഴുതിയുണ്ടാക്കിയ കിതാബുകള്‍. ആലിക്കുട്ടി മുസ്‌ലിയാരുടെ കുറെയേറെ കിതാബുകള്‍ വാക്കാലൂര്‍ ജുമുഅത്ത് പള്ളിയില്‍ കാണാം. മക്കളുടെ മക്കള്‍ക്കായി സൂക്ഷിച്ച കിതാബുകള്‍ പക്ഷേ, അവരുടെ പിന്തുടര്‍ച്ചക്കാരില്‍നിന്നും ആരൊക്കെയോ രേഖകള്‍ കൂടാതെ കൈപ്പറ്റിപ്പോയിരുന്നു.

ജനിച്ച് പതിനേഴാം ദിവസം ഉമ്മ മരിച്ചതില്‍ പിന്നെ വളര്‍ത്തുമ്മമാരുടെ പരിചരണവും പിന്നീട് ഇളയുമ്മയുടെ നോട്ടവും. അഷ്ടിക്കു വകയില്ലാത്ത കാലത്ത് വളര്‍ത്തമ്മയെ കിട്ടുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു. അവര്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കാറുണ്ട്. ആകെയുണ്ടായിരുന്ന അരക്കുപ്പായത്തിലും കള്ളി മുണ്ടിലും കശുവണ്ടി കറയും വാഴക്കറയും വേച്ചു നടന്ന അവസ്ഥയില്‍, പിതാവിന്റെ മരണശേഷം നാട്ടിലെ പ്രമാണിയായ അരുമാന്‍ കുട്ടി മുതവല്ലിയുടെ ഇടപെടല്‍മൂലം മുക്കം യത്തീംഖാനയില്‍ ചേര്‍ന്നു. നാട്ടുമാടമ്പിമാരുടെ വീട്ടുവളപ്പില്‍ നെല്ലുകുത്തി കിട്ടുന്ന നെല്ലുകൊണ്ട് കഞ്ഞിയുണ്ടാക്കി കുടിച്ച കാലത്ത്, ഉടുപ്പും അന്നവും വിദ്യയും കിട്ടുന്ന ഒരിടമുണ്ടെന്നറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. സമ്മതം ചോദിച്ചപ്പോള്‍ ഇളയമ്മ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. “പോണ്ടാന്ന് പറയാന്‍ ഇക്ക് കയ്യൂല്ല. ഇനി പോയ്‌ക്കോന്ന് പറയാനും ഇക്ക് ബയ്യ”. യത്തീംഖാനയില്‍ ചേര്‍ന്നതില്‍ പിന്നെ ആരും അവിടേക്കു തിരക്കിവന്നില്ല. മുതവല്ലിക്കു തന്നെ ഒരു വര്‍ഷം കഴിഞ്ഞാണ് ഇങ്ങനെയൊരാള്‍ യത്തീംഖാനയില്‍ പോയത് ഓര്‍മ വന്നത്. ഉടനെതന്നെ ആളെ വിട്ടു നാട്ടില്‍ വരുത്തി. രാവിലെ ആറ് മണിക്ക് വിട്ടാല്‍ 12 മണിക്കാണ് നടന്ന് മുക്കത്തെത്തുക. യത്തീംഖാനയുടെ നടത്തിപ്പുകാരനായ വീരാന്‍ ഹാജി അന്ന് 100 രൂപ കൈയില്‍ കൊടുത്തു ചായ കുടിക്കാന്‍ പറഞ്ഞുവത്രേ. ഞെട്ടിപ്പോയി. ജനിച്ചതില്‍പിന്നെ അത്തരമൊരു കടലാസുകഷ്ണം കാണുന്നത് ആദ്യം. ആ നോട്ടിന്റെ ഇന്നത്തെ മൂല്യം കണക്കാക്കാവുന്നതിലപ്പുറം. യത്തീം കുട്ടികളെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്ന അവരെ ഓര്‍ത്തു സ്വല്പനേരം കണ്ണീര്‍ വാര്‍ത്തു.

മഴയില്‍ നിന്ന് രക്ഷതേടി മരപ്പൊത്തില്‍
അതിനുശേഷം ചിലപ്പോഴൊക്കെ ഒറ്റക്ക് വീട്ടിലേക്ക് നടന്നു വരുമായിരുന്നു. പാമ്പ് പോയ പാട് പോലെയുള്ള നടപ്പാതയിലൂടെ ഒറ്റക്ക് നടന്ന് ഒരിടത്തെത്തിയപ്പോള്‍ ശക്തമായ കാറ്റും മഴയും. അടുത്തു കണ്ടത് ഒരു മരപ്പൊത്ത്. ഉടനെ അവിടെ കേറിനിന്നു. കുറേ നേരമിരുന്നപ്പോള്‍, ദൂരെ നിന്ന് കണ്ട ഒരുമ്മ അടുത്തേക്ക് വിളിച്ച് നനഞ്ഞ ഷര്‍ട്ടും മുണ്ടും വാങ്ങി പകരം മുണ്ട് കൊടുത്തു. അലക്കി ഉണക്കി തിന്നാനും കുടിക്കാനും കൊടുത്തു. മഴ തോര്‍ന്ന ശേഷം യാത്രയാക്കി. ഈ പഠനകാലത്താണ് തുടരെത്തുടരെ പനിവന്ന് പിള്ളവാതം പിടിപ്പെട്ട് കിടപ്പിലായത്. ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ. ആവശ്യങ്ങള്‍ക്കെല്ലാം പരസഹായം വേണ്ടിവന്നു. കിടന്നിടത്തുനിന്നൊന്നെണീക്കാന്‍ കൈ കാലുകള്‍ കൊണ്ട് ഇഴഞ്ഞിട്ടാണെങ്കിലുമെന്ന് അല്ലാഹുവോട് കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചിരുന്നു! കരുണാമയനായ നാഥന്‍ അതുകേട്ടു. കൈകളിലും കാലുകളിലും ചെരുപ്പിട്ട് ഇഴഞ്ഞു നിരങ്ങി കുറച്ചുകാലം കഴിഞ്ഞു. പിന്നീട് കൈകളില്‍ നിന്ന് കാലുകളിലേക്ക് ഭാഗികമായെങ്കിലും നില്‍ക്കാനും രണ്ട് വടികളിലായി സഞ്ചരിക്കാനും സാധിച്ചു. അങ്ങനെയാണ് പണ്ട് മദ്‌റസയില്‍ എത്തിയിരുന്നത്. ഇന്നിപ്പോള്‍ വടി ഇല്ലാതെയും ഒന്നു നടന്നുനോക്കും.

വീട് നവീകരണത്തെ തുടര്‍ന്ന്, 29 വര്‍ഷത്തെ വിജ്ഞാന പ്രചാരണ സേവനത്തിനൊടുവില്‍ രണ്ടര വര്‍ഷം മുമ്പാണ് ഏകാധ്യാപക ഇസ്‌ലാമിക് നഴ്‌സറി പൂട്ടിയത്. നവീകരിച്ച് തുറക്കാനുള്ള പദ്ധതിയുണ്ട് അദ്ദേഹത്തിനും മകനും. വര്‍ഷം ശരാശരി 25 കുട്ടികള്‍ വരെയുണ്ടായിരുന്നു. ആ വീടിന്റെ പൂമുഖത്ത് നിന്ന് അറിവു പകര്‍ന്നു കൊടുത്ത നിര്‍വൃതിയില്‍ പഴയകാല ഓര്‍മകള്‍ അയവിറക്കും. ശാരീരിക വയ്യായ്മകളുണ്ട്. യശോദയും നീലാക്ഷിനിയും സുധയും ചന്തുവും അബുക്കയും ഫാത്വിമയുമെല്ലാം ചരടോ നൂലോ വെള്ളമോ ഒക്കെയായി മന്ത്രിച്ചു ഊതിത്തരാന്‍ പലപ്പോഴും സമീപിക്കാറുണ്ട്. മദ്‌റസകളിലും സ്‌കൂളുകളിലും ചേര്‍ക്കാനായി കൈക്കുഞ്ഞുങ്ങളെ പിടിച്ച് തന്റെ വാതില്‍പ്പടിക്കല്‍ ഇപ്പോഴും “അബ്ജദ്” കുറിക്കാന്‍ വരുന്നവരോട് പഴയകാലങ്ങളെല്ലാം ചിലപ്പോള്‍ പറഞ്ഞുവെന്നിരിക്കും.
.

Latest