Connect with us

Gulf

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങളുമായി മര്‍കസ് നോളജ് സിറ്റി

Published

|

Last Updated

ദുബൈ: സമൂഹത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായി യാഥാര്‍ത്ഥ്യമായ മര്‍കസ് നോളജ് സിറ്റി വിദ്യാഭ്യാസ രംഗത്ത് പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണെന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. കുറഞ്ഞകാലം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ കാല്‍വെപ്പുകളും കുതിപ്പുകളുമായി മുന്നേറ്റം നടത്തിയ മര്‍കസ് നോളജ് സിറ്റി പുതിയൊരു നേട്ടം കൈവരിച്ചതിന്റെ അഭിമാനത്തിലാണ്.

സ്വകാര്യ ലോ കോളജ് മേഖലയില്‍ വിദ്യാര്‍ഥികള്‍ ചേരാനാഗ്രഹിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനം നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളജ് ആണെന്നതാണ് പുതിയ നേട്ടമെന്ന് അസ്ഹരി വിശദീകരിച്ചു. ഒരുപാട് വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള, സ്വകാര്യമേഖലയിലെ നിരവധി സ്ഥാപനങ്ങളെ പിന്തള്ളിയാണ് മര്‍കസ് ലോ കോളജ് ഈ നേട്ടം കൈവരിച്ചതെന്നും ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സി (സി ഇ ഇ)ന്റെ കീഴില്‍, നിയമ ബിരുദത്തിന് പഠിക്കാന്‍ സ്വകാര്യ മേഖലയിലെ കോളജുകളെ അപേക്ഷകര്‍ തെരഞ്ഞെടുത്തതിലാണ് രണ്ടാമതായി മര്‍കസ് ലോ കോളജ് സ്ഥാനംപിടിച്ചത്. മര്‍കസ് മുമ്പോട്ടുവെക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അച്ചടക്കവും മറ്റുമാണ് വിദ്യാര്‍ഥികളെ മര്‍കസ് ലോ കോളജിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അസ്ഹരി വ്യക്തമാക്കി. ഈ വലിയ നേട്ടത്തിന് കാരണക്കാരായ ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ പി സി, വൈ. പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് മറ്റു സ്റ്റാഫ് അംഗങ്ങളെ അസ്ഹരി പ്രശംസിച്ചു.

മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍
എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം
കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് വിജയകരമായ നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന സമയം ഒരാഴ്ചക്കകം പൂര്‍ത്തിയാകും. നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ക്ക് എന്‍ ആര്‍ ഐ ക്വാട്ടയിലൂടെ മാത്രമേ യൂനാനി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ പ്രവേശനം നേടാന്‍ സാധിക്കുകയുള്ളൂ. അപേക്ഷകരുടെ പിതാവോ മാതാവോ സഹോദര സഹോദരിയോ ഭര്‍ത്താവോ പ്രവാസികളായവര്‍ക്കാണ് എന്‍ ആര്‍ ഐ ക്വാട്ടയിലൂടെയുള്ള പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കുക- ഡോ. അബ്ദുല്‍ ഹകീം അസ്ഹരി വ്യക്തമാക്കി. മേല്‍കാര്യം ബോധ്യപ്പെടുത്തുന്ന അറ്റസ്റ്റ് ചെയ്ത രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പിക്കണമെന്നും അസ്ഹരി ആവശ്യപ്പെട്ടു. വിവരങ്ങള്‍ക്ക്: 00919388909091 (ഒ കെ എം അബ്ദുര്‍റഹ്മാന്‍).