Connect with us

Kerala

ചാരക്കേസ്: കേരളത്തിലെ നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ പറഞ്ഞിട്ടില്ല-കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ചാരക്കേസില്‍ കേരളത്തിലെ നേതാക്കള്‍ ചതിച്ചുവെന്ന് കെ കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍. എന്നാല്‍ നരസിംഹ റാവു ചതിച്ചുവെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരന്റെ ജീവിതത്തിലുണ്ടായ കറുത്ത പാട് മരണശേഷമെങ്കിലും മാറിയതില്‍ സന്തോഷമുണ്ട്. ചാരക്കേസിനെത്തുടര്‍ന്ന് കേന്ദ്രത്തില്‍ ഒരു ക്യാബിനറ്റ് പദവി നല്‍കി കെ കരുണാകരനെ മാറ്റാനായിരുന്നു യുഡിഎഫ് തീരുമാനമെങ്കിലും രണ്ട് ഘടകകക്ഷികള്‍ ഇതിനെ അനുകൂലിച്ചില്ല. നരസിഹ റാവു വിചാരിച്ചിരുന്നുവെങ്കില്‍ കരുണാകരന് ഒരു അപചയവും സംഭവിക്കില്ലായിരുന്നു. 1995 ഫിബ്രവരിയില്‍ കരുണാകരന്‍ രാജിവെക്കേണ്ടെന്ന് നരസിംഹ റാവു നേരിട്ട് പറഞ്ഞുവെങ്കില്‍ മാര്‍ച്ചില്‍ അദ്ദേഹം തന്നെ രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മൂന്ന് മാസം പുറത്തുനിര്‍ത്തി അപമാനിച്ച ശേഷം കരുണാകരന് അപ്രധാന വകുപ്പ് നല്‍കുകയായിരുന്നു. ചാരക്കേസില്‍ ഇപ്പോള്‍ തെളിവുകളുടെ അഭാവമുണ്ട്. അന്വേഷണ കമ്മീഷന്റെ മുന്നോട്ട് പോക്ക് അത്ര സുഗമമാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കമ്മീഷന്‍ നോട്ടീസ് നല്‍കിയാല്‍ പോകും. എന്നാല്‍ തനിക്ക് കേസിനെക്കുറിച്ച് കൂടുതല്‍ അറിയില്ല. ഇപ്പോഴത്തെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാന്‍ ആഗ്രഹമില്ല. അതിനുള്ള ആരോഗ്യം പാര്‍ട്ടിക്കില്ല. പത്മജയോട് അച്ഛന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. നരസിംഹ റാവുവിനെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്. ആരൊക്കെ ചതിച്ചെന്ന് ഭാവനക്കനുസരിച്ച് ഓരോരുത്തര്‍ക്കും തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest