Connect with us

National

രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി നീക്കം; തിരുവനന്തപുരത്ത് മോഹന്‍ലാലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ അടക്കമുള്ള രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ അണിനിരത്താന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. 2019ലെ തിരഞ്ഞെടപ്പില്‍ കലാ സാംസ്‌കാരിക മേഖലകളിലുള്ളവരേയും കായിക രംഗത്തുള്ളവരേയും സ്ഥാനാര്‍ഥികളാക്കി വിജയം കൊയ്യാന്‍ തയ്യാറെടുക്കുകയാണ് ബിജെപിയെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന് പുറമെ അക്ഷയ്കൂമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് എന്നിവരെ സ്ഥാനാര്‍ഥികളാക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാകും മോഹന്‍ലാല്‍ ജനവിധി തേടുക. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാറും മുംബൈയില്‍ മാധുരി ദീക്ഷിതും ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോളുമാകും ബിജെപിക്ക് വേണ്ടി മത്സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ മത്സര രംഗത്തിറക്കാന്‍ തീരുമാനിച്ചത്. പ്രമുഖരെ അണിനിരത്തുന്നതിലൂടെ കേന്ദ്രസര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരത്തെ നേരിടാനാകുമെന്നാണ് ബിജെപി കരുതുന്നത്. അതേ സമയം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യ മോഹന്‍ലാല്‍ സ്ഥിരീകരിച്ചിരുന്നില്ല. മുമ്പും ഇത്തരം വാര്‍ത്തകളുണ്ടായിട്ടുണ്ടെന്നും താനിപ്പോള്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നുമാണ് മോഹന്‍ലാല്‍ ഇതിനോട് പ്രതികരിച്ചത്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.