Connect with us

Articles

വാര്‍ത്തയിലെ ചതി; രാഷ്ട്രീയത്തിലെയും

Published

|

Last Updated

രാഷ്ട്രീയ ഗൂഢാലോചന എല്ലാ അതിര്‍ത്തികളും ലംഘിക്കും എന്നത് സ്ഥാപിച്ചെടുത്ത ഒരു കേസാണ് ചാരക്കേസ്. കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ വെച്ച് നമ്പി നാരായണനെ കാണുമ്പോള്‍ ആ മുഖത്ത് ആത്മവിശ്വാസം ഉണ്ടായിരുന്നു. അധികാരി വര്‍ഗത്തോട് വിമര്‍ശനാത്മക നിലപാട് എടുക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം എന്നോട് പരിചയം കാണിച്ചത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ എല്ലാ കേസുകളിലും സത്യത്തിന്റെ വാതില്‍ തുറക്കാറില്ലെങ്കിലും ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നിന്ദിതനും പീഡിതനുമായ നമ്പി നാരായണന്റെ മനസ്സ് കാണാന്‍ ഉന്നത നീതിപീഠം ശ്രമിച്ചിരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത, ഇന്ത്യയുടെ അഭിമാന ശാസ്ത്രജ്ഞനായി മാറിയ ഒരു മനുഷ്യനെ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയത്തിന്റെ പേരില്‍ മാത്രം 50 ദിവസം കസ്റ്റഡിയില്‍വെച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് രാജ്യത്തെ ഒറ്റുകൊടുത്തവനായി ചിത്രീകരിച്ച് നശിപ്പിച്ചു. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു?
ആ ചോദ്യത്തിന്റെ ഉത്തരം അന്വേഷിച്ചു ചെല്ലുമ്പോഴാണ് അതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പ്രശ്‌നമാകുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ നരസിംഹ റാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരു ആലോചന കോണ്‍ഗ്രസില്‍ വരികയും പകരം പ്രധാനമന്ത്രിയാകാന്‍ നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ ഒന്ന് കെ കരുണാകരന്റേതാവുകയും ചെയ്തു. ഇതാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത ചാരക്കേസില്‍ വളര്‍ന്ന് സമ്പുഷ്ടമാകുന്നതിന് കാരണമായത്. അതിന്റെ ശരി, തെറ്റുകള്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.

1994 ഒക്‌ടോബറില്‍ മറിയം റശീദയും സുഹൃത്തായ ഫൗസിയ ഹസ്സനും അറസ്റ്റ് ചെയ്യപ്പെടുന്നത് പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും രാഷ്ട്രം വിട്ടില്ലെന്ന കാരണം പറഞ്ഞാണ്. അവരുടെ അറസ്റ്റിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടുകൂടി കേരളാ പോലീസ് നടത്തിയ അന്വേഷണം ഐ എസ് ആര്‍ ഒ ചാരക്കേസായി വികസിക്കുകയായിരുന്നു. അന്ന് പരന്ന വാര്‍ത്തകളിലൊന്ന് ഈ കേസില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് പ്രത്യേക താത്പര്യം ഉണ്ടെന്നായിരുന്നു. പ്രസ്തുത താത്പര്യത്തിന്റെ ഊര്‍ജം തന്റെ എതിരാളിയായി വരാന്‍ സാധ്യതയുള്ള കെ കരുണാകരനെ വെട്ടി നിരത്തുക എന്നതായിരുന്നു.

ബോധപൂര്‍വം കേന്ദ്ര സര്‍ക്കാറും അവരുടെ ഭരണ ഉപകരണമായ ഐ ബിയും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചനയായി ഈ കേസ് പരിണമിക്കുന്നത് കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ അധികാര വടംവലിയുടെ ഭാഗമായിട്ടായിരുന്നു. അതിന്റെ പ്രതിഫലനം കേരളത്തില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചു. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നടത്തിയ കരു നീക്കങ്ങള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാനും എ കെ ആന്റണിയെ മുഖ്യമന്ത്രിയായി വാഴിക്കാനും വഴിയൊരുക്കി. 24 വര്‍ഷത്തിന് ശേഷം ചാരക്കേസ് പുനര്‍ജനിക്കുമ്പോള്‍ അത് കോണ്‍ഗ്രസില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭൂകമ്പം എന്താവും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ചാരക്കേസില്‍ കെ കരുണാകരനെ ചതിക്കുകയായിരുന്നു എന്നാണ് മകള്‍ പത്മജ പറഞ്ഞത്. മാത്രമല്ല ചതിച്ചവരുടെ പേര് അന്വേഷണ സമിതിയുടെ മുന്നില്‍ വെളിപ്പെടുത്തുമെന്നും പത്മജ പറയുന്നു. ചതിച്ചവരുടെ പേര് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പത്മജ പുറത്തു പറയട്ടെ എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായത്.
ഈ പ്രതികരണങ്ങള്‍ എല്ലാം വ്യക്തമാക്കുന്നത് ഐ എസ് ആര്‍ ഒ ചാരക്കേസിനെ രാഷ്ട്രീയ അധികാരലബ്ധിക്ക് വേണ്ടി ആന്റണിയും “എ” ഗ്രൂപ്പും ഉപയോഗിച്ചെന്നാണ്. തര്‍ക്കം അവശേഷിക്കുന്നത് ചാരക്കേസ് ആന്റണിയും നരസിംഹറാവുവും കരുണാകര ശത്രുക്കളും മുന്‍കൂട്ടി നടത്തിയ ആസൂത്രണത്തിന്റെ ഫലമായിട്ടായിരുന്നോ അതോ വന്നു ചേര്‍ന്ന കേസിനെ ഉപയോഗിക്കുകയായിരുന്നോ എന്ന കാര്യത്തില്‍ മാത്രമാണ്. പല “എ” ഗ്രൂപ്പുകാരും പറയുന്നത് കൈയില്‍ കിട്ടിയ ആയുധം എന്ന നിലക്ക് ചാരക്കേസിനെ ഉപയോഗിച്ചു എന്നതിനപ്പുറം അതില്‍ രാഷ്ട്രീയ ഗൂഢാലോചന ഒന്നുമില്ലെന്നാണ്.

രാജ്യം ഗൗരവത്തില്‍ എടുക്കേണ്ടത് ഇന്ത്യക്കെതിരെ അമേരിക്ക നടത്തിയ കരുനീക്കമാണ് ചാരക്കേസിന്റെ പിന്നിലെന്ന നമ്പി നാരായണന്റെ ആരോപണത്തെയാണ്. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുന്നത് തടയാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഫലമായിരുന്നു ചാരക്കേസ്. റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കിട്ടുന്നത് തടയാന്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ഇതിന്റെ പിന്നിലുണ്ടായിരുന്നു എന്നതാണ് നമ്പി നാരായണന്റെ ആരോപണം. ആ ആരോപണത്തെക്കുറിച്ച് അന്വേഷണം നടന്നെങ്കിലും സത്യം ഇനിയും അകലെ തന്നെയാണ്.
വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണ്. ചാരക്കേസ് പുറത്തുകൊണ്ടുവരുന്നത് രണ്ട് സംവിധാനങ്ങളുടെ വികൃതമായ മുഖമാണ്. ഒന്ന് മാധ്യമ വ്യവസ്ഥയുടേത്. രണ്ട് രാഷ്ട്രീയത്തിന്റേത്. മാധ്യമങ്ങള്‍ എന്തും ആഘോഷമാക്കി മാറ്റുന്നു. വസ്തുതകളുടെ സത്യം തിരയുന്നതിന് പകരം അവ സൃഷ്ടിച്ചെടുത്ത വാര്‍ത്തകള്‍ക്ക് പിറകേ പോകുന്നു. സെന്‍സേഷനലിസം മാധ്യമ ലോകത്തിന്റെ വിശ്വാസ്യതയില്‍ വല്ലാത്ത പരുക്കേല്‍പ്പിച്ചിരിക്കുന്നു. പ്രശസ്തരുടെ വഴിതെറ്റിയ വാര്‍ത്തകളുടെ വിപണി മൂല്യത്തെ ഊറ്റിയെടുക്കാനുള്ള മാധ്യമങ്ങളുടെ ആര്‍ത്തിയാണ് ചാരക്കേസിനെ ആളിക്കത്തിച്ചത്. ചാരക്കേസില്‍ മാത്രമല്ല മറ്റനവധി വിഷയങ്ങളിലും മാധ്യമങ്ങള്‍ തുടരുന്നത് വില്‍പ്പനയുടെ വികൃതമായ അഴുകിയ വഴികളെ താലോലിക്കലാണ്. ചാരക്കേസിന്റെ പുതിയ വഴിത്തിരിവില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും സംവിധാനങ്ങളും നഗ്നരായി നില്‍ക്കുന്നത് നാം കാണുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയം എത്രമാത്രം അധികാര കേന്ദ്രീകൃതമാണ് എന്ന വസ്തുതയാണ് രണ്ടാമത്തേത്. പ്രത്യയശാസ്ത്ര സമീപനം സമ്പൂര്‍ണമായും നഷ്ടപ്പെട്ട കോണ്‍ഗ്രസ് അതിജീവിച്ച് പോരുന്നത് അധികാരത്തിന്റെ തണലിലാണ്. ആ അധികാരം പിടിക്കുന്നതിന് വേണ്ട എന്ത് വൃത്തികേടിനും അതിന്റെ നേതൃത്വം തയ്യാറാകും. നരസിംഹ റാവുവും ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും അതിന്റെ തടവിലാണ്. കോണ്‍ഗ്രസിന്റെ ആദര്‍ശം അധികാരം സ്വന്തമാക്കാനുള്ള ആവേശം മാത്രമാണെന്ന് ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ വ്യാഖ്യാനിക്കുന്നു.