Connect with us

Editorial

സഊദിയുടെ തൊഴില്‍ കവാടം അടയുന്നു

Published

|

Last Updated

വിദേശികള്‍ക്കായി സഊദി അറേബ്യ തുറന്നിട്ടിരുന്ന തൊഴില്‍ മേഖലയിലെ കവാടങ്ങള്‍ ഒന്നൊന്നായി കൊട്ടിയടക്കപ്പെടുകയാണ്. തുണിത്തരങ്ങള്‍, സ്‌പോര്‍ട്‌സ് വെയര്‍, യൂനിഫോമുകള്‍, റെഡിമെയ്ഡ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പാദരക്ഷകള്‍, തുകല്‍ വസ്ത്രങ്ങള്‍ തുടങ്ങി 12 മേഖലകളില്‍ ചൊവ്വാഴ്ച മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുകയുണ്ടായി. ഈയിനം കച്ചവട സ്ഥാപനങ്ങളിലെല്ലാം വിദേശികളാണ് ബഹുഭൂരിഭാഗവും ജോലി ചെയ്യുന്നത്. കടയില്‍ ഒരു ജീവനക്കാരനേ ഉള്ളൂവെങ്കില്‍ അത് സഊദി പൗരനായിരിക്കണമെന്നാണ് ഉത്തരവ്. രണ്ട് പേരുണ്ടെങ്കില്‍ അതിലൊരാളും നാല് പേരുണ്ടെങ്കില്‍ രണ്ട് പേരും പത്ത് പേരുണ്ടെങ്കില്‍ ഏഴ് പേരും സ്വദേശിയായിരിക്കണം. നിയമം ലംഘിച്ചാല്‍ 20,000 മുതല്‍ 25,000 റിയാല്‍ വരെ പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടി വരും. നൂറ് ശതമാനം സ്വദേശിവത്കരണമാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് നേരിയ ഇളവ് വരുത്തി 70 ശതമാനമാക്കുകയായിരുന്നു.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടമാണിത്. രണ്ടാംഘട്ടം നവംബര്‍ ഒമ്പത് മുതലും മൂന്നാംഘട്ടം ജനുവരി ഒന്ന് മുതലും നടപ്പാക്കും. വാച്ച്, കണ്ണട, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പെറ്റ് എന്നിവയിലാണ് അടുത്ത ഘട്ടങ്ങളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. വ്യവസായം, ആരോഗ്യം, ടൂറിസം, ഗതാഗതം, എന്‍ജിനീയറിംഗ്, നിയമം തുടങ്ങി 11 വിദഗ്ധ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു ഓരോ മേഖലയിലെയും അധികാരികളുമായി ചര്‍ച്ച നടത്തിവരികയാണ് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ സ്വദേശിവത്കരണ സമിതി. രാജ്യത്തെ തൊഴില്‍രാഹിത്യത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. അഞ്ച് ലക്ഷം സഊദി പൗരന്‍മാര്‍ക്ക് തൊഴിലവസരമാണ് ഇപ്പോള്‍ 12 വ്യാപാര മേഖലകളിലെ സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കടകളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള സഊദി ജീവനക്കാരുടെ എണ്ണം കണ്ടില്ലെങ്കില്‍ നിയമ ലംഘനത്തിനു നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ പല സഊദി നഗരങ്ങളിലും ചൊവ്വാഴ്ച മുതല്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. അതേസമയം അടച്ചിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ട കടകളുടെ പട്ടിക തയ്യാറാക്കി വരികയാണ് സര്‍ക്കാര്‍. ഇതോടെ കട ഉടമകളും നടത്തിപ്പുകാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന ആരംഭിച്ചു കഴിഞ്ഞു. തൊഴില്‍, വാണിജ്യം, നഗരവികസനം, ആഭ്യന്തരം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
ദശാബ്ദങ്ങളായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്രയം നല്‍കിയ സഊദി തൊഴില്‍ മേഖല ഇപ്പോള്‍ അവര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഓരോരോ മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നത് മൂലം നിരവധി ഇന്ത്യക്കാരാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ സഊദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചത് രാജ്യത്ത് ജോലി ചെയ്യുന്ന വിദേശി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായിരുന്നു. സ്ത്രീകളാണ് പ്രധാനമായും വണ്ടിയോടിക്കുന്നതിനും പുറത്തുപോകുന്നതിനുമായി വീട്ടു ഡ്രൈവര്‍മാരെ ആശ്രയിച്ചിരുന്നത്. സഊദി വനിതകള്‍ക്ക് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരുന്നില്ല. അത് അനുവദിച്ചതോടെ വീട്ടുഡ്രൈവര്‍മാരുടെ ജോലികള്‍ നഷ്ടമാവുകയാണ്. സഊദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് 15. 5 ലക്ഷം വീട്ടു ഡ്രൈവര്‍മാരുണ്ട്. ഇതില്‍ ഗണ്യമായൊരു വിഭാഗം ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണ്. സഊദി തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം നടത്തിയ പഠനമനുസരിച്ചു രാജ്യത്തെ സ്വകാര്യമേഖലയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം 20 ശതമാനം വരും. തൊട്ടുപിന്നില്‍ 17 ശതമാനവുമായി പാക്കിസ്ഥാനികളാണ്. ആശ്രിത ലെവി നടപ്പാക്കിയതും വിദേശികള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് തൊഴില്‍ മേഖലയിലെ വിദേശ വനിതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായി ജിദ്ദ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സഊദിക്ക് പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ഊര്‍ജിതമായിക്കൊണ്ടിരിക്കയാണ്. ഇത് സംസ്ഥാനത്തേക്കുള്ള പ്രവാസികളുടെ പണത്തിന്റെ വരവ് ഗണ്യമായി കുറയാനും സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ കനത്ത പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ഒരു ബാധ്യതയും സൃഷ്ടിക്കാത്ത തിരിച്ചടവില്ലാത്ത വിദേശ നാണയ സ്രോതസ്സാണ് പ്രവാസി പണമെന്നതിനാല്‍ വിദേശ നാണയത്തേക്കാള്‍ നാടിന്റെ വികസനത്തിന് കൂടുതല്‍ സഹായകമാകുന്നത് പ്രവാസികളുടെ നിക്ഷേപമാണ്. അത് നിലക്കുന്നത് വികസനത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കും. 1960-കളുടെ തുടക്കത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നിലായിരുന്ന കേരളത്തിന്റെ സമ്പദ്ഘടന ഇന്ന് മിക്ക സൂചകങ്ങളിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ മുന്നിലായതിന്റെ മുഖ്യകാരണം പ്രവാസികളുടെ സമ്പാദ്യമാണ്. 2015ലെ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ തോമസ് ഐസക് അവതരിപ്പിച്ച റിപ്പോര്‍ട്ടനുസരിച്ചു ആഭ്യന്തര ഉത്പാദനത്തിന്റെ 36 ശതമാനത്തിന് തുല്യമായിരുന്നു പ്രവാസികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന പണം. ഇത് പ്രവാസികളുടെ കൂടി നന്മയും ഗുണവും ലാക്കാക്കിയും മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനായും വിനിയോഗിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാറിമാറി വന്ന സര്‍ക്കാറുകള്‍ വരുത്തിയത്. രോഗബാധിതരായി വെറുംകൈയോടെയാണ് പ്രവാസികളില്‍ പലരും നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഇവരുടെ ആരോഗ്യ സംരക്ഷണത്തിനും വരുമാന മാര്‍ഗത്തിനുമായി കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മുമ്പാകെയുള്ള പ്രവാസി ക്ഷേമ ബോര്‍ഡ് പോലെയുള്ള പദ്ധതികള്‍ ഈ വര്‍ഷത്തെ പ്രളയം വരുത്തി വെച്ച വന്‍ സാമ്പത്തിക ബാധ്യതക്ക് മുമ്പില്‍ നിശ്ചലമായി പോകരുത്.

Latest