Connect with us

Ongoing News

ഇന്ത്യ വീണു; സാഫ് കപ്പില്‍ മുത്തമിട്ട് മാലദ്വീപ്

Published

|

Last Updated

ധാക്ക: സാഫ് കപ്പില്‍ എട്ടാം കിരീടമെന്ന ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു. കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ വീഴ്ത്തി മാലദ്വീപ് സാഫ് കപ്പില്‍ മുത്തമിട്ടു. 19ാം മിനുട്ടില്‍ ഇബ്‌റാഹിം എം ഹുസൈന്‍, 66ാം മിനുട്ടില്‍ അലി ഫാസിര്‍ എന്നിവരാണ് മാലദ്വീപിനായി ഗോളുകള്‍ നേടിയത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ സുമീത് പസ്സി ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടി.

 

ടൂര്‍ണമെന്റില്‍ അപരാജിതക്കുതിപ്പ് നടത്തിയ ഇന്ത്യക്കെതിരെ മാലദ്വീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണത്തിലും അവര്‍ കരുത്തുകാട്ടി. ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ മറുപടി കൂടിയായി ഫൈനലില്‍ അവരുടെ ജയം.

കഴിഞ്ഞ മൂന്ന് എഡിഷനിലും സെമിഫൈനലില്‍ പുറത്തായ ടീമാണ് മാലദ്വീപ്. ഇന്ത്യയാകട്ടെ, 2003 ല്‍ ഒഴികെ കഴിഞ്ഞ പതിനൊന്ന് എഡിഷനുകളിലും ഫൈനല്‍ കളിച്ചു. ധാക്കയിലെ ബംഗബന്ധു സ്‌റ്റേഡിയം സാഫ് കപ്പ് ഫൈനലിന് അവസാനമായി സാക്ഷ്യം വഹിച്ചത് 2009 ലാണ്. അന്ന് ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും മാലദ്വീപുമായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ ഫൈനലില്‍ ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായി.