Connect with us

Sports

സാഫ് കപ്പ്; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

Published

|

Last Updated

ധാക്ക: അപരാജിത കുതിപ്പ്, ഏഴ് തവണ ചാമ്പ്യന്‍മാര്‍..സാഫ് കപ്പ് കിരീടപ്പോരിന് ഇന്ന് മാലദ്വീപിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ ഹോട് ഫേവറിറ്റുകളാണ്.
ആദ്യമത്സരത്തില്‍ ശ്രീലങ്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്, രണ്ടാം മത്സരത്തില്‍ ഫൈനലിസ്റ്റുകളായ മാലദ്വീപിനെയും ഇതേ മാര്‍ജിനില്‍ തകര്‍ത്ത് സെമിഫൈനലില്‍. പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ഫൈനലില്‍. ഏഴ് ഗോളുകളാണ് അടിച്ച് കൂട്ടിയത്. വഴങ്ങിയത് ഒരു ഗോളും.

പന്ത്രണ്ട് എഡിഷനുകളില്‍ എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് എഡിഷനിലും സെമിഫൈനലില്‍ പുറത്തായ ടീമാണ് മാലദ്വീപ്. ഇന്ത്യയാകട്ടെ, 2003 ല്‍ ഒഴികെ കഴിഞ്ഞ പതിനൊന്ന് എഡിഷനുകളിലും ഫൈനല്‍ കളിച്ചു. ബംഗബന്ധു സ്റ്റേഡിയം സാഫ് കപ്പ് ഫൈനലിന് അവസാനമായി സാക്ഷ്യം വഹിച്ചത് 2009 ലാണ്. അന്ന് ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും മാലദ്വീപുമായിരുന്നു എന്നത് യാദൃച്ഛികം. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ ഫൈനലില്‍ ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായി.
ഇന്ന് കലാശപ്പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടു പോകുവാന്‍ ഇന്ത്യയുടെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആഗ്രഹിക്കുന്നില്ല. സെമിഫൈനലില്‍ നേപ്പാളിനെ തകര്‍ത്തു വിട്ട മാലദ്വീപ് ഗ്രൂപ്പ് റൗണ്ടിലെ ടീമല്ല. അവര്‍ പുരോഗമിച്ചിരിക്കുന്നു. തുടക്കത്തില്‍ തന്നെ ലീഡ് നേടുക എന്നത് പ്രധാനമാണ്. മാലദ്വീപിന്റെ മൂന്ന് പ്രധാന താരങ്ങള്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ കളിച്ചിട്ടില്ലെന്നത് ഓര്‍ക്കേണ്ടതുണ്ടെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

തുടരെ രണ്ടാം മത്സരത്തിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മന്‍വീര്‍ സിംഗും പാക്കിസ്ഥാനെതിരെ രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ മലയാളി താരം ആഷിഖ് കുരുനിയനും ഇന്ത്യയുടെ കുന്തമുനകളാണ്.
മൂന്ന് ഗോളുകള്‍ നേടിയ ഇരുപത്തിമൂന്നുകാരന്‍ മന്‍വീര്‍ സിംഗ് ടൂര്‍ണമെന്റ് ടോപ് സ്‌കോററാണ്.
മാലദ്വീപ് ഹെഡ് കോച്ച് പീറ്റര്‍ സെര്‍ട് വിജയപ്രതീക്ഷയിലാണ്. ഫൈനല്‍ വരെയെത്തിയത് വലിയ നേട്ടമാണ്. കളിക്കാരും സ്റ്റാഫുകളും ആത്മവിശ്വാസം സംഭരിച്ചിരിക്കുന്നു. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നു. പക്ഷേ ഇത് ഞങ്ങളുടെ അവസരമാണ്. ചാമ്പ്യന്‍മാരാകാനാണ് ഫൈനലിന് ഇറങ്ങുന്നത് – മാലദ്വീപ് കോച്ച് പറയുന്നു.
ഗ്രൂപ്പ് റൗണ്ടുകളില്‍ തപ്പിത്തടഞ്ഞിട്ടുണ്ട്. പക്ഷേ, ഞങ്ങളിപ്പോള്‍ ഫൈനല്‍ കളിക്കാന്‍ പോകുന്നു. ഇതാണ് അവസരം. ഒമ്പത് വര്‍ഷമായി ഫൈനല്‍ കളിച്ചിട്ടില്ല. ഇത്തവണ, ആ പോരായ്മകളെല്ലാം പരിഹരിക്കും- മാലദ്വീപ് ക്യാപ്റ്റന്‍ അക്രം അബ്ദുല്‍ പറഞ്ഞു.

Latest