Connect with us

Gulf

തൊഴില്‍ വിസയില്ലെങ്കില്‍ ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ്

Published

|

Last Updated

അബുദാബി: വിദേശികള്‍ തൊഴില്‍വിസയില്ലാതെ ജോലി ചെയ്യരുതെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ വിദേശങ്ങളില്‍നിന്നു തൊഴിലാളികളെ കൊണ്ടുവന്ന് ചില സ്ഥാപനങ്ങള്‍ ജോലി ചെയ്യിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍മാണമേഖലയിലെ സ്ഥാപനങ്ങള്‍ ഹ്രസ്വകാല വിസയില്‍ എന്‍ജിനീയര്‍മാരെ കൊണ്ടുവരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മന്ത്രാലയത്തില്‍നിന്നു തൊഴില്‍ പെര്‍മിറ്റില്ലാതെയും പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാനുള്ള വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെയുമാണ് ഇവരെ ജോലിക്കെടുക്കുന്നത്.

കമ്പനികളുടെ നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഈ തൊഴിലാളികളെ സ്വദേശത്തേക്കു തിരിച്ചയക്കുകയാണു പതിവ്. പുതുതായി പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങിയ യുവ എന്‍ജിനീയര്‍മാരെ ഇത്തരത്തില്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു. വിസ, വിമാന ടിക്കറ്റ്, താമസച്ചെലവ് തുടങ്ങിയവ സ്വയം വഹിക്കണമെന്ന കമ്പനികളുടെ നിബന്ധന അംഗീകരിച്ചാണ് പലരുമെത്തുന്നത്. കരാര്‍ക്കമ്പനികള്‍ക്കു കുറഞ്ഞ ചെലവില്‍ നിയമനവും നടത്താനാവും. തൊഴില്‍ കരാര്‍ രൂപപ്പെടുത്തി തൊഴില്‍നിയമങ്ങള്‍ പാലിച്ചു ജോലി ചെയ്യുന്നവര്‍ക്ക് അനധികൃത തൊഴിലാളികളുടെ കടന്നുകയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ചില കമ്പനികള്‍ അക്കൗണ്ട് ഓഡിറ്റര്‍മാരെയും ഇങ്ങനെ കൊണ്ടുവരുന്നുണ്ട്.

സന്ദര്‍ശക, വിനോദ, ആശ്രിത വിസയില്‍ രാജ്യത്തേക്കു വരുന്നവര്‍ ജോലിചെയ്യുന്നതു നിയമലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയത്തില്‍നിന്നു തൊഴില്‍ പെര്‍മിറ്റ് നേടുകയാണ് ജോലി ചെയ്യാനുള്ള ആദ്യപടി. തൊഴില്‍ കരാര്‍, ലേബര്‍ കാര്‍ഡ്, യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ്, വൈദ്യപരിശോധന, പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുക തുടങ്ങിയ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കണം. ഔദ്യോഗിക തൊഴില്‍രേഖകള്‍ ഇല്ലാതെ നിയമനം നല്‍കിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്‍ജിനീയര്‍മാര്‍ക്കു നിയമനം നല്‍കുന്നതിനു മുമ്പ് കമ്പനികള്‍ നഗരസഭയില്‍ നിന്ന് സാക്ഷ്യപത്രം നേടണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. എന്‍ജിനീയറിങ് കണ്‍സല്‍റ്റിങ്, കരാര്‍ മേഖലകളിലുള്ള കമ്പനികള്‍ എന്‍ജിനീയര്‍മാരുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി സമര്‍പിക്കണം. നഗരസഭയില്‍നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാതെ ജോലിചെയ്യിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് റാസല്‍ഖൈമ നഗരസഭാ മേധാവി മുന്‍ദിര്‍ ബിന്‍ ശകര്‍ അല്‍ സാബി പറഞ്ഞു.